രാജ്യത്തെ ആദ്യ ഭിന്നശേഷി കലോത്സവം തിരുവനന്തപുരത്ത്

രാജ്യത്തെ ആദ്യത്തെ ഭിന്നശേഷി കലോത്സവം തിരുവനന്തപുരത്ത് നടക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു അറിയിച്ചു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി 1,000ലേറെ ഭിന്നശേഷിക്കുട്ടികളും അവരുടെ രക്ഷിതാക്കളും കലോത്സവത്തില്‍ പങ്കെടുക്കും. ഫെബ്രുവരി 25,26 തീയതികളില്‍ നടക്കുന്ന കലോത്സവം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുമെന്ന് മന്ത്രി അറിയിച്ചു.

കഴക്കൂട്ടം കിന്‍ഫ്ര ഫിലിം ആന്‍ഡ് വീഡിയോ പാര്‍ക്ക് കാമ്പസിലെ ഡിഫറന്റ് ആര്‍ട്ട് സെന്ററില്‍ ഫെബ്രുവരി 25ന് രാവിലെയാണ് ഉദ്ഘാടന ചടങ്ങ്. ചടങ്ങില്‍ ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആര്‍ ബിന്ദു അധ്യക്ഷയാകും. ഡിഫറന്റ് ആര്‍ട്ട് സെന്റര്‍, മാജിക് പ്ലാനറ്റ് എന്നിവയിലായി പതിനഞ്ചോളം വേദികളിലായാണ് പരിപാടി നടക്കുക.

കേന്ദ്ര-സംസ്ഥാന സാമൂഹ്യനീതി വകുപ്പുകളും ഡിഫറന്റ് ആര്‍ട് സെന്ററും ചേര്‍ന്നൊരുക്കുന്ന ഭിന്നശേഷി കലോത്സവത്തിന് കേരളം ആദ്യ വേദിയാകുന്നത് കേരളത്തിലെ ഭിന്നശേഷിസമൂഹത്തിനും അവര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ക്കും ലഭിക്കുന്ന വലിയൊരു അംഗീകാരമാണ്.

അപാരമായ കഴിവുകള്‍ ഉള്ളിലുള്ളപ്പോഴും സമൂഹത്തില്‍ പൊതുവില്‍ ശ്രദ്ധിക്കപ്പെടാതെ പോകുന്നവരാണ് ഭിന്നശേഷി സമൂഹം. സര്‍ഗ്ഗാവിഷ്‌കാരങ്ങള്‍ക്ക് പൊതുവേദിയൊരുക്കി ഭിന്നശേഷി സമൂഹത്തെ മുഖ്യധാരയിലേയ്ക്ക് ഉയര്‍ത്താനും അവര്‍ക്ക് തുല്യനീതി ഉറപ്പാക്കാനുമാണ് കലോത്സവം സംഘടിപ്പിക്കുന്നതെന്നും മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News