നിര്‍ബന്ധിത വിരമിക്കല്‍ എന്ന വാര്‍ത്തയ്ക്ക് അടിസ്ഥാനമില്ല; കെഎസ്ആര്‍ടിസി

കെഎസ്ആര്‍ടിസിയില്‍ നിര്‍ബന്ധിത വിആര്‍എസ് സംബന്ധിച്ച മാധ്യമ വാര്‍ത്തകള്‍ക്ക് അടിസ്ഥാനമില്ലെന്ന വിശദീകരണവുമായി കെഎസ്ആര്‍ടിസി മാനേജ്‌മെന്റ്. നിര്‍ബന്ധിത വിആര്‍എസ് നടപ്പിലാക്കുന്നുവെന്നും ഇതിനായി 7200ഓളം പേരുടെ പട്ടിക തയ്യാറാക്കിയെന്നും നേരത്തെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മാധ്യമ റിപ്പോര്‍ട്ടില്‍ പറയുന്നത് പോലെ 50 വയസ്സ് കഴിഞ്ഞവര്‍ക്കും 20 വര്‍ഷത്തില്‍ അധികം സര്‍വ്വീസ് ഉള്ളവരുമായ ജീവനക്കാര്‍ക്കും നിര്‍ബന്ധിത വിആര്‍എസ് നല്‍കുന്നത് സംബന്ധിച്ച് ആലോചനപോലും നടന്നിട്ടില്ലെന്നാണ് കെഎസ്ആര്‍ടിസി വ്യക്തമാക്കുന്നത്.

കെഎസ്ആര്‍ടിസിയില്‍ നിര്‍ബന്ധിത വിരമിക്കല്‍ നടപ്പിലാക്കുന്നുവെന്ന നിലയില്‍ മുന്‍പും  വാര്‍ത്തകള്‍   മാധ്യമങ്ങളില്‍ വന്നിരുന്നതാണ്. നിര്‍ബന്ധിത വിആര്‍എസ് എന്ന് പറയുന്നത് തന്നെ തെറ്റായ പ്രയോഗമാണ്. വിആര്‍എസ് എന്നാല്‍  വോളണ്ടറി റിട്ടയര്‍മെന്റ് സ്‌കീമാണ്. അത് പ്രകാരം  താല്‍പര്യമുള്ളവര്‍ക്ക് സ്വയം വിരമിക്കാമെന്നാണ്. അല്ലാതെ നിര്‍ബന്ധിത വി.ആര്‍.എസ് എന്നൊരു പ്രയോഗമേ ഇല്ല.

എന്നാല്‍ 1243 ഓളം  ജീവനക്കാര്‍ നിലവില്‍ തന്നെ ജോലിക്ക് വരാത്തവരായി ഉണ്ട്. ഏതാണ്ട്  600 ഓളം  ജീവനക്കാര്‍ക്ക് പലമാസങ്ങളിലും 16 ഡ്യൂട്ടി എന്ന നിബന്ധന ചെയ്യുന്നതുമില്ല. ഈ സാഹചര്യത്തിലാണ് രണ്ട് വര്‍ഷം മുന്‍പ് അങ്ങനെ വരാത്തവര്‍ക്ക് വേണ്ടി വി ആര്‍ എസ് സ്‌കീം നടപ്പാക്കാന്‍ സര്‍ക്കാരിനോട് 200 കോടി രൂപയുടെ ഒരു  നിര്‍ദ്ദേശം  സമര്‍പ്പിച്ചത്.

ആ പദ്ധതിക്ക് പണം അനുവദിക്കാന്‍ പറ്റില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയതോടെ അന്ന് തന്നെ  ആ പദ്ധതി ഉപേക്ഷിച്ചിരുന്നു. അതിന് ശേഷം പകുതി ശമ്പളത്തോടെയുള്ള അവധി നല്‍കി ഫര്‍ലോ ലീവ് നടപ്പാക്കാന്‍ ഉത്തരവായി. സ്ഥിരമായി ഡ്യൂട്ടിക്ക് വരാത്ത 2000 പേരെങ്കിലും ഫര്‍ലോ ലീഫ് പ്രയോജനപ്പെടുത്തിയിരുന്നുവെങ്കില്‍  4 കോടി രൂപയോളം രൂപ പ്രതിമാസം ശമ്പളത്തില്‍ കുറവ് വരുമായിരുന്നു.

പക്ഷെ അതിന് എതിരെ ഒരു വിഭാഗം ശക്തമായ പ്രചരണം നടത്തി. ഫര്‍ലോ ലീവ് എടുക്കുന്നവരെ കുറെ നാള്‍ കഴിഞ്ഞ് പിരിച്ചുവിടുമെന്നുള്ള  പ്രചരണം നടത്തി ആ പദ്ധതി പരാജയപ്പെടുത്തുകയാണ് ഉണ്ടായത്.  ഇപ്പോള്‍  നിര്‍ബന്ധിത വി ആര്‍ എസ്  നടപ്പാക്കുമെന്ന തരത്തിലുള്ള വാര്‍ത്ത സൃഷ്ടിക്കുന്നത് ജീവനക്കാര്‍ക്ക് മനോവിഷമം ഉണ്ടാക്കാനേ ഉപകരിക്കുകയുള്ളു. അതിന് കെഎസ്ആര്‍ടിസി മാനേജ്മെന്റ് തയ്യാറല്ല.

മാനേജ്മെന്റ് വിആര്‍എസ് നടപ്പാക്കുകയാണെങ്കില്‍ അത് താല്‍പര്യമുള്ളവര്‍ക്ക് വേണ്ടി മാത്രമായിരിക്കും. അല്ലാതെ 50 വയസ് കഴിഞ്ഞവര്‍ക്കോ, 20 വര്‍ഷം പൂര്‍ത്തിയായവര്‍ക്കോ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നില്ല.  കെഎസ്ആര്‍ടിസിയില്‍  ഇപ്പോള്‍ ഓരോ വര്‍ഷവും ആയിരത്തോളം പേരാണ്   പെന്‍ഷനാകുന്നത്. ഇങ്ങനെ 3.5 കോടി രൂപയോളം ശമ്പളയിനത്തില്‍ പ്രതിമാസം  കുറവ് വന്നാലും, പെന്‍ഷന്‍ ആനൂകൂല്യം ഉള്‍പ്പെടെ 125 കോടിയോളം  രൂപ ഒരു വര്‍ഷം കൊടുക്കേണ്ടി വരുന്നുണ്ട് . അതിന് വേണ്ടി  പ്രതിമാസം  10 കോടിയോളം രൂപ ആ ഇനത്തിന് വേണ്ടി അധികമായി കണ്ടെത്തേണ്ടി വരുന്നു.  ഈ സാഹചര്യത്തില്‍  വി.ആര്‍.എസിനുള്ള ഒരു തീരുമാനവും കെഎസ്ആര്‍ടിസി കൈക്കൊണ്ടിട്ടില്ല.

അങ്ങനെ വിആര്‍എസ് നടപ്പാക്കാനുള്ള തീരുമാനം എടുക്കുന്നുവെങ്കില്‍  അംഗീകൃത യൂണിയനുകളുമായി ചര്‍ച്ച ചെയ്തു,  സ്വീകാര്യമായ പാക്കേജ് ഉള്‍പ്പെടെയുളളവ പരിഗണിച്ച് മാത്രമേ അങ്ങനെ ചിന്തിക്കുകയുളളൂവെന്നും, അതിനുള്ള  സാധ്യത വിദൂരമാണെന്നും   മാനേജ്മെന്റ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration