ജോയ് ആലുക്കാസ് ഗ്രൂപ്പിന്റെ 305 കോടിയുടെ ആസ്തി കണ്ടുകെട്ടി

ജോയ് ആലുക്കാസ് ജ്വല്ലേഴ്‌സ് ഉടമ ജോയ് വര്‍ഗീസ് ആലുക്കാസിന്റെ ഉടമസ്ഥതയിലുള്ള 305 കോടി രൂപയുടെ സ്വത്തുക്കള്‍ ഇ.ഡി കണ്ടുകെട്ടി.  വിദേശ നാണയ വിനിമയ ചട്ടം ലംഘിച്ചതിനാണ് നടപടി.

ഈ മാസം 22-ന്  ജോയ് ആലുക്കാസ് ഗ്രൂപ്പിന്റെ രാജ്യമാകമാനമുള്ള വിവിധ ശാഖകളില്‍ ഇ.ഡി നടത്തിയ പരിശോധനയുടെ തുടര്‍ച്ചയായാണ് നടപടി. ഉയര്‍ന്ന തസ്തികകളിലുള്ള ജീവനക്കാരെ ചോദ്യം ചെയ്തതില്‍ നിന്നും പിടിച്ചെടുത്ത രേഖകളില്‍ നിന്നും സ്ഥാപനം വിദേശനാണയ വിനിമയ ചട്ടം ലംഘിച്ചതായി ഇ.ഡി കണ്ടെത്തുകയായിരുന്നു. ഫെമ നിയമത്തിന്റെ സെക്ഷന്‍ 4 ലംഘിച്ച് ഹവാല ഇടപാട് വഴി വിദേശത്തേക്ക് പണം കടത്തിയെന്നാണ് കണ്ടെത്തല്‍. സ്ഥാപനത്തിന്റെ ചെയര്‍മാന്‍ ജോയ് വര്‍ഗീസ് ആലുക്കാസിന്  നേരിട്ട് ഇടപാടില്‍ പങ്കുണ്ടെന്നും കണ്ടെത്തി.

ഇതിന്റെ അടിസ്ഥാനത്തിലാണ് ജോയ് വര്‍ഗീസ് ആലുക്കാസിന്റെ ഉടമസ്ഥതയിലുള്ള 305.84 കോടി രൂപയുടെ സ്വത്തുക്കള്‍ ഇ.ഡി കണ്ടു കെട്ടിയത്. 81 കോടി രൂപയുടെ തൃശൂര്‍ ശോഭാസിറ്റിയിലെ 33 സ്ഥാവരജംഗമ വസ്തുക്കള്‍, 5.58 കോടി രൂപയുടെ സ്ഥിര നിക്ഷേപം, 217.81 കോടി രൂപയുടെ ഓഹരികള്‍ എന്നിവയാണ് കണ്ടു കെട്ടിയത്.

ഓഹരികള്‍ വിറ്റഴിച്ച് പണം സമാഹരിക്കുമെന്ന് പ്രഖ്യാപിച്ച ശേഷം പെട്ടെന്ന് പിന്മാറിയതാണ് സ്ഥാപനത്തിനെതിരായ അന്വേഷണത്തിലേക്ക് ഇ.ഡി യെ എത്തിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ നിര്‍ണായകമായ വിവരങ്ങള്‍ കണ്ടെത്തുകയായിരുന്നു. റെയ്ഡില്‍ പിടിച്ചെടുത്ത കമ്പ്യൂട്ടറുകള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍, രേഖകള്‍ എന്നിവയുടെ പരിശോധന പുരോഗമിക്കുകയാണ്. നടപടികള്‍ തുടരുമെന്നും ഇ.ഡി അധികൃതര്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News