പൊലീസില്‍ സമത്വപൂര്‍ണമായ തൊഴിലിടം ഒരുക്കും: മന്ത്രി കെ എന്‍ ബാലഗോപാല്‍

പൊലീസില്‍ സമത്വപൂര്‍ണമായ തൊഴിലിടം ഒരുക്കുമെന്ന് മന്ത്രി കെ എന്‍ ബാലഗോപാല്‍. സുരക്ഷിതവും വിവേചനരഹിതവും സമത്വപൂര്‍ണവുമായ തൊഴിലിടം വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ക്കായി ഒരുക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. തൊഴില്‍ മേഖലയില്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനായി കോവളം വെളളാര്‍ ആര്‍ട്‌സ് ആന്റ് ക്രാഫ്റ്റ്‌സ് വില്ലേജില്‍ ചേര്‍ന്ന സംസ്ഥാനതല വനിതാ പൊലീസ് സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അച്ചടക്കം മുഖമുദ്രയാക്കിയ പൊലീസ് സേനയിലെ ഉദ്യോഗസ്ഥര്‍ക്ക് മാനസിക സമ്മര്‍ദ്ദം ഇല്ലാതെ ജോലി ചെയ്യാന്‍ സാധിക്കണം. പ്രശ്‌നങ്ങള്‍ തുറന്നുപറഞ്ഞ് പരിഹരിക്കാന്‍ കഴിയണം. ഇത്തരം സമ്മേളനങ്ങള്‍ അതിനുളള വേദിയാകണമെന്നും മന്ത്രി പറഞ്ഞു. പൊലീസിലേക്ക് കൂടുതല്‍ വനിതകളെ നിയോഗിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ഇതിന്റെ ഭാഗമായാണ് വനിതാ ബറ്റാലിയന് രൂപം നല്‍കിയത്. മാറ്റത്തിന്റെ മുഖമാണ് വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍. പൊലീസ് സ്റ്റേഷനുകളില്‍ വനിതാ പൊലീസിന്റെ സാന്നിധ്യം പരാതിക്കാര്‍ക്ക് നല്‍കുന്ന ആശ്വാസം ചെറുതല്ല. പൊലീസിലെ സാങ്കേതിക വിഭാഗങ്ങളായ സൈബര്‍ പൊലീസ്, ടെലി കമ്മ്യൂണിക്കേഷന്‍ എന്നിവയില്‍ കൂടി വനിതാ പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കേണ്ടതുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത് അധ്യക്ഷത വഹിച്ച ചടങ്ങില്‍ എഡിജിപി കെ. പത്മകുമാര്‍ സ്വാഗതം പറഞ്ഞു. ഐജി ഹര്‍ഷിത അത്തല്ലൂരി നന്ദി പറഞ്ഞു. മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News