കാസര്‍ക്കോട് ഗവണ്‍മെന്റ് കോളേജ് പ്രിന്‍സിപ്പാളിന്റെ ചുമതലയില്‍നിന്ന് എന്‍ രമയെ നീക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായി മന്ത്രി ആര്‍ ബിന്ദു. ക്യാമ്പസിലെ കുടിവെള്ള പ്രശ്‌നമുന്നയിച്ച വിദ്യാര്‍ത്ഥികളെ പ്രിന്‍സിപ്പാള്‍ ചേംബറില്‍ പൂട്ടിയിട്ടുവെന്ന പരാതിയെത്തുടര്‍ന്നാണ് മന്ത്രിയുടെ നിര്‍ദ്ദേശം. കോളേജ് വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് ഇതുസംബന്ധിച്ച നിര്‍ദ്ദേശം നല്‍കാന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തിയതായും മന്ത്രി അറിയിച്ചു.
കോളേജിനകത്തെ കുടിവെള്ളം മലിനമായതിനെ സംബന്ധിച്ച് അടിയന്തരമായി നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ട് തിങ്കളാഴ്ച പ്രിന്‍സിപ്പലിനെ സമീപിച്ച എസ്എഫ്ഐ പ്രവര്‍ത്തകരെയാണ് ചേമ്പറിനകത്ത് പൂട്ടിയിട്ടത്. പൊലീസ് വന്നതിനുശേഷമാണ് പ്രശ്‌നത്തിന് താല്‍കാലിക പരിഹാരമായത്. ചൊവ്വാഴ്ച കുടിവെള്ള പ്രശ്‌നത്തിന്റെ സ്ഥിതി തിരക്കിയ വിദ്യാര്‍ഥികളോട് സഭ്യമല്ലാത്ത രീതിയില്‍ സംസാരിച്ചു. വിദ്യാര്‍ഥികള്‍ക്ക് തന്റെ മുന്നിലുള്ള കസേരയിലിരിക്കാന്‍ അവകാശമില്ലെന്നും നിന്നുകൊണ്ട് സംസാരിക്കണമെന്നുമാണ് പ്രിന്‍സിപ്പാള്‍ ആവശ്യപ്പെട്ടത്.
പ്രിന്‍സിപ്പാളിന്റെ മനുഷ്യത്വരഹിതവും അപരിഷ്‌കൃതവുമായ നിലപാടിനെതിരെ നടപടി സ്വീകരിക്കണമെന്ന് എസ്എഫ്ഐ കോളേജ് യൂണിറ്റ് കമ്മിറ്റി ആവശ്യപ്പെട്ടിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here