ഓപ്പറേഷന്‍ സിഎംഡിആര്‍എഫ്, തുടര്‍പരിശോധനയിലും വ്യാപക ക്രമക്കേട്, നടപടിയുമായി വിജിലന്‍സ്

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് അനര്‍ഹര്‍ക്ക് പണം നല്‍കുന്നത് തടയാന്‍ ശുപാര്‍ശ മുന്നോട്ടുവച്ച് വിജിലന്‍സ്. അപേക്ഷകളുടെ സുതാര്യത പരിശോധിക്കാന്‍ എല്ലാ കളക്ടറേറ്റുകളിലും പ്രത്യേക ടീമിനെ സ്ഥിരമായി ചുമതലപ്പെടുത്തണമെന്നാണ് വിജിലന്‍സിന്റെ ശുപാര്‍ശ. ആറുമാസത്തില്‍ ഒരിക്കല്‍ ഓഡിറ്റ് നടത്തണം. അര്‍ഹതയില്ലാത്തവര്‍ക്ക് ധനസഹായം നല്‍കാന്‍ ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ശുപാര്‍ശയുണ്ട്.

9 ജില്ലകളിലാണ് തുടര്‍പരിശോധനയില്‍ ക്രമക്കേട് കണ്ടെത്തിയത്. കൊല്ലം കല്ലട സ്വദേശിക്ക് പ്രകൃതിക്ഷോഭത്തില്‍ വീടിന്റെ 76% കേടുപാടുണ്ടായതായി കാണിച്ച് നല്‍കിയ അപേക്ഷയില്‍ നാലു ലക്ഷം രൂപ അനുവദിച്ചിരുന്നു. എന്നാല്‍ വിജിലന്‍സ് പരിശോധനയില്‍ വീടിന് കേടുപാടുണ്ടായിട്ടില്ല എന്നും ഈ വ്യക്തി അപേക്ഷ നല്‍കിയിട്ടില്ലെന്നും കണ്ടെത്തി. ഇടുക്കി തൊടുപുഴ താലൂക്കില്‍ 2001 മുതല്‍ 2023 വരെ ലഭിച്ച 70 അപേക്ഷകളിലുള്ള ഫോണ്‍ നമ്പര്‍ ഒരു വ്യക്തിയുടേതാണെന്നും ഇവ ഒരു അക്ഷയ സെന്റര്‍ വഴി സമര്‍പ്പിച്ചതാണെന്നും തെളിഞ്ഞു.

കോഴിക്കോട് വിദേശമലയാളിയുടെ മകന് ചികിത്സയ്ക്കായി 3 ലക്ഷം രൂപയും സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ മാതാവിന് 25000 രൂപയും ചികിത്സാധനസഹായം നല്‍കി. തിരുവനന്തപുരത്ത് ഒരു ഏജന്റ് തുക വാങ്ങി നല്‍കിയത് 20 പേര്‍ക്കാണ്. പത്തനംതിട്ടയില്‍ അപേക്ഷകളിലെ രേഖകള്‍ അപൂര്‍ണമാണെന്നും ആലപ്പുഴ ജില്ലയില്‍ 14 അപേക്ഷകളില്‍ പത്തെണ്ണത്തിലും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയത് ഒരു ഡോക്ടറാണെന്നും കണ്ടെത്തി. കോട്ടയം ജില്ലയില്‍ വില്ലേജ് ഓഫീസര്‍മാര്‍ ശരിയായ പരിശോധനയില്ലാതെ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയതോടെ ദുരിതാശ്വാസ തുക ലഭിച്ചത് നിരവധി പേര്‍ക്കാണ്.

അര്‍ഹതിയില്ലാത്തവര്‍ക്ക് ധനസഹായം ലഭ്യമാക്കാന്‍ സഹായിച്ച ഉദ്യോഗസ്ഥര്‍, ഡോക്ടര്‍മാര്‍, ഏജന്റുമാര്‍ എന്നിവര്‍ക്കെതിരെ അന്വേഷണം നടത്തുമെന്നും വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാം അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News