കോഴിക്കോട് പുതുതായി സ്ഥാപിക്കാന്‍ പോകുന്ന വേസ്റ്റ് ടു എനര്‍ജി ട്രീറ്റ്‌മെന്റ് പ്ലാന്റിന് ജപ്പാന്‍ കമ്പനിയായ ജെഎഫ്ഇ എഞ്ചീനിയറിംഗ് ലിമിറ്റഡ് സാങ്കേതിക സഹായം നല്‍കും. കമ്പനിയുടെ ഓവര്‍സീസ് ബിസിനസ് ഹെഡും എന്‍വയോണ്‍മെന്റ് ഡയറക്ടറുമായ പി ഇ കീച്ചി നഗാത്തയും മുഖ്യമന്ത്രി പിണറായി വിജയനും തമ്മില്‍ നടത്തിയ കൂടിക്കാഴ്ച്ചയിലാണ് സഹകരണം വാഗ്ദാനം ചെയ്തത്. മാലിന്യത്തില്‍ നിന്ന് ഊര്‍ജം വേര്‍തിരിച്ചെടുക്കാന്‍ ഉദ്ദേശിച്ചാണ് പ്ലാന്റ് സ്ഥാപിക്കുന്നത്.
ലോകത്തിന്റെ വിവിധ സ്ഥലങ്ങളിലായി 350-ലധികം മാലിന്യ നിര്‍മ്മാര്‍ജന പാന്റുകള്‍ സ്ഥാപിച്ച് പരിചയമുള്ള ജെഎഫ്ഇ എഞ്ചിനീയറിംഗ് ലിമിറ്റഡ് സാങ്കേതിക വിദ്യ, നിര്‍മ്മാണം എന്നീ മേഖലയിലെ സഹകരണമാണ് പദ്ധതിക്കായി വാഗ്ദാനം ചെയ്തിരിക്കുന്നത്. രണ്ട് വര്‍ഷത്തിനകം പ്ലാന്റിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. മാലിന്യത്തില്‍ നിന്ന് ഊര്‍ജം ഉല്‍പ്പാദിപ്പിക്കുന്നത് ലക്ഷ്യമിട്ട് കേരളത്തിലെ ആദ്യത്തെ വേസ്റ്റ് ടു എനര്‍ജി ട്രീറ്റ്‌മെന്റ് പ്ലാന്റ് ആണ് കോഴിക്കോട് സ്ഥാപിക്കപ്പെടാന്‍ പോകുന്നത്.
മുഖ്യമന്ത്രിയുടെ ചേംബറില്‍ നടന്ന കൂടിക്കാഴ്ച്ചയില്‍ ജെഎഫ്ഇ എഞ്ചിനീയറിംഗ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ബി ജി കുല്‍ക്കര്‍ണ്ണി, സോണ്‍ട്രാ ഇന്‍ഫോടെക്ക് എംഡി രാജ്കുമാര്‍, മുഖ്യമന്ത്രിയുടെ ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി ഡോ. എസ് കാര്‍ത്തികേയന്‍ എന്നിവര്‍ സംബന്ധിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here