പെരിന്തല്‍മണ്ണ തെരഞ്ഞെടുപ്പ് കേസ്; 2 ബാലറ്റ് പെട്ടികളില്‍ വരണാധികാരിയുടെ ഒപ്പില്ലെന്ന് ഹൈക്കോടതി

പെരിന്തല്‍മണ്ണ നിയമസഭാ മണ്ഡലത്തിലെ സ്‌പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റ് പെട്ടികള്‍ ഹൈക്കോടതി തുറന്നു പരിശോധിച്ചു. രണ്ട് ബാലറ്റ് പെട്ടികളില്‍ വരണാധികാരിയുടെ ഒപ്പില്ലെന്ന് കണ്ടെത്തി. ചിതറിക്കിടക്കുന്ന രേഖകള്‍ പെട്ടിയിലാക്കി ഹാജരാക്കുകയായിരുന്നെന്നും കോടതി ചൂണ്ടിക്കാട്ടി. ഇത്തരം സംഭവങ്ങള്‍ അപചയത്തിന്റെ ലക്ഷണമാണെന്നും കോടതി വിമര്‍ശിച്ചു.

സ്‌പെഷ്യല്‍ തപാല്‍ വോട്ടുകളില്‍ കൃത്രിമം നടന്നിട്ടില്ലെന്ന് ഉറപ്പാക്കുന്നതിനായി തുറന്ന കോടതിയില്‍ വോട്ടുകള്‍ പരിശോധിക്കുമെന്ന് സിംഗിള്‍ ബെഞ്ച് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതേത്തുടര്‍ന്നാണ് ജസ്റ്റിസ് എ ബദറുദ്ദീന്റെ സിംഗിള്‍ ബെഞ്ച് ബാലറ്റ് പെട്ടികള്‍ തുറന്നു പരിശോധിച്ചത്. ഹര്‍ജിക്കാരനായ ഇടതുസ്ഥാനാര്‍ത്ഥി കെപിഎം. മുസ്തഫ, എതിര്‍സ്ഥാനാര്‍ത്ഥിയായിരുന്ന യുഡിഎഫിലെ നജീബ് കാന്തപുരം, തെരഞ്ഞെടുപ്പ് കമ്മീഷന്റെ അഭിഭാഷകന്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പരിശോധന.

തര്‍ക്കമുള്ള ബാലറ്റുകള്‍ സൂക്ഷിച്ച പെട്ടികളില്‍ ഒന്ന് കാണാതാവുകയും പിന്നീട് കണ്ടെത്തുകയും ചെയ്ത സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കോടതി നിര്‍ദ്ദേശിച്ചിരുന്നു. കമ്മീഷന്‍ റിപ്പോര്‍ട്ട് ലഭിച്ച ശേഷം തുടര്‍നടപടിയുണ്ടാകുമെന്നും കോടതി വ്യക്തമാക്കി. നീതി കിട്ടുമെന്ന് തന്നെയാണ് പ്രതീക്ഷയെന്ന് ഹര്‍ജിക്കാരനായ ഇടതുസ്ഥാനാര്‍ഥി കെപിഎം. മുസ്തഫ പറഞ്ഞു.

അതേസമയം, അന്വേഷണത്തിലൂടെ സത്യം പുറത്തുവരട്ടെയെന്നായിരുന്നു നജീബ് കാന്തപുരം എംഎല്‍എയുടെ പ്രതികരണം. തെരഞ്ഞടുപ്പ് കേസിന്റെ തുടര്‍നടപടികള്‍ തടയണമെന്നാവശ്യപ്പെട്ട് നജീബ് കാന്തപുരം സമര്‍പ്പിച്ച ഹര്‍ജി തിങ്കളാഴ്ചയാണ് സുപ്രീം കോടതി പരിഗണിക്കുന്നത്. ഇതിന് ശേഷം അടുത്ത വ്യാഴാഴ്ച തെരഞ്ഞെടുപ്പ് കേസ് വീണ്ടും പരിഗണിക്കുമെന്ന് ഹൈക്കോടതി അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News