കോവളം വിനോദസഞ്ചാര കേന്ദ്രത്തിന്റെ പ്രൗഢി ഉയര്‍ത്തുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

സംസ്ഥാനത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ കോവളത്തിന്റെ പ്രൗഢി ഉയര്‍ത്തുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. കോവളത്തെ വികസനം വര്‍ധിപ്പിക്കുന്നതാണ് മന്ത്രിസഭായോഗത്തില്‍ അംഗീകാരം നല്‍കിയ 93 കോടിയുടെ വികസന പദ്ധതിയെന്ന് മന്ത്രി പറഞ്ഞു. കോവളത്തേക്ക്  വിനോദസഞ്ചാരികളെ കൂടുതലായി ആകര്‍ഷിക്കും വിധമുള്ള അടിസ്ഥാന സൗകര്യ വിപുലീകരണമാണ് പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്. കേരളത്തെ ടൂറിസം ഹബ്ബാക്കാന്‍ ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമാണ് കോവളത്തിന്റെ പ്രൗഢി ഉയര്‍ത്തുന്ന പദ്ധതിയെന്നും മന്ത്രി പറഞ്ഞു.

ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ബീച്ചായ കോവളവും അനുബന്ധ ബീച്ചുകളും നവീകരിക്കാനും തീരസംരക്ഷണം ഉറപ്പ് വരുത്താനുമായി തയ്യാറാക്കിയ പ്രത്യേക പദ്ധതിക്കാണ് മന്ത്രിസഭായോഗം അംഗീകാരം നല്‍കിയിരിക്കുന്നത്. ലോക ടൂറിസം ഭൂപടത്തില്‍ കേരളത്തെ ആദ്യമായി അടയാളപ്പെടുത്തിയ വിനോദസഞ്ചാര കേന്ദ്രമാണ് കോവളം. കൊവിഡ് പ്രതിസന്ധിയും കടലാക്രമണവും കാരണം പ്രതിസന്ധിയിലായ കോവളത്തിന്റെ പ്രതാപം ഉയര്‍ത്താന്‍ സമഗ്ര വികസന പദ്ധതി നടപ്പിലാക്കണമെന്ന ആവശ്യമാണ് പുതിയ പദ്ധതിയിലൂടെ നടപ്പാക്കുന്നത്.

കിഫ്ബി പദ്ധതിയില്‍ 93 കോടി രൂപ ചെലവഴിച്ച് രണ്ട് ഘട്ടമായാണ് കോവളവും അനുബന്ധ ബീച്ചുകളും നവീകരിക്കുന്നത്. ഹവാ ബീച്ച്, ലൈറ്റ് ഹൗസ് ബീച്ച് എന്നിവിടങ്ങളിലെ അടിസ്ഥാനസൗകര്യ വികസനം, സൈലന്റ്‌വാലി സണ്‍ ബാത്ത് പാര്‍ക്ക് നവീകരണം, കോര്‍പ്പറേഷന്‍ ഭൂമി വികസനം, കോര്‍പ്പറേഷന്‍ ഭൂമിയിലേക്കുള്ള യാത്രാസൗകര്യം, ഐബി ബീച്ചിലേക്കുള്ള യാത്രാസൗകര്യ വികസനം, ഐബി ബീച്ചിന്റെയും അടിമലത്തുറ ബീച്ചിന്റെയും അതിര്‍ത്തി നിര്‍ണയം, തെങ്ങിന്‍ തോട്ടഭൂമി ഏറ്റെടുക്കല്‍ എന്നിവയാണ് ആദ്യ ഘട്ടത്തില്‍ നടപ്പിലാക്കുക. ഐബി ബീച്ചിന്റെയും അടിമലത്തുറ ബീച്ചിന്റെയും കൂടുതല്‍ വികസനം, തെങ്ങിന്‍ തോട്ടഭൂമി വികസനം എന്നിവയാണ് രണ്ടാം ഘട്ട പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുക. പദ്ധതി നടപ്പാക്കാനുള്ള സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിളായി വാപ്‌കോസിനെ ചുമതലപ്പെടുത്താനും മന്ത്രിസഭാ യോഗം അനുമതി നല്‍കി. കോവളത്തിന്റെ വികസനം കേരളത്തിന്റെ ടൂറിസം മേഖലയ്ക്ക് പുത്തനുണര്‍വേകുമെന്ന് മന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News