ദുരിതാശ്വാസ നിധിയിലെ തട്ടിപ്പ്, സമര്‍പ്പിച്ച രേഖകള്‍ ശുപാര്‍ശ ചെയ്തത് അടൂര്‍ പ്രകാശ് എംപി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്ന് പണം തട്ടിയെടുക്കാന്‍ സമര്‍പ്പിച്ച അപേക്ഷകള്‍ പലതും ശുപാര്‍ശ ചെയ്തത് കോണ്‍ഗ്രസ് നേതാക്കളാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത്. പണം തട്ടിയെടുക്കാന്‍ സമര്‍പ്പിച്ച അപേക്ഷകള്‍ ശുപാര്‍ശ ചെയ്തത് അടൂര്‍ പ്രകാശ് അടക്കമുള്ള പ്രധാന നേതാക്കളാണെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. അപേക്ഷകളോടൊപ്പമുള്ള മെഡിക്കല്‍ രേഖകളും വ്യാജമാണെന്ന് കണ്ടെത്തി.

ചിറയിന്‍കീഴിലെ ഏജന്റായ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ബ്രീസ്ലാല്‍ വഴി നല്‍കിയ വ്യാജ അപേക്ഷകളിലാണ് കോണ്‍ഗ്രസ് എംപിയും മുന്‍ മന്ത്രിയുമായ അടൂര്‍ പ്രകാശ് ഒപ്പിട്ടത്. ഇക്കാര്യത്തില്‍ ചിറയിന്‍കീഴ് താലൂക്ക് ഓഫീസില്‍ പരിശോധന തുടരുകയാണ്. ആറ്റിങ്ങല്‍ ലോക്‌സഭാമണ്ഡലത്തിലെ ചിറയിന്‍കീഴ് അഞ്ചുതെങ്ങില്‍ നിന്നുള്ള 16 വ്യാജ അപേക്ഷയില്‍ ഫണ്ട് അനുവദിച്ചതായി വിജിലന്‍സ് കണ്ടെത്തിയിരുന്നു. ഇത്തരത്തില്‍ നിരവധി അപേക്ഷകളില്‍ അടൂര്‍ പ്രകാശ് ഒപ്പിട്ടിട്ടുണ്ട്.

അപേക്ഷകളോടൊപ്പമുള്ള മെഡിക്കല്‍ രേഖകളും വ്യാജമാണ്. കരള്‍ രോഗത്തിന് ചികിത്സിക്കുന്നയാള്‍ക്ക് ഹൃദയരോഗത്തിന്റെ സര്‍ട്ടിഫിക്കറ്റാണ് സമര്‍പ്പിച്ചിട്ടുള്ളത്. വ്യാജ അപേക്ഷകള്‍ കൈകാര്യംചെയ്യാന്‍ ബ്രീസ്ലാലിന്റെ അടുത്ത ബന്ധു ഉള്‍പ്പെട്ട സംഘം സെക്രട്ടറിയേറ്റില്‍ പ്രവര്‍ത്തിക്കുന്നതായും സൂചനയുണ്ട്. അപേക്ഷകളില്‍ ബ്രീസ്ലാലിന്റെ ഫോണ്‍ നമ്പരാണ് രേഖപ്പെടുത്തിയിരുന്നത്. അതിനാല്‍ അപേക്ഷാ സ്റ്റാറ്റസ്, എത്ര തുക അനുവദിച്ചു എന്നതടക്കമുള്ള വിശദാംശങ്ങള്‍ വെബ്‌സൈറ്റില്‍ നിന്ന് ഇയാള്‍ക്ക് അറിയാനാകും. തുക അനുവദിച്ചാല്‍ അപേക്ഷകനെ കണ്ട് തന്റെ സ്വാധീനത്തിലാണ് പണം അനുവദിച്ചതെന്ന് പറഞ്ഞ് പകുതിയോളം തുക കമീഷനായി തട്ടും. തട്ടിപ്പ് ശ്രദ്ധയില്‍പെട്ടതോടെ ചിറയിന്‍കീഴ് പഞ്ചായത്ത് പ്രസിഡന്റ് വി ലൈജു മുഖ്യമന്ത്രിക്ക് പരാതി നല്‍കി. തുടര്‍ന്ന് മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് വിജിലന്‍സ് സംസ്ഥാന വ്യാപകമായി പരിശോധന നടത്തിയതും കൂടുതല്‍ തട്ടിപ്പുകള്‍ കണ്ടെത്തിയതും. എന്നാല്‍ തട്ടിപ്പ് നടന്ന അപേക്ഷകള്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഒപ്പിട്ടു നല്‍കിയിട്ടും സര്‍ക്കാരിന്റെ വീഴ്ചയായി ചിത്രീകരിക്കാനായിരുന്നു പ്രതിപക്ഷ ശ്രമം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News