3 ക്രിമിനൽ പൊലീസുകാരുടെ തൊപ്പി ഉടൻ തെറിക്കും

പൊലീസ് സേനയിലെ ക്രിമിനൽ സ്വഭാവമുള്ള മൂന്ന് ഉദ്യോഗസ്ഥരെക്കൂടി പിരിച്ചുവിടും. ഗുരുതര ക്രിമിനൽ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന ഉദ്യോഗസ്ഥരെ പിരിച്ചുവിടാൻ മുഖ്യമന്ത്രി പിണറായി വിജയൻ പൊലീസ് മേധാവി അനിൽ കാന്തിന് കർശന നിർദ്ദേശം നൽകിയതിൻ്റെ തുടർ നടപടികളുടെ ഭാഗമായിട്ടാണ് പിരിച്ചുവിടൽ. നേരത്തെ പീഡനക്കേസിൽ പ്രതികളായവരും സേനയുടെ അന്തസിന് കളങ്കമുണ്ടാക്കിയവരുമായ 4 ഉദ്യോഗസ്ഥരെ മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം പിരിച്ചുവിട്ടിരുന്നു.ഇതിന് പിന്നാലെയാണ് 3 പേർക്ക് കൂടി പിരിച്ചുവിടലിന് മുന്നോടിയായുള്ള നോട്ടീസ് ഡിജിപി നൽകിയിരിക്കുന്നത്.

കാസർക്കോട് ക്രൈംബ്രാഞ്ച് ഇൻസ്പെക്ടർ ശിവശങ്കർ, തൃക്കാക്കര സ്‌റ്റേഷനിലെ എഎസ്ഐ ഗിരീഷ് ബാബു, അയിരൂർ മുൻ സിഐ ജെ സനൽ എന്നിവർക്കെതിരെയാണ് സേനയിൽ നിന്ന് പിരിച്ചുവിടുന്നതിന് മുന്നോടിയായുള്ള നടപടികൾ ആരംഭിച്ചിട്ടുള്ളത്. ഇവരെക്കൂടാതെ ഗുരുതര ക്രിമിനൽ കേസുകളിൽ പ്രതികളായ 9 ഉദ്യോഗസ്ഥരെക്കൂടി സേനയിൽ നിന്നും പുറത്താക്കാനുള്ള നടപടികൾ പൊലീസ് ആസ്ഥാനത്ത് പുരോഗമിക്കുകയാണ്. ഇതിൽ രണ്ട് ഡിവൈഎസ്പിമാരും ഉൾപ്പെടും. പിരിച്ചുവിടൽ നടപടി സ്വീകരിക്കുന്നതിൻ്റെ ഭാഗമായി ഇവരുമായി ബന്ധപ്പെട്ട കേസ്‌ വിവരങ്ങൾ ആഭ്യന്തരവകുപ്പിന് കൈമാറിയിട്ടുണ്ട്.

പീഡനം, വധശ്രമം അടക്കം ഏഴ് കേസുകളിൽ പ്രതിയാവുകയും 17തവണ നടപടി നേരിടുകയും ചെയ്തയാളാണ് ശിവശങ്കർ. ഇയാൾക്ക് 5 ദിവസത്തിനകം മറുപടി നൽകാനുള്ള നോട്ടീസ് പാലക്കാട്ടെ വീട്ടിലെത്തി കൈമാറിയിട്ടുണ്ട്. ഈ വർഷം മെയ് മാസത്തിൽ വിരമിക്കുന്നതിനാൽ ശിക്ഷയിൽ നിന്നൊഴിവാക്കണമെന്നാവശ്യപ്പെട്ട ശിവശങ്കർ നൽകിയ അപേക്ഷ ഡിജിപി അനിൽ കാന്ത് തള്ളി. തുടർന്നാണ് ഇയാൾക്ക് നോട്ടീസ് കൈമാറിയത്.

ഗുരുതരകുറ്റകൃത്യങ്ങൾ ചെയ്തതിൻ്റെ പേരിൽ നേരത്തെ സസ്പെൻഷൻ നേരിട്ടയാളാണ് ഗിരീഷ്ബാബു.തിരിച്ച് ജോലിയിൽ കയറിയ ശേഷം മൂന്ന്ക്രിമിനൽ കേസുകളിൽ കൂടി നടപടി നേരിട്ടതോടെയാണ് ഇയാളെ പിരിച്ച് വിടാൻ തീരുമാനിച്ചിരിക്കുന്നത്.

പോക്സോ കേസിൽ പ്രതിയായ യുവാവിനെ തൻ്റെ ക്വാർട്ടേഴ്സിൽ വിളിച്ചു വരുത്തി പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ ആളാണ് അയിരൂർ സി.ഐയായിരുന്ന സനൽ. പൊലീസ് സേനയ്ക്കാകെ അപമാനമുണ്ടാക്കിയ ഇയാൾ കേസിൽ നിന്ന് രക്ഷിക്കാമെന്നു പറഞ്ഞ് പോക്സോ കേസിലെ പ്രതിയിൽ നിന്നും ഒന്നര ലക്ഷം രൂപ കൈക്കൂലി വാങ്ങാനും ശ്രമിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News