മൂന്നാര്‍ എഞ്ചിനീയറിംഗ് കോളേജില്‍ പെണ്‍കുട്ടികളുടെ പ്രതിഷേധം

ഹോസ്റ്റല്‍ സമയം പുനഃക്രമീകരിക്കാനും മറ്റാവശ്യങ്ങളും ഉന്നയിച്ച് മൂന്നാര്‍ എഞ്ചിനീയറിംഗ് കോളേജില്‍ പെണ്‍കുട്ടികളുടെ പ്രതിഷേധം. രണ്ടു ദിവസമായി പഠിപ്പ് മുടക്കിക്കൊണ്ടാണ് വിദ്യാര്‍ത്ഥിനികള്‍ പ്രതിഷേധിക്കുന്നത്. പ്രശ്നപരിഹാരം കാണുന്നത് വരെ സമരം തുടരുമെന്നാണ് വിദ്യാര്‍ഥികളുടെ നിലപാട്.

ഹോസ്റ്റലില്‍ താമസിച്ച് പഠനം നടത്തുന്ന വിദ്യാര്‍ഥിനികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കുട്ടികള്‍ പ്രിന്‍സിപ്പാളിന് പരാതി നല്‍കിയിരുന്നു. എന്നാല്‍, വിദ്യാര്‍ഥികളുടെ ആവശ്യത്തെ പരിഗണിക്കാന്‍  തയ്യാറാകാതിരുന്ന പ്രിന്‍സിപ്പാള്‍ പെണ്‍കുട്ടികളെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പരാമര്‍ശവും നടത്തി. ഇതേത്തുടര്‍ന്നാണ് വിദ്യാര്‍ഥികള്‍ സമരം ആരംഭിച്ചത്. രണ്ടു ദിവസമായി പഠിപ്പ് മുടക്കി സമരം നടത്തുകയാണിവര്‍.

ആകെ 89 പെണ്‍കുട്ടികളാണ് കോളേജ് ഹോസ്റ്റലില്‍ താമസിക്കുന്നത്. മൂന്ന് ബ്ലോക്കുകളിലായാണ് ഇവര്‍ക്ക് താമസസൗകര്യം ഒരുക്കിയിരിക്കുന്നത്. ഓരോ ബ്ലോക്കും രാത്രിയിലെ ഭക്ഷണ സമയത്തിന് ശേഷം സെക്യൂരിറ്റി പുറത്ത് നിന്ന് പൂട്ടും. പിന്നീട് താക്കോല്‍ ഹോസ്റ്റലില്‍ താമസിക്കുന്ന മേട്രനെ ഏല്‍പ്പിക്കും. അടിയന്തിര സാഹചര്യമുണ്ടായാല്‍ സെക്യൂരിറ്റിയെ വിളിച്ച് വരുത്തി താക്കോല്‍ ജനലിലൂടെ നല്‍കിയാണ് വാതില്‍ തുറക്കുന്നതെന്നാണ് കുട്ടികള്‍ പറയുന്നത്.

ആണ്‍കുട്ടികളുടേയും പെണ്‍കുട്ടികളുടേയും ഹോസ്റ്റലുകള്‍ക്ക് ഒരേ മാനദണ്ഡമല്ല നിലവിലുള്ളത്. പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ മാത്രം കുട്ടികള്‍ വൈകിട്ട് 6.30ന് മുന്‍പായി കയറണമെന്ന് നിഷ്‌കര്‍ഷിക്കുന്നു. ഹോസ്റ്റല്‍ സമയക്രമവും മറ്റും കൃത്യമായി പറയുന്ന നിയമാവലി വേണമെന്നാണ് വിദ്യാര്‍ഥികള്‍ ആവശ്യപ്പെടുന്നത്.  ഹോസ്റ്റലിലെ ടോയ്‌ലറ്റുകള്‍ മിക്കതും ശോചനീയാവസ്ഥയിലാണ്. പലതും ഉപയോഗ യോഗ്യമല്ല. പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്ന ടോയ്‌ലറ്റുകള്‍ നവീകരിക്കുന്നതിനും നടപടി സ്വീകരിക്കുന്നില്ല. അധികാരികളുടെ ഭാഗത്ത് നിന്ന് അനുഭാവപൂര്‍ണമായ നിലപാട് ഉണ്ടാകാത്ത പക്ഷം സമരം തുടരാനാണ് കുട്ടികളുടെ തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News