മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും അനര്‍ഹര്‍ പണം കൈപ്പറ്റിയതായി വിജിലന്‍സ് കണ്ടെത്തൽ

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വിനിയോഗിക്കുന്നതില്‍ ജില്ലാ തലങ്ങളില്‍ ക്രമക്കേട് നടക്കുന്നുണ്ടെന്ന് സര്‍ക്കാരിന് നിരവധി പരാതി ലഭിച്ചിരുന്നു. പരാതികളുടെ അടിസ്ഥാനത്തില്‍ ഇക്കാര്യം അന്വേഷിക്കാന്‍ സര്‍ക്കാര്‍ വിജിലന്‍സിന് നിര്‍ദ്ദേശം നല്‍കുകയായിരുന്നു. തുടര്‍ന്ന് കളക്ടറേറ്റുകളില്‍ നടത്തിയ മിന്നല്‍ പരിശോധനയിലാണ് പരാതികളില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയത്. വകുപ്പ് കൈകാര്യം ചെയ്യുന്ന ഉദ്ദ്യോഗസ്ഥരില്‍ വ്യക്തിപരമായ സ്വാധീനം ചെലുത്തിയാണ് തട്ടിപ്പെന്ന് വിജിലന്‍സിന് വ്യക്തമായി.

സംസ്ഥാനത്തെ 14 ജില്ലാ കളക്ടറേറ്റുകളിലും വിജിലന്‍സ് മിന്നല്‍ പരിശോധന നടത്തി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി കൈകാര്യം ചെയ്യുന്ന വിഭാഗത്തിലാണ് റെയ്ഡ് നടന്നത്. ‘ഓപ്പറേഷന്‍ CMDRF’ എന്ന പേരിട്ട വിജിലന്‍സ് പരിശോധനയില്‍ വ്യാപകമായ ക്രമക്കേടുകളാണ് കണ്ടെത്തിയത്. പണം വാങ്ങി നല്‍കാന്‍ ഏജന്റുമാര്‍ പ്രവര്‍ത്തിക്കുന്നതായും, ഇവര്‍ സമര്‍പ്പിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമാണെന്നും തെളിഞ്ഞു.

എറണാകുളം ജില്ലയിലെ സമ്പന്നനായ വിദേശ മലയാളിക്ക് ചികിത്സയ്ക്കായി മൂന്ന് ലക്ഷം രൂപയും മറ്റൊരു വിദേശ മലയാളിയ്ക്ക് നാല്‍പ്പത്തിഅയ്യായിരം രൂപയും നല്‍കിയതായി കണ്ടെത്തി. മലപ്പുറം ജില്ലയിലെ നിലമ്പൂരില്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റില്‍ ചികിത്സയ്ക്കായി ചിലവായ തുക രേഖപ്പെടുത്താത്ത അപേക്ഷകളിലും ഫണ്ട് അനുവദിച്ചു.

കാസര്‍ക്കോട് ജില്ലയില്‍ രണ്ട് അപേക്ഷയോടൊപ്പം സമര്‍പ്പിച്ച മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഒരേ കൈയ്യക്ഷരത്തിലുള്ളതാണെന്നും, എന്നാല്‍ ഒപ്പ് രണ്ട് ഡോക്ടര്‍മാരുടേതാണെന്നും വ്യക്തമായി. തിരുവനന്തപുരം അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തില്‍ കരള്‍ സംബന്ധമായ രോഗത്തിന് ചികിത്സ നടത്തിയ രോഗിയ്ക്ക് ഹൃദയസംബന്ധമായ രോഗമാണെന്നുള്ള സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ തുക നല്‍കിയതായി കണ്ടെത്തി.

കൊല്ലത്ത് 20 അപേക്ഷകളില്‍ 13 എണ്ണവും ഒരേ ഡോക്ടര്‍ സാക്ഷ്യപ്പെടുത്തിയതായിരുന്നു. പുനലൂര്‍ താലൂക്കില്‍ ഒരു ഡോക്ടര്‍ നല്‍കിയത് 1500 മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍. മുണ്ടക്കയം സ്വദേശിക്ക് കോട്ടയം കളക്ടേറ്റ് മുഖേന 15000 രൂപയും ഇടുക്കി കളക്ടറേറ്റ് മുഖേന 10000 രൂപയും നല്‍കിയിട്ടുണ്ട്. വിശദമായ പരിശോധന തുടരുമെന്ന് വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാം അറിയിച്ചു. സംസ്ഥാന സര്‍ക്കാരില്‍ നിന്ന് കിട്ടിയ പരാതിയെ തുടര്‍ന്നാണ് അന്വേഷണമെന്നും വിജിലന്‍സ് ഡയറക്ടര്‍ വ്യക്തമാക്കി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News