ചൂട് കാരണം സംസ്ഥാനത്ത് ജനങ്ങള്‍ക്ക് പുറത്തിറങ്ങാനാവാത്ത സാഹചര്യമാണ് നിലവിലുള്ളത്. അക്ഷരാര്‍ത്ഥത്തില്‍ വെന്തുരുകുകയാണ് കേരളത്തിന്റെ വിവിധ ഭാഗങ്ങള്‍. മിക്കയിടങ്ങളിലും പകല്‍ സമയത്തെ താപനില 38 ഡിഗ്രി സെല്‍ഷ്യസിന് അടുത്താണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. പാലക്കാട് ജില്ലയിലെ എരിമയൂരില്‍ ബുധനാഴ്ച്ച 41 ഡിഗ്രി സെല്‍ഷ്യസ് ചൂടാണ് രേഖപ്പെടുത്തിയത്.
കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത്തവണ ചൂട് കൂടുതലാണ്. അതോടൊപ്പം കഴിഞ്ഞ ദിവസങ്ങളില്‍ 22 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 24വരെ ഉണ്ടായിരുന്ന രാത്രിചൂട് 28 മുതല്‍ 29ലേക്ക് കുതിച്ചു. രാത്രി ചൂട് കൂടുന്ന പ്രതിഭാസം അത്യുഷ്ണത്തിലേക്ക് കേരളത്തിനെ തള്ളിവിടാനുള്ള സാധ്യതയുണ്ടെന്ന് കാലാവസ്ഥാവ്യതിയാന ഗവേഷകന്‍ ഡോ. ചോലയില്‍ ഗോപകുമാര്‍ വ്യക്തമാക്കി.
ചൂട് ഇത്തരത്തില്‍ കൂടിയാല്‍ കേരളത്തില്‍ വരള്‍ച്ച അടക്കം പ്രതീക്ഷിക്കാം. ഇങ്ങനെ പോയാല്‍ വേനല്‍ മാസങ്ങളായ മാര്‍ച്ച് മുതല്‍ മെയ്‌വരെ ചുട്ടുപൊള്ളാനുള്ള സാധ്യതയുണ്ട്. അതിനിടെ, മഞ്ഞ് വീഴ്ച്ച കേരളത്തില്‍ വീണ്ടും അനുഭവപ്പെട്ടിരുന്നു. ഇതിന്റെ ഭാഗമായി മൂന്നാറില്‍ കഴിഞ്ഞ ദിവസം മൈനസ് ഒന്നിലേക്ക് ചൂട് കുറഞ്ഞ പ്രതിഭാസവുമുണ്ടായി. എന്നാലിത് വയനാട്ടിൽ അനുഭവപ്പെടുകയുണ്ടായില്ല. കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രകടമായ പ്രതിഭാസമായാണ് ഗവേഷകര്‍ ഇതിനെ നിരീക്ഷിക്കുന്നത്.
വരും മാസങ്ങളിലെ വേനലില്‍ പതിവിലും കൂടുതല്‍ ചൂട് ഉയരാന്‍ സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ വ്യക്തമാക്കുന്നു. പകല്‍ സമയങ്ങളില്‍ 11 മണിമുതല്‍ 3 മണിവരെയാണ് ചൂട് കൂടുന്നത്. നിലവില്‍ സൂര്യതാപമേറ്റ കേസുകള്‍ രേഖപ്പെടുത്തിയിട്ടില്ല. എന്നാല്‍ പശു അടക്കമുള്ള വളര്‍ത്തുമൃഗങ്ങളെ നേരിട്ട് ചൂട് ഏല്‍ക്കുന്നതിൽ നിന്ന് ഒഴിവാക്കണമെന്ന് മൃഗസംരക്ഷണ വകുപ്പ് മുന്നറിയിപ്പ് നല്‍കി.
നേരിട്ട് വെയിലേല്‍ക്കുന്ന ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ ജാഗ്രത പുലര്‍ത്തണം.
ധാരാളം വെള്ളം കുടിക്കുക. നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്ന ജോലികള്‍ ചെയ്യുന്നവര്‍ക്ക് 12 മുതല്‍ 3 മണിവരെ വിശ്രമവേളയാക്കാം. കുട്ടികളെ വെയിലത്ത് വിടാതിരിക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പുറത്തുവിട്ടിട്ടുണ്ട്.
രാത്രിയില്‍ ബാഹ്യാകാശത്തേക്ക് തിരിച്ചുപോകുന്ന ഭൗമവികിരണങ്ങള്‍ അന്തരീക്ഷത്തിലെ ഹരിതഗൃഹ വാതകങ്ങള്‍ ആഗിരണം ചെയ്യുന്നതിനാല്‍ ഭൂമിയുടെ അന്തരീക്ഷ താപനില സ്ഥിരമായി നിലകൊള്ളുന്നു. എന്നാല്‍, വര്‍ധിച്ച തോതിലുള്ള ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളല്‍ മൂലം ഭൗമാന്തരീക്ഷം ക്രമാതീതമായി ചൂട് പിടിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. അതുവഴിയാണ് അന്തരീക്ഷ താപം വലിയ തോതില്‍ കൂടുന്നത്. ആഗോളതാപനമെന്ന ഈ പ്രതിഭാസം കാലാവസ്ഥാമാറ്റത്തിന്റെ പ്രഥമ സൂചനയാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here