കുമളി നഗര മധ്യത്തിൽ റിട്ടയേർഡ് എസ്ഐയുടെ നേതൃത്വത്തിൽ നടത്തിയിരുന്ന ചൂതാട്ടകേന്ദ്രത്തിൽ ലൈസൻസില്ലാത്ത തോക്കുകളും മാരകായുധങ്ങളും കണ്ടെത്തി. തോക്കിന് പുറമെ വെടിമരുന്ന് നിറച്ച തോട്ടയും പന്നിയുടെ തേറ്റയും സ്ഥലത്ത് നിന്ന് പൊലീസ് പിടികൂടി.
മുൻപ് നിയമവിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ പൊലീസ് സർവീസിൽ നിന്ന് പിരിച്ചുവിട്ട മുൻ എസ്ഐ കുമളി കിഴക്കയിൽ ഈപ്പൻ വർഗീസ്(70) അടക്കം പത്ത് പേരാണ് പൊലീസ് പിടിയിലായത്. ഈപ്പൻ വർഗീസിന്റെ വീടിന്റെ രണ്ടാം നിലയിൽ പണം വച്ചു ചീട്ടുകളി നടക്കുന്നുവെന്ന് ജില്ലാ പൊലീസ് മേധാവിയ്ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് കട്ടപ്പന ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. മൂന്നാം തവണയാണ് ഈപ്പൻ വർഗ്ഗീസിനെ ഇവിടെനിന്ന് പൊലീസ് അറസ്റ്റ് ചെയ്യുന്നത്.
ചീട്ടുകളി കേന്ദ്രത്തിന്റെ താഴത്തെ നിലയിൽ നടത്തിയ പരിശോധനയിലാണ് മുറിയിൽ പല സ്ഥലങ്ങളിലായി ഒളിപ്പിച്ചു വച്ചിരുന്ന തോട്ട ഉപയോഗിക്കുന്ന രണ്ട് നാടൻ തോക്കുകൾ, രണ്ട് എയർ റൈഫിളുകൾ, വെടിമരുന്ന് നിറച്ചതടക്കമുള്ള നിരവധി തോട്ടകൾ, വെടിയുണ്ട, കാട്ടുപന്നിയുടെ തേറ്റ എന്നിവ കണ്ടെത്തിയത്. ഇവിടെ നിന്നും 1,35,040 രൂപയും കണ്ടെത്തി.
ഈരാറ്റുപേട്ട അരുവിത്തുറ തെക്കേക്കര കൊച്ചുപറമ്പിൽ വീട്ടിൽ ഹബീബ് (63), ഈരാറ്റുപേട്ട കടുവാമുഴി വാഴമറ്റം വീട്ടിൽ മുഹമ്മദ് റസി (43), ഏലപ്പാറ മാർക്കറ്റിൽ മാത്യു പോൾ (49), കട്ടപ്പന വേലമ്മമാവ്കുടിയിൽ ജയ്‌മോൻ (48) ഈരാറ്റുപേട്ട തെക്കേക്കര പുലിയാനിക്കൽ വീട്ടിൽ ആബിൽ ബഷീർ (37), ഈരാറ്റുപേട്ട തലപ്പാലം കീരിയാത്തോട്ടം ഹാരിസ് (54), കുമളി അട്ടപ്പള്ളം ഇട്ടിവിളയിൽ സാജൻ (40), കട്ടപ്പന 20 ഏക്കർ മട്ടക്കൽ വീട്ടിൽ ഷൈജോ (36), തോപ്രാംകുടി കൈപ്പൻപ്ലാക്കൽ ജിനേഷ് (41) എന്നിവരാണ് പൊലീസ് പിടിയിലായത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here