പശുക്കടത്ത് ആരോപിച്ച് യുവാക്കളെ ചുട്ടുകൊന്ന സംഭവം, ദുരന്തത്തില്‍ വിറങ്ങലിച്ച് കുടുംബം

രാജസ്ഥാനിലെ ഘട്മീക ഗ്രാമത്തിലെ ജുനൈദും നസീറും ഉള്‍പ്പെട്ട കൂട്ട് കുടുംബത്തിനുമേല്‍ ഫെബ്രുവരി 15 ന് ഒരു മിന്നല്‍പിണര്‍പോലെയാണ് ആ ദുരന്ത വാര്‍ത്ത വന്നു പതിച്ചത്. ഇരു കുടുംബങ്ങളുടെയും ഏക ആശ്രയമായ ജുനൈദിനെയും നസീറിനെയും പശുക്കടത്ത് ആരോപിച്ച് ഹരിയാനയിലെ ഭിവാനി ജില്ലയില്‍വെച്ച് ഒരു സംഘം ചുട്ടുകൊല്ലുകയായിരുന്നു. അരും കൊലകള്‍ക്കു പിന്നില്‍ സംഘപരിവാര്‍ ആണെന്ന് കുടുംബം ആവര്‍ത്തിച്ചു പറയുന്നുണ്ട്.

രോഗിയായ സഹോദരന്റെ ഏഴ് മക്കളടക്കമുള്ള ജുനൈദിന്റെ സംരക്ഷണത്തിലുള്ള കുട്ടികള്‍ ജുനൈദ് ഇനി തിരച്ചുവരില്ലെന്ന വാര്‍ത്തയില്‍ വിറങ്ങലിച്ച് നില്‍ക്കുകയാണ്. ഈ കുട്ടികള്‍ അടക്കമുള്ള ജുനൈദിനെ ആശ്രയിച്ച് കഴിയുന്ന കുടുംബം കടുത്ത ബുദ്ധിമുട്ടിലൂടെയാണ് കടന്നുപോകുന്നത്. ഭരത്പുര്‍ മേവാത്തിലെ ഘാട്മീക ഗ്രാമത്തില്‍ ചില്ലറ വ്യാപാരം നടത്തിയാണ് ഇവരെ ജുനൈദ് സംരക്ഷിച്ചിരുന്നത്.

12 വയസ്സുള്ള പര്‍വാന്‍ മുതല്‍ കൈക്കുഞ്ഞായ ഷിബ വരെയുള്ള തന്റെ ആറ് മക്കള്‍ക്കൊപ്പം സഹോദരന്റെ കുട്ടികളെയും സംരക്ഷിച്ചിരുന്നത് ജുനൈദ് ആണെന്ന് ബന്ധുക്കളും നാട്ടുകാരും ഒന്നടങ്കം പറയുന്നു. കോണ്‍ഗ്രസും ബിജെപിയും മാറിമാറി ഭരിക്കുന്ന രാജസ്ഥാനില്‍ പ്രത്യേകിച്ച് ന്യൂനപക്ഷവിഭാഗങ്ങള്‍ നേരിടുന്ന അവഗണനയുടെ നേര്‍ചിത്രമാണ് ഘാട്മീകയിലേത് എന്നാണ് വിമര്‍ശനം ഉയരുന്നത്.

ഘാട്മീകയില്‍ കൃഷി ചെയ്യാന്‍ സ്വന്തമായി ഭൂമിയുള്ളവര്‍ തീരെ കുറവാണ്. ജുനൈദിന്റെ കുടുംബത്തിന് ഒരു തുണ്ടുപോലും കൃഷിയിടമില്ല. ജുനൈദിനൊപ്പം കൊല്ലപ്പെട്ട നസീറിന്റെ കുടുംബത്തിന്റെ സ്ഥിതിയും വ്യത്യസ്തമല്ല. കുറച്ചുകാലംമുമ്പ് മരിച്ച സഹോദരന്റെ രണ്ടു മക്കളെയും വളര്‍ത്തിയിരുന്നത് നസീറാണ്. ചെറിയ വീട് പണിയാനുള്ള ശ്രമത്തിലായിരുന്നു നസീര്‍. പ്രാരംഭമായി ചെളികൊണ്ട് ഒരു മുറി കെട്ടിയത് ഈ കുടുംബത്തിന്റെ നഷ്ടസ്വപ്നങ്ങളുടെ പ്രതിബിംബമായി നിലകൊള്ളുന്നു.

ജുനൈദിന്റെ സഹോദരപുത്രിയുടെ വിവാഹ ആലോചനയുമായി ബന്ധപ്പെട്ട യാത്രയ്ക്കിടെയാണ് ഹരിയാനയില്‍ വെച്ച് ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍ ഇരുവരെയും ചുട്ടുകൊന്നതെന്നാണ് ബന്ധുക്കള്‍ പറയുന്നത്. കൊലപാതകം നടത്തിയ പ്രതികള്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ കേസില്‍ മുഖ്യ പ്രതിയായ ഗോരക്ഷാ പ്രവര്‍ത്തകന്‍ മൊഹിത് യാദവ് എന്ന മോനുമനേസറിനെ സംരക്ഷിക്കാനുള്ള നീക്കമാണ് രാജസ്ഥാൻ പൊലീസ് നടത്തുന്നത് എന്ന ആരോപണവും നിലനില്‍ക്കുന്നുണ്ട്. മോനുമനേസറിന് പിന്തുണ അറിയിച്ച് വിശ്വഹിന്ദു പരിഷത്തിന്റെയും ബജ്റംഗ്ദളിന്റെയും നേതൃത്വത്തില്‍ റാലിയും നടന്നിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News