റൂട്ട് മാര്‍ച്ച് വിലക്കിയത് തമിഴ്‌നാട്ടില്‍ ആര്‍എസ്എസിന് കരുത്ത് നല്‍കിയെന്ന് ബിജെപി

ആര്‍എസ്എസ് പദയാത്രക്ക് വിലക്കേര്‍പ്പെടുത്തിയ തമിഴ്‌നാട് സര്‍ക്കാരിന്റെ നടപടി ആര്‍എസ്എസിന് കൂടുതല്‍ കരുത്ത് നല്‍കിയെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ അണ്ണാമലൈ. ആര്‍എസ്എസ് പദയാത്ര നടത്താന്‍ അനുമതി നല്‍കിയ മദ്രാസ് ഹൈക്കോടതി വിധിക്കെതിരെ ഡിഎംകെ സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് അണ്ണാമലൈയുടെ പ്രതികരണം.

ഡിഎംകെയുടെ നിയമപോരാട്ടം സംസ്ഥാനത്ത് ആര്‍എസ്എസിന് ഉയര്‍ന്ന മൈലേജ് നല്‍കി. ഈ കേസില്‍ ആര്‍എസ്എസ് വിജയിയായി മടങ്ങിവരുമെന്ന് അണ്ണാമലൈ പറഞ്ഞതായി ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. സ്വാതന്ത്ര്യാനന്തര കാലഘട്ടം മുതല്‍ക്കേ സംസ്ഥാനത്ത് ആര്‍എസ്എസ് സാന്നിധ്യമുണ്ടെങ്കിലും കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ ആര്‍എസ്എസ് കരുത്താര്‍ജ്ജിച്ചെന്നും അണ്ണാമലൈ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ വര്‍ഷം ഗാന്ധിജയന്തി ദിനത്തില്‍ തമിഴ്നാട്ടിലെ 50 കേന്ദ്രങ്ങളില്‍ റൂട്ട് മാര്‍ച്ച് നടത്താനായിരുന്നു ആര്‍എസ്എസ് തീരുമാനം. മാര്‍ച്ചിന് സര്‍ക്കാര്‍ അനുമതി നിഷേധിച്ചതോടെ അത് നടന്നില്ല. മൂന്ന് ഘട്ടമായി മാര്‍ച്ച് നടത്താന്‍ പിന്നീട് മദ്രാസ് ഹൈക്കോടതി ആര്‍എസ്എസിന് അനുമതി നല്‍കി. ഒക്ടോബര്‍ രണ്ടിന് മാര്‍ച്ച് നടത്താനുള്ള തീരുമാനം നടപ്പാക്കാനായില്ലെങ്കിലും മറ്റേതെങ്കിലും ദിവസങ്ങളില്‍ അതിനായി തെരഞ്ഞെടുക്കാം എന്നായിരുന്നു മദ്രാസ് ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.

നിലവില്‍ മദ്രാസ് ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ചിന്റെ തീരുമാനത്തിനെതിരെ തമിഴ്നാട് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്. ക്രമസമാധാന പ്രശ്നങ്ങള്‍ കണക്കിലെടുത്ത് ആര്‍എസ്എസ് മാര്‍ച്ചിന് അനുമതി നല്‍കരുത് എന്നാണ് തമിഴ്നാട് സര്‍ക്കാരിന്റെ ആവശ്യം. ഗാന്ധി വധത്തിന്റെ പേരില്‍ ആരോപണത്തിന്റെ നിഴലിലാണ് സംഘപരിവാര്‍ സംഘടനകള്‍.

അങ്ങനെയുള്ള ആര്‍എസ്എസ് ഗാന്ധിജയന്തി ദിനത്തില്‍ റൂട്ട് മാര്‍ച്ച് നടത്താന്‍ ശ്രമിച്ചത് ദുരുദ്ദേശപരമെന്നാണ് തമിഴ്നാട്ടിലെ രാഷ്ട്രീയപാര്‍ട്ടികളുടെ ആരോപണം. പോപ്പുലര്‍ ഫ്രണ്ട് നിരോധനവും ഹിന്ദി അടിച്ചേല്‍പ്പിക്കല്‍ തുടങ്ങിയ വിഷയങ്ങളും ഉള്ളതിനാല്‍ ആര്‍എസ്എസ് മാര്‍ച്ച് സംഘര്‍ഷങ്ങള്‍ക്ക് വഴിവെക്കുമെന്ന് സംസ്ഥാനസര്‍ക്കാരും വാദിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News