ഹരിയാനയില്‍ പശുക്കടത്ത് ആരോപിച്ച് ചുട്ടുകൊന്ന മുസ്ലീം യുവാക്കളെ തട്ടിക്കൊണ്ടു പോകാന്‍ ഉപയോഗിച്ചത് സര്‍ക്കാര്‍ വാഹനമെന്ന് റിപ്പോര്‍ട്ട്. ഹരിയാന പഞ്ചായത്ത് വികസനവകുപ്പിന്റെ ഉടമസ്ഥതയിലുള്ള വെളുത്ത സ്‌കോര്‍പ്പിയോയിലാണ് യുവാക്കളെ തട്ടിക്കൊണ്ടുപോയതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വാഹനങ്ങളുടെ ഉടമസ്ഥത രേഖപ്പെടുത്തുന്ന ഹരിയാന സര്‍ക്കാരിന്റെ വെബ്‌സൈറ്റില്‍ ഈ വാഹനം ഹരിയാന സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ളതാണെന്ന് രേഖപ്പെടുത്തിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
പാശ്ചാത്യ സംഗീതത്തിന്റെയും ഹിന്ദുത്വ ആഹ്വാനങ്ങളുടെയും പശ്ചാത്തലത്തില്‍ പശുസംരക്ഷണത്തിന്റെ പേരില്‍ മുസ്ലിങ്ങളെ ആക്രമിക്കുന്ന നാലോളം വീഡിയോകള്‍ ബജ്റംഗദള്‍ നേതാവും കേസില്‍ മുഖ്യപ്രതിയുമായ മോനു മനേസറിന്റെ അനുയായികള്‍ സമൂഹമാധ്യമങ്ങളില്‍ നേരത്തെ പങ്കുവച്ചിരുന്നു. ഇതില്‍ രണ്ടോളം വീഡിയോകള്‍ ചിത്രീകരിച്ചിരിക്കുന്നത് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഈ സ്‌കോര്‍പ്പിയോയുടെ പശ്ചാത്തലത്തിലാണെന്നും റിപ്പോര്‍ട്ടുണ്ട്.
ഹരിയാന സര്‍ക്കാരിന്റെ പശുസംരക്ഷണ ദൗത്യസംഘത്തിലെ അംഗം കൂടിയാണ് ബജ്‌രംഗ് ദള്‍ നേതാവ് മോനു മനേസര്‍. സോഷ്യല്‍ മീഡിയയില്‍ ഏതാണ്ട് മൂന്ന് ലക്ഷം ഫോളേവേഴ്‌സ് ഉള്ള മോനു യൂ ട്യൂബിന്റെ സില്‍വര്‍ പ്ലേ ബട്ടനും സ്വന്തമാക്കിയിട്ടുണ്ട്. ഈ പ്ലാറ്റ്‌ഫോമിലാണ് മോനു മനേസര്‍ അതിക്രമങ്ങളുടെ ഉള്ളടക്കമുള്ള വീഡിയോകള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
എച്ച് ആര്‍ 70 ഡി 4177 നമ്പറുള്ള സ്‌കോര്‍പ്പിയോ വാഹനമാണ് തട്ടിക്കൊണ്ടുപോകാന്‍ പ്രതികള്‍ ഉപയോഗിച്ചത്. അതേസമയം വാഹനം സര്‍ക്കാരിന്റെ ഉടമസ്ഥതയിലാണെന്ന് റിപ്പോര്‍ട്ട് പൊലീസ് നിഷേധിക്കുന്നുണ്ട്. കൊലപാതകത്തിനുപയോഗിച്ച കാര്‍ ലേലം ചെയ്ത് നല്‍കിയതാണെന്ന് കേസ് അന്വേഷിക്കുന്ന ഗോപാല്‍ഗഡ് സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ രാം നരേഷ് പറഞ്ഞതായി ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
ബൊലേറോ കാറില്‍ സഞ്ചരിച്ച ജുനൈദിനെയും നസീറിനെയും ഫെബ്രുവരി 15നാണ് രാജസ്ഥാനിലെ ഗോപാല്‍ഗഢ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍നിന്ന് സ്‌കോര്‍പിയോ കാറില്‍ തട്ടിക്കൊണ്ടുപോയത്. പിറ്റേ ദിവസം ബൊലേറോയില്‍ ഇവരുടെ കത്തിക്കരിഞ്ഞ മൃതദേഹങ്ങള്‍ ഹരിയാനയില്‍ കണ്ടെത്തി. കേസില്‍ മുഖ്യപ്രതിയായ മോനു മനേസറിനെതിരെ നടപടിയുണ്ടായാല്‍ പൊലീസിനെതിരെ തിരിച്ചടി ഉണ്ടാകുമെന്ന് ഭീഷണിപ്പെടുത്തി ഹരിയാനയില്‍ തീവ്രഹിന്ദുത്വ സംഘടനകള്‍ റാലി നടത്തിയിരുന്നു. മുസ്ലിംവിരുദ്ധ ആക്രമണങ്ങള്‍ക്ക് ആഹ്വാനം ചെയ്ത സമ്മേളനം ബജ്‌റംഗദളും വിഎച്ച്പിയും ചേര്‍ന്നാണ് സംഘടിപ്പിച്ചത്. ഇതിനു പിന്നാലെ മോനു മനേസറിന്റെ പേര് ഒഴിവാക്കി പുതിയ പ്രതിപ്പട്ടിക രാജസ്ഥാന്‍ പൊലീസ് പുറത്തുവിട്ടതും വിവാദമായിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here