കെ സുരേന്ദ്രന്‍ പ്രതിയായ മഞ്ചേശ്വരം കോഴക്കേസില്‍ കുറ്റപത്രം കോടതി ഫയലില്‍ സ്വീകരിച്ചു

മഞ്ചേശ്വരത്തെ ബിഎസ്പി സ്ഥാനാര്‍ഥി കെ സുന്ദരയ്ക്ക് രണ്ടരലക്ഷം രൂപയും മൊബൈല്‍ ഫോണും കോഴയായി നല്‍കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിലെ കുറ്റപത്രം കോടതി ഫയലില്‍ സ്വീകരിച്ചു. കാസര്‍ക്കോട് ജില്ലാ സെഷന്‍സ് കോടതിയാണ് കുറ്റപത്രം ഫയലില്‍ സ്വീകരിച്ചത്. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ ഒന്നാം പ്രതിയായ കേസില്‍ സുരേന്ദ്രന്‍ ഉള്‍പ്പെടെ ആറ് പ്രതികളാണുള്ളത്.

സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാന്‍ കോഴനല്‍കിയതിന് പുറമെ ഭീഷണിപ്പെടുത്തി നാമനിര്‍ദേശപത്രിക പിന്‍വലിപ്പിക്കല്‍, പട്ടികജാതി-പട്ടികവര്‍ഗ വിഭാഗത്തോടുള്ള അതിക്രമം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് ജില്ലാ പ്രിന്‍സിപ്പല്‍ ആന്‍ഡ് സെഷന്‍സ് കോടതിയില്‍ ക്രൈം ബ്രാഞ്ച് കുറ്റപത്രം നല്‍കിയത്. കെ സുരേന്ദ്രനെതിരെ ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. അമ്മയ്ക്ക് രണ്ടര ലക്ഷം രൂപയും തനിക്ക് സ്മാര്‍ട്ട് ഫോണും നല്‍കിയതായി 2021 ജൂണില്‍ സുന്ദര തന്നെയാണ് മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്.

ബിജെപി മഞ്ചേശ്വരം മണ്ഡലം ജനറല്‍ സെക്രട്ടറിയായിരുന്ന കെ മണികണ്ഠ റൈ, സുരേഷ് നായിക്, യുവമോര്‍ച്ച മുന്‍ സംസ്ഥാന ട്രഷറര്‍ സുനില്‍ നായിക്, ബിജെപി മുന്‍ ജില്ലാ പ്രസിഡന്റ് അഡ്വ. കെ ബാലകൃഷ്ണഷെട്ടി, ലൊക്കേഷ് നോഡ എന്നിവരാണ് രണ്ടുമുതല്‍ ആറുവരെ പ്രതികള്‍.

കെ സുന്ദര മത്സരിച്ചിരുന്ന 2016ല്‍ കെ സുരേന്ദ്രന്‍ 89 വോട്ടിനാണ് മഞ്ചേശ്വരത്ത് തോറ്റത്. സുന്ദരയ്ക്ക് 467 വോട്ട് ലഭിച്ചിരുന്നു. 2021ല്‍ ഇത് ആവര്‍ത്തിക്കാതിരിക്കാനാണ് സുന്ദരയെ കോഴനല്‍കി സ്വാധീനിക്കാന്‍ ശ്രമിച്ചത്.

മണ്ഡലത്തിലെ ഇടതു സ്ഥാനാര്‍ത്ഥിയായിരുന്ന വി വി രമേശ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുക്കുകയും പിന്നീട് ജില്ലാ ക്രൈം ബ്രാഞ്ചിന് കേസ് കൈമാറുകയുമായിരുന്നു. അന്വേഷണം ആരംഭിച്ച് 16 മാസത്തിന് ശേഷമാണ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News