വിമാനത്താവളത്തിലെ നാടകീയ കാഴ്ചകള്‍ക്കൊടുവില്‍ കോണ്‍ഗ്രസ് വക്താവ് പവന്‍ഖേരയെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്തു. അസം പൊലീസിന്റെ ആവശ്യപ്രകാരമാണ് അറസ്റ്റെന്ന് ദില്ലി പൊലീസ് വ്യക്തമാക്കി. നരേന്ദ്രമോദിയെ നരേന്ദ്ര ഗൗതംദാസ് മോദി എന്നാണ് വിളിക്കേണ്ടത് എന്ന പവന്‍ഖേരയുടെ പ്രസ്താവനയ്‌ക്കെതിരെയാണ് അസം പൊലീസ് കേസെടുത്തത്. രാവിലെ പവന്‍ഖേരയെ വിമാനത്തില്‍ നിന്ന് ഇറക്കിവിട്ടിരുന്നു. പൊലീസ് കേസുള്ളതിനാല്‍ വിമാനത്തില്‍ യാത്ര ചെയ്യാന്‍ അനുവദിക്കില്ലെന്ന് ഇന്‍ഡിഗോ വിമാന കമ്പനി വ്യക്തമാക്കുകയായിരുന്നു. ഇതില്‍ പ്രതിഷേധിച്ച് കെസി.വേണുഗോപാൽ ഉള്‍പ്പെടെയുള്ള നേതാക്കള്‍ വിമാനത്തിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നു. വിമാനം തടഞ്ഞ് നടത്തിയ കോണ്‍ഗ്രസ് പ്രതിഷേധം ഒരു മണിക്കൂറോളം തുടര്‍ന്നു. നാടകീയ കാഴ്ചകളായിരുന്നു ഇതോടെ വിമാന താവളത്തില്‍ അരങ്ങേറിയത്. പിന്നീട് പൊലീസെത്തി പവന്‍ഖേരയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
അറസ്റ്റിനെതിരെ വിമാനത്താവളത്തില്‍ കോണ്‍ഗ്രസ് പ്രതിഷേധം ശക്തമാക്കി. കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തില്‍ പങ്കെടുക്കാന്‍ റായ്പൂരിലേക്ക് പോകുന്നതിനിടെയാണ് പവന്‍ഖേരയെ വിമാനത്തില്‍ നിന്ന് ഇറക്കിവിട്ടതും അറസ്റ്റ് ഉണ്ടായിരിക്കുന്നതും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here