വി ഫോര്‍ കൊച്ചി പ്രസിഡന്റ് നിപുണ്‍ ചെറിയാനെ കോടതിയലക്ഷ്യക്കേസില്‍ അറസ്റ്റ് ചെയ്തു. ഹൈക്കോടതി അന്ത്യശാസനം നല്‍കിയിട്ടും ഹാജരാകാത്തതിനെ തുടര്‍ന്ന് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. കോടതിയെ അപകീര്‍ത്തിപ്പെടുത്തുന്ന പ്രസംഗം നടത്തി ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തുവെന്നാണ് കേസ്.
തോപ്പുംപടിയിലെ ഒരു യോഗത്തില്‍ പ്രസംഗിച്ചു കൊണ്ടിരിക്കുമ്പോഴായിരുന്നു നിപുണ്‍ ചെറിയാനെ പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള പ്രസംഗം നടത്തി ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്‌തെന്ന പേരില്‍ നിപുണിനെതിരെ കോടതി സ്വമേധയാ കേസെടുത്തിരുന്നു. തുടര്‍ന്ന് നിരവധി തവണ നിപുണ്‍ ചെറിയാനോട് നേരിട്ട് ഹൈക്കോടതിയില്‍ ഹാജരാകാനും ആവശ്യപ്പെട്ടു. എന്നാല്‍ നിപുണ്‍ ചെറിയാന്‍ ഹാജരായില്ല.
ഫെബ്രുവരി 21-ന് രാവിലെ 10.15ന് ഹാജരാകണമെന്നായിരുന്നു ഒടുവിലായി നല്‍കിയ അന്ത്യശാസനം. 21-നും ഹാജരാകാത്തതിനെ തുടര്‍ന്നാണ് ജസ്റ്റിസ് എകെ ജയശങ്കരന്‍ നമ്പ്യാരും സിപി മുഹമ്മദ് നിയാസും അടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് അറസ്റ്റ് ചെയ്ത് ഹാജരാക്കാന്‍ ഉത്തരവിട്ടത്. നിപുണ്‍ ചെറിയാന്റെ പെരുമാറ്റത്തില്‍ കോടതി വലിയ അതൃപ്തിയും രേഖപ്പെടുത്തിയിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here