ആര്‍.രാഹുല്‍
പ്രവര്‍ത്തക സമിതിയിലേക്ക് തെരഞ്ഞെടുപ്പ് വേണ്ട എന്ന കോണ്‍ഗ്രസ് സ്റ്റിയറിംഗ് കമ്മിറ്റി യോഗതീരുമാനം നെഹ്‌റു കുടുംബത്തിന്റെ തിരക്കഥക്കനുസരിച്ച് അരങ്ങേറിയ നാടകമെന്ന് വിമര്‍ശനം. എണ്‍പത്തിയഞ്ചാം പ്ലീനറി സമ്മേളനത്തിന്റെ മുന്നോടിയായി നടന്ന സ്റ്റിയറിംഗ് കമ്മിറ്റിയില്‍ നിന്നും സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും വിട്ടുനിന്നത് മുന്‍കൂട്ടി ആലോചിച്ച തിരക്കഥയുടെ ഭാഗമാണെന്നാണ് വിലയിരുത്തലുകള്‍.
പ്രവര്‍ത്തക സമിതിയിലേക്ക് തെരഞ്ഞെടുപ്പ് നടത്തുന്നതിനോട് നെഹ്‌റു കുടുംബത്തിനോ അവരുടെ വിശ്വസ്തര്‍ക്കോ താല്‍പര്യമില്ലായിരുന്നു. എന്നാല്‍ തങ്ങള്‍ കൂടി പങ്കെടുക്കുന്ന യോഗത്തില്‍ ഇത്തരമൊരു തീരുമാനമുണ്ടായാല്‍ നെഹ്‌റു കുടുംബത്തിന് നേരെ വിമര്‍ശനമുയരും എന്നത് മുന്‍കൂട്ടി കണ്ടാണ് സോണിയയും മറ്റും വിട്ടുനിന്നത്. നാമനിര്‍ദ്ദേശം സംബന്ധിച്ച് സ്റ്റിയറിംഗ് കമ്മിറ്റിയില്‍ ഭിന്നാഭിപ്രായമുയര്‍ന്നെങ്കിലും ഒടുവില്‍ നെഹ്‌റു കുടുംബത്തിന്റെ വിനീതവിധേയനായ പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെക്ക് നാമനിര്‍ദ്ദേശത്തിനുള്ള അധികാരം നല്‍കി സ്റ്റിയറിംഗ് കമ്മിറ്റി പിരിയുകയായിരുന്നു. ഇത് വഴി സോണിയയുടേയും കുംടുംബത്തിന്റെയും താല്‍പര്യം ഭൂരിപക്ഷാഭിപ്രായം എന്ന പേരില്‍ നടപ്പാക്കുകയായിരുന്നു.
തങ്ങളുടെ അപ്രമാധിത്വം പാര്‍ട്ടിയില്‍ നഷ്ടമാകുമോ എന്ന ഭയപ്പാടാണ് ഇത്തരമൊരു നാടകത്തിന് നെഹ്‌റുകുടുംബത്തെ പ്രേരിപ്പിച്ച ഘടകം എന്ന് തന്നെ വേണം വിലയിരുത്താന്‍. 26 കൊല്ലം മുമ്പ് 1997ല്‍ ഓഗസ്റ്റില്‍ സീതാംറാം കേസരി അധ്യക്ഷനായിരിക്കുമ്പോഴാണ് അവസാനമായി പ്രവര്‍ത്ത സമിതിയിലേക്ക് തെരഞ്ഞെടുപ്പ് നടന്നത്. കോണ്‍ഗ്രസ് ഭരണഘടനയനുസരിച്ച് പ്രവര്‍ത്തകമിതിയില്‍ പാര്‍ട്ടിയുടെ അധ്യക്ഷനും പാര്‍ലമെന്റിലെ നേതാവിനും പുറമെ 23 പേരാണ് ഉള്‍പ്പെടുന്നത്. ഇവരെ തെരഞ്ഞെടുക്കേണ്ടത് പ്ലീനറി സമ്മേളനമാണ്. എന്നാല്‍ തെരഞ്ഞെടുപ്പ് വേണ്ടെന്ന് വച്ച സാഹചര്യത്തില്‍ ഇതില്‍ 12 പേരെ എഐസിസി നാമനിര്‍ദ്ദേശം ചെയ്യും. ബാക്കിയുള്ള 11 പേരെ തെരഞ്ഞെടുക്കുക പാര്‍ട്ടി അധ്യക്ഷനായിരിക്കും. തെരഞ്ഞെടുപ്പ് നടന്നാല്‍ നിലവില്‍ നെഹ്‌റു കുടുംബത്തിന്റെ നിലപാടുകളെ എതിര്‍ക്കുന്ന നേതാക്കള്‍ പ്രവര്‍ത്തകസമിതിയില്‍ കടന്ന് കൂടുമോ എന്ന ആശങ്ക നേതൃത്വത്തിനുണ്ടായിരുന്നു. ഇത്തരമൊരു സാഹചര്യത്തിന് തടയിടാന്‍ കൂടിയാണ് പ്രവര്‍ത്തക സമിതിയിലേക്ക് നാമനിര്‍ദ്ദേശം എന്ന തീരുമാനം രൂപപ്പെട്ടത്. പാര്‍ട്ടി അധ്യക്ഷന്മാര്‍, മുന്‍ പ്രധാനമന്ത്രിമാര്‍ എന്നിവരെ പ്രവര്‍ത്തക സമിതിയിലെ ആജീവനാന്ത അംഗങ്ങളാക്കാനുള്ള ഭരണഘടനാ ഭേദഗതിയും ഈ പ്ലീനറി സമ്മേളനത്തില്‍ അവതരിപ്പിക്കും. ഭേദഗതി സമ്മേളനം അംഗീകരിച്ചാല്‍ സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, മന്‍മോഹന്‍ സിംഗ് എന്നിവര്‍ പ്രവര്‍ത്തക സമിതിയിലെ ആജീവനാന്ത അംഗങ്ങളായി മാറും. ഇതും കുടുംബാധിപത്യ സ്വാധീനം പാര്‍ട്ടിയില്‍ ഉറപ്പിക്കാനുള്ള കുറുക്കുവഴിയാണെന്നും വിമര്‍ശനം ഉയരുന്നുണ്ട്.
പ്ലീനറി സമ്മേളനം ആരംഭിക്കുന്നതിന്റെ തലേന്ന് വരെ പ്രവര്‍ത്തക സമിതിയിലേക്ക് തെരഞ്ഞെടുപ്പ് വേണം എന്നാവശ്യപ്പെട്ട പി ചിദംബരം വരെ സ്റ്റിയറിംഗ് കമ്മിറ്റിയില്‍ നിശബ്ദനായി. ഗാന്ധി കുടുംബത്തിന്റെയും അവരുടെ വിശ്വസ്തരുടേയും വിമര്‍ശകരെന്ന് സ്വയം വിശേഷിപ്പിക്കുന്ന വിമതപക്ഷമായ ജി23 യും തീരുമാനത്തിനെതിരെ മൗനം പാലിച്ചു. ജി 23 അംഗങ്ങളായ ആനന്ദ് ശര്‍മ, ഭൂപീന്ദര്‍ സിംഗ് ഹൂഡ തുടങ്ങിയവര്‍ക്ക് നാമനിര്‍ദ്ദേശത്തിലുടെ പ്രവര്‍ത്തകസമിതിയില്‍ തുടരുമെന്ന് ഏകദേശം ഉറപ്പാണ്. മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെക്കെതിരെ ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ച് പരാജപ്പെട്ട ശശി തരൂരിന്റെ യോഗത്തിലെ മൗനം പക്ഷെ ചോദ്യചിഹ്നാണ്. പ്രവര്‍ത്തക സമിതിയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെടുമെന്ന് ഉറപ്പ് കിട്ടിയതിനാലാണോ തരൂര്‍ മൗനം പാലിച്ചതെന്നതിന് താമസിയാതെ ഉത്തരമാകും.
45 പേര്‍ പങ്കെടുത്ത സ്റ്റിയറിംഗ് കമ്മിറ്റിയില്‍ ദിഗ്‌വിജയ് സിംഗ്, അജയ് മാക്കന്‍, അഭിഷേക് സിംഗ്വി എന്നിവര്‍ മാത്രമാണ് തെരഞ്ഞെടുപ്പ് വേണം എന്ന ആവശ്യം പേരിനെങ്കിലും ഉയര്‍ത്തിയത്. തെരഞ്ഞെടുപ്പ് വേണ്ട എന്ന തീരുമാനം എടുക്കുന്നത് തടയാന്‍ മാത്രം ശക്തിയുണ്ടായിരുന്നില്ല അവരുടെ ശബ്ദത്തിന്. പ്രവര്‍ത്തക സമിതിയിലേക്ക് തെരഞ്ഞെടുപ്പ് വേണ്ട എന്നതിലൂടെ വ്യക്തമാകുന്നത് സീതാറാം കേസരിക്ക് ശേഷം അനുവര്‍ത്തിക്കുന്ന കുടുംബാധിപത്യ സംസ്‌കാരം തന്നെ കോണ്‍ഗ്രസില്‍ തുടരുമെന്നാണ്. ബിജെപിയെ നേരിടാനുള്ള തന്ത്രം രൂപപ്പെടുത്താന്‍ ചേരുന്നു എന്നവകാശപ്പെടുന്ന പ്ലീനറി സമ്മേളനം കുടുംബാധിപത്യം അരക്കെട്ടുറപ്പിക്കാനുള്ള അണിയറനീക്കങ്ങളാല്‍ സമ്പന്നമാണ്. കോണ്‍ഗ്രസിന്റെ കുടുംബാധിപത്യം ബിജെപി ഉയര്‍ത്തിക്കാണിക്കുന്ന ഘട്ടത്തില്‍ ഈ പ്ലീനറി സമ്മേളനം കോണ്‍ഗ്രസിന്റെ ആന്തരീക സ്വഭാവത്തില്‍ എന്ത് മാറ്റമാണ് വരുത്തുകയെന്ന് കാത്തിരുന്ന് കാണേണ്ടതുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here