താമരശ്ശേ……….രി ചുരം……; പപ്പുവിന്റെ ഓര്‍മകള്‍ക്ക് 23 വയസ്

‘അച്ഛാ, നിങ്ങളോട് സംസാരിക്കാനും എന്റെ ദിവസത്തെ കുറിച്ച് പറയാനും കഴിഞ്ഞിരുന്നുവെങ്കില്‍ എന്ന് ഞാന്‍ ഇപ്പോഴും ആഗ്രഹിക്കുന്നു. നിങ്ങളെ എനിക്ക് എല്ലാ ദിവസവും മിസ് ചെയ്യുന്നുണ്ട്. ഞാന്‍ നിങ്ങളെ ഒരുപാട് സ്‌നേഹിക്കുന്നു’ മലയാളികളുടെ പ്രിയപ്പെട്ട കുതിരവട്ടം പപ്പുവിന്റെ ഓര്‍മ്മദിനത്തില്‍ മകന്‍ ബിനു പപ്പു കുറിച്ചു. ബിനു പപ്പുവിന്റെ ഹൃദയസ്പര്‍ശിയായ കുറിപ്പിന്റെ കമന്റ് ബോക്സില്‍ ധാരാളം ആളുകളാണ് പപ്പുവിന്റെ ഓര്‍മ്മകള്‍ പങ്കുവയ്ക്കുന്നത്.

മലയാളികളുടെ ഓര്‍മ്മകളില്‍ കുതിരവട്ടം പപ്പു അവശേഷിപ്പിച്ച് പോയ ചിരിയോര്‍മ്മകള്‍ അത്രവേഗം മാഞ്ഞുപോകില്ലെന്ന് തന്നെയാണ് ഈ ഓര്‍മ്മചിത്രങ്ങള്‍ അടയാളപ്പെടുത്തുന്നത്. നര്‍മത്തില്‍ ചാലിച്ച കോഴിക്കോടന്‍ ഭാഷ ലോകമലയാളികളുടെ മനസില്‍ മനോഹരമായി പതിപ്പിച്ച ഹാസ്യ കുലപതി കുതിരവട്ടം പപ്പു വിട പറഞ്ഞിട്ട് 23 വര്‍ഷങ്ങള്‍. സ്വാഭാവികമായ അഭിനയ പ്രാവീണ്യത്തിലൂടെയും സംസാര ശൈലിയിലൂടെയും എല്ലാ തലമുറകളെയും ഒരുപോലെ ചിരിപ്പിക്കാന്‍ പപ്പുവിനോളം മറ്റാരുമെത്തിയില്ല.

കോഴിക്കോട്ടെ നാടകവേദികളില്‍ നിന്നായിരുന്നു പപ്പു എന്ന കേരളക്കരയുടെ, ചിരിയുടെ മാലപ്പടക്കത്തിന്റെ തുടക്കം. തന്റെ സാന്നിധ്യമറിയിച്ച ഓരോ ചിത്രത്തിലും ഓര്‍ത്തോര്‍ത്ത് ചിരിക്കാനുള്ള നിരവധി രംഗങ്ങളാണ് അദ്ദേഹം സമ്മാനിച്ചത്. 37 വര്‍ഷത്തെ സിനിമാജീവിതത്തിനിടയില്‍ 1500ലേറെ കഥാപാത്രങ്ങള്‍ക്കാണ് അദ്ദേഹം ജീവന്‍ പകര്‍ന്നത്.

പത്മദളാക്ഷന്‍ എന്ന കുതിരവട്ടം പപ്പു, കോഴിക്കോടന്‍ നാടകവേദികളുടെ നിറസാന്നിധ്യമായിരുന്നു. കുട്ടിക്കാലം മുതല്‍ അഭിനയത്തോടുള്ള അഭിനിവേശമാണ് ആയിരത്തോളം നാടകങ്ങളില്‍ വേഷമിടാനും നിരവധി പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങാനും അദ്ദേഹത്തെ പ്രാപ്തമാക്കിയത്. നാടകത്തില്‍ പ്രധാനവേഷം അവതരിപ്പിയ്ക്കുമ്പോള്‍ പപ്പുവിന്റെ പ്രായം വെറും പതിനേഴ്. കുഞ്ഞാണ്ടി, നെല്ലിക്കോട് ഭാസ്‌കരന്‍, കെ ടി മുഹമ്മദ്, തിക്കോടിയന്‍, വാസു പ്രദീപ് തുടങ്ങിയവരുടെയെല്ലാം നാടകക്കളരിയില്‍ സജീവമായിരുന്ന പപ്പു, ‘സമസ്യ’ എന്ന നാടകത്തിലൂടെ മികച്ച ഹാസ്യ നടനുള്ള സംസ്ഥാന പുരസ്‌കാരം സ്വന്തമാക്കി. നാടകങ്ങളിലെ അഭിനയ മികവ് സിനിമയിലേക്കുള്ള വഴി തെളിക്കുകയായിരുന്നു.

‘മൂടുപടം’ എന്ന ചിത്രത്തില്‍ ചെറിയൊരു വേഷത്തിലൂടെ അരങ്ങേറ്റം കുറിച്ച പപ്പു, പിന്നീട് തീര്‍ത്തത് സ്വതസിദ്ധമായ ഒരു ഹാസ്യസാമ്രാജ്യം തന്നെയായിരുന്നു. സാധാരണക്കാരില്‍ സാധാരണക്കാരായവരുടെ ജീവിതസന്ദര്‍ഭങ്ങള്‍ സ്‌ക്രീനില്‍ പകര്‍ത്തി, തന്റേതായ സ്‌റ്റൈല്‍ അദ്ദേഹം രൂപപ്പെടുത്തി. കുതിരവട്ടം പപ്പു എന്ന കഥാപാത്രമായി എത്തിയ ‘ഭാര്‍ഗവീനിലയം’ ആണ് പപ്പുവിനെ മലയാളികളുടെ പ്രിയങ്കരനാക്കിയത്. ‘ചെമ്പരത്തി’, ‘അങ്ങാടി’, ‘അവളുടെ രാവുകള്‍’ എന്നീ ചിത്രങ്ങള്‍ സ്വന്തമായി ഒരു വ്യക്തിമുദ്ര പതിപ്പിക്കാന്‍ സഹായകമായി.

kuthiravattam pappu actor Archives - Latest Malayalam Film News Portal

‘താനാരാണെന്ന് തനിക്കറിയില്ലെങ്കില്‍ താനെന്നോട് ചോദിക്ക് താനാരാണെന്ന്………….’, ‘ഇത് ചെറ്ത്, ഇപ്പോ ശരിയാക്കിത്തരാം………….’, ‘താമരശേ…രി.. ചുരം…………’, ‘വട്ടുണ്ടോ………….?’ എന്നിങ്ങനെ നീണ്ട് കിടക്കാണ് മലയാളികളുടെ സംസാരത്തില്‍ പപ്പു അവശേഷിപ്പിച്ച തനിനാടന്‍ ഡയലോഗുകള്‍. എത്ര തവണ കേട്ടാലും മതി വരാത്ത കോഴിക്കോടന്‍ സ്ലാങ്ങുകള്‍! നാലു പതിറ്റാണ്ടോളമാണ്
ചിരിപ്പിച്ചും ചിന്തിപ്പിച്ചും പപ്പു പ്രേക്ഷക മനസ്സുകളില്‍ നിറഞ്ഞാടിയത്. അപ്പോഴും നാടകനാളുകള്‍ സമ്മാനിച്ച അഭിനയമികവ് പുറത്തെടുക്കാന്‍ പപ്പുവിന് അവസരങ്ങള്‍ ലഭിച്ചു. ‘ദി കിംഗ്’ എന്ന ചിത്രത്തിലെ സ്വാതന്ത്ര്യ സമരസേനാനി ഏവരുടെയും കണ്ണുകള്‍ ഈറനണിയിച്ചിരുന്നു. ‘നരസിംഹം’ ആണ് അവസാനമായി അഭിനയിച്ച ചിത്രം.

ചിരിയും നൊമ്പരങ്ങളും പകര്‍ന്നാടിയ ആ അതുല്യ ജീവിതത്തിന് പകരം വെക്കാന്‍ മറ്റൊരാളില്ല. അദ്ദേഹത്തെ പോലെ തന്നെ അദ്ദേഹത്തിന്റെ കഥാപാത്രങ്ങളും മലയാളമണ്ണിലെന്നും മായാതെ നില്‍ക്കും..ഒരു കൂട്ടം കോഴിക്കോടന്‍ വിശേഷങ്ങളായി…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News