കാക്കിക്കുള്ളിലെ അഴിമതിക്കാർക്കും ബിനാമികൾക്കും ഉടൻ പിടിവീഴും

അവിഹിതമായി സ്വത്തുസമ്പാദിച്ച പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടികളുമായി സംസ്ഥാന വിജിലൻസ് വിഭാഗം. ബിനാമി പേരിലടക്കം അവിഹിത സമ്പത്തുണ്ടാക്കിയ ഉദ്യോഗസ്ഥരെ കണ്ടെത്താനുള്ള അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ് വിജിലൻസ്. ക്രിമിനൽ കേസുകളിൽ പ്രതികളായവരും ഗുണ്ടാ, മാഫിയാ ബന്ധമുള്ളവരുമായ പൊലീസ് ഉദ്യോഗസ്ഥരുടെ സ്വത്ത് വിവരങ്ങളാണ് വിജിലൻസ് ആദ്യഘട്ടത്തിൽ പരിശോധിക്കുന്നത്. ഇവർ അനധികൃതമായ ഇടപാടുകളിലൂടെയും അല്ലാതെയും വാങ്ങിയിട്ടുളള വീടുകളും വസ്തുക്കളും കണ്ടെത്താൻ റവന്യു അടക്കമുള്ള മറ്റ് വകുപ്പുകളുടെ സഹകരണം തേടാനും വിജിലൻസ് തീരുമാനിച്ചിട്ടുണ്ട്.

അനധികൃതമായി സ്വത്ത് സമ്പാദിച്ച ഡിവൈഎസ്പിമാരടക്കം 34 പേരെയാണ് ഇതുവരെയുള്ള അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്.അന്വേഷണത്തിൽ അവിഹിതമായി സ്വത്ത് സമ്പാദിച്ച ഉദ്യോഗസ്ഥരുടെ ഫോൺരേഖകളടക്കം പരിശോധിച്ച് ബിനാമികൾ ആരൊക്കെയാണെന്നും കണ്ടെത്തും. ഇതിനായി ബാങ്ക് അക്കൗണ്ടുകൾ, സ്വർണനിക്ഷേപം അടക്കം പരിശോധിക്കാനാണ് വിജിലൻസ് തീരുമാനം.

ബിനാമി നിക്ഷേപം കണ്ടെത്തുക വളരെ ബുദ്ധിമുട്ടായ കാര്യങ്ങളായതിനാലാണ് ഫോൺ വിവരങ്ങളടക്കം പരിശോധിച്ചുള്ള അന്വേഷണം നടത്തുന്നത്. വിജിലൻസിന്റെ ഇന്റലിജൻസ് വിഭാഗം ബിനാമിപ്പേരിൽ സ്വത്തുക്കൾ സമ്പാദിച്ചവരുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. ഇവരുടെ ബന്ധുക്കളുടെ ഉൾപ്പെടെ പത്തുവർഷത്തെ ബാങ്ക് അക്കൗണ്ടുകളും ആദായനികുതി രേഖകളും സ്വത്തുവിവരവും അന്വേഷണ സംഘം പരിശോധിക്കും.

സംസ്ഥാനത്ത് നടക്കുന്ന വലിയ ഭൂമിയിടപാടുകളിലും സാമ്പത്തിക തട്ടിപ്പ് കേസുകളിലും ഇടനിലക്കാരായി പൊലീസുദ്യോഗസ്ഥർ പണം കൈപ്പറ്റുന്നു എന്ന പരാതികൾ ഉയർന്നു വന്ന പശ്ചാത്തലത്തിലാണ് വിജിലൻസ് അന്വേഷണം ഊർജ്ജിതമാക്കുന്നത്. മോഷണക്കേസുകളടക്കം ഒതുക്കിതീർത്ത് പണമുണ്ടാക്കിയെന്ന പരാതികൾ നിരവധിയാണുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News