അനധികൃത നിക്ഷേപ പദ്ധതികളിലൂടെ പണം നഷ്ടമാകുന്ന തട്ടിപ്പുകൾക്കെതിരെ നടപടികൾ ശക്തമാക്കുന്നു. നിരവധി നിക്ഷേപ തട്ടിപ്പുകൾ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെടുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. കേരളത്തിൽ 2000 കോടിയിലധികം രൂപയുടെ നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് 50 സ്ഥാപനങ്ങൾക്കെതിരെ ബഡ്സ് കോംപിറ്റന്റ് അതോറിറ്റിക്ക് പരാതി ലഭിച്ചു.ഇതിൽ തട്ടിപ്പ് 27 സ്ഥാപനങ്ങളുടെയും സ്ഥാപന ഉടമകളുടെയും സ്വത്തുക്കൾ കണ്ടുകെട്ടാൻ ഉത്തരവ് നൽകി. പരാതിയിൻ മേൽ പൊലീസ് അന്വേഷണ റിപ്പോർട്ട് ലഭിക്കുന്നമുറയ്ക്ക് മറ്റ് സ്ഥാപനങ്ങൾക്കെതിരെയും കർശന നടപടി സ്വീകരിക്കുമെന്ന് അതോറിറ്റി അറിയിച്ചു.
പോപ്പുലർ ഫിനാൻസ്, യൂണിവേഴ്സൽ ട്രേഡിംഗ് സൊലൂഷൻസ്, ആർ വൺ ഇൻഫോ ട്രേഡ് ലിമിറ്റഡ് എന്നീ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട കേസുകളുടെ അന്വേഷണം സിബിഐക്ക് കൈമാറി. ഒന്നിലധികം സംസ്ഥാനങ്ങളുമായോ കേന്ദ്രഭരണ പ്രദേശങ്ങളുമായോ ബന്ധപ്പെട്ട് ലഭിച്ച പരാതികളിൽ കേസുകളിൽ അന്വേഷണം സിബിഐക്ക് കൈമാറാൻ വ്യവസ്ഥയുള്ളതിൻ്റെ അടിസ്ഥാനത്തിലാണിതെന്നും അതോറിറ്റി വ്യക്തമാക്കി.ബഡ്സ് നിയമപ്രകാരം രജിസ്റ്റർ ചെയ്യുന്ന കേസന്വേഷണങ്ങളുടെ മേൽനോട്ടത്തിന് പൊലീസിൽ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം ഐജിയെ നോഡൽ ഓഫീസറായി നിയമിച്ചിട്ടുണ്ട്.
അമിത പലിശ വാഗ്ദാനം ചെയ്ത് നിക്ഷേപം സ്വീകരിക്കുന്നത് 2019ലെ ബഡ്സ് ആക്ട് പ്രകാരം കുറ്റകരമാണ്. പൊതുജനങ്ങൾക്കു കോംപിറ്റന്റ് അതോറിറ്റിയുടെ ca.budsact@kerala.gov.in എന്ന ഇ-മെയിൽ മുഖേനയും സഞ്ജയ് എം കൗൾ, കോംപിറ്റന്റ് അതോറിറ്റി, ബഡ്സ് ആക്ട്, റൂം നമ്പർ 374, മെയിൻ ബ്ലോക്ക്, ഗവ. സെക്രട്ടേറിയറ്റ് എന്ന വിലാസത്തിലും നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട പരാതികൾ സമർപ്പിക്കാം. തട്ടിപ്പിന് ഇരയായവർക്കു നൽകുന്ന പരാതിയുടെ അടിസ്ഥാനത്തിൽ നടത്തുന്ന പൊലീസ് അന്വേഷണത്തിൽ കുറ്റകൃത്യം ബോധ്യപ്പെട്ടാൽ സ്ഥാപനത്തിന്റെയും ഉടമകളുടെയും സ്വത്തുവകകൾ കണ്ടുകെട്ടും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here