കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ തൃണമൂൽ കോൺഗ്രസ് എംപി മെഹുവ മൊയ്ത്ര. ബിജെപിയെ ശക്തിപ്പെടുത്തുകയും അധികാരത്തിലെത്തിക്കുകയും ചെയ്യുക എന്നതാണ് തൃണമൂൽ കോൺഗ്രസിൻ്റെ ആശയം എന്ന രാഹുൽ ഗാന്ധിയുടെ ആരോപണത്തിനെതിരെയാണ് മെഹുവ രംഗത്തെത്തിയത്.
കോൺഗ്രസിന് ബിജെപിയെ തോൽപ്പിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ തെരഞ്ഞെടുപ്പിൽ തങ്ങളുടെ ആവശ്യമുണ്ടായിരുന്നില്ല. കോൺഗ്രസ് സംസ്ഥാനത്ത് പരാജയപ്പെട്ടതോടെയാണ് തൃണമൂൽ ഒരു ബദലായി മുന്നോട്ടു വന്നത് എന്നും മെഹുവ മൊയ്ത്ര പറഞ്ഞു. മേഘാലയയിലെ ഷില്ലോങ്ങിൽ നടന്ന നിയമസഭാ പ്രചാരണത്തിനിടയിലാണ് അവരുടെ പ്രതികരണം.
കോൺഗ്രസ് ഓരോ സംസ്ഥാനങ്ങളിലായി തോൽക്കുമ്പോഴും തങ്ങൾ വീട്ടിലിരുന്ന് അടുത്ത തെരഞ്ഞെടുപ്പിലും ബിജെപി അധികാരത്തിൽ വരുന്നത് കാണണോ എന്ന് ചോദിച്ച മെഹുവ മൊയ്ത്ര തൃണമൂൽ കോൺഗ്രസ് മാത്രമാണ് ദേശീയ തലത്തിൽ കോൺഗ്രസിന് ബദലെന്നും അവകാശപ്പെട്ടു.
മേഘാലയയിൽ തൃണമൂൽ കോൺഗ്രസ് മത്സരിക്കുന്നത് ബിജെപി സംസ്ഥാനത്ത് അധികാരത്തിലെത്തുമെന്ന് ഉറപ്പാക്കാനാണെന്നായിരുന്നു മേഘാലയയിലെ തൻ്റെ ആദ്യ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ രാഹുൽ ഗാന്ധിയുടെ പരാമർശം. തൃണമൂൽ അധികാരത്തിലിരിക്കുന്ന പശ്ചിമ ബംഗാളിലെ അക്രമവും അഴിമതിയും രാഹുൽ തൻ്റെ പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി.
ഗോവ നിയമസഭാ തെരഞ്ഞെടുപ്പിൽ വൻതോതിൽ പണം ചെലവഴിച്ച് ടിഎംസി മത്സരിച്ചതിന് പിന്നിൽ ബിജെപിയെ സഹായിക്കുക എന്ന ആശയമായിരുന്നു. മേഘാലയയിലും ബിജെപിയെ ശക്തിപ്പെടുത്തുന്നതിനും അധികാരത്തിൽ എത്തിക്കുന്നതിനും വേണ്ടിയാണ് തൃണമൂൽ മത്സരിക്കുന്നതെന്നും രാഹുൽ ഗാന്ധി ആരോപണമുന്നയിച്ചിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here