വോട്ട് പിടിക്കാന്‍ ടിപ്പുവിന്റെ പേരില്‍ സംഘപരിവാരിന്റെ നുണപ്രചരണം

കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് ജയിക്കാനും ഹിന്ദുത്വ രാഷ്ട്രീയം പടര്‍ത്താനും നുണ പറഞ്ഞ് ബിജെപി. ടിപ്പുസുല്‍ത്താനെ വധിച്ചത് വൊക്കലിംഗ സമുദായക്കാരായ രണ്ടുവീരന്മാരാണ് എന്നാണ് സംഘപരിവാര്‍ നുണപ്രചരണം. ടിപ്പുവിനെ വര്‍ഗീയവാദിയായി ചിത്രീകരിച്ച് ഹിന്ദുത്വ വര്‍ഗീയ രാഷ്ട്രീയം നടപ്പാക്കുകയാണ് ലക്ഷ്യം. ഒപ്പം വരും തെരഞ്ഞെടുപ്പില്‍ വൊക്കലിംഗ സമുദായത്തിന്റെ വോട്ട് പിടിച്ചെടുക്കാനും.

സ്വാതന്ത്ര്യസമരകാലത്ത് മുസ്ലീങ്ങളേയും ഹിന്ദുക്കളേയും തമ്മില്‍ തിരിക്കാന്‍ ബ്രിട്ടീഷ് ഭരണകൂടം പയറ്റിയ പ്രചരണത്തിന്റെ തുടര്‍ച്ചയാണ് പിന്നീട് സംഘപരിവാര്‍ രാജ്യത്ത് ഏറ്റെടുത്തത്. ടിപ്പുസുല്‍ത്താനെ ഇസ്ലാമിക വര്‍ഗീയ വാദിയാക്കാനുള്ള ആ പഴയ നീക്കം കര്‍ണാടകയില്‍ പുതിയ വഴിയിലെത്തിക്കുകയാണ് ബിജെപി. ടിപ്പുസുല്‍ത്താനെ വധിച്ചത് ഉറിഗൗഡ, നഞ്ചഗൗഡ എന്നീ വൊക്കലിംഗ വീരന്‍മാരാണ് എന്നാണ് പുതിയ പ്രചാരണം. സംഘപരിവാര്‍ വാട്സ്ആപ്പ് യൂണിവേഴ്സിറ്റിയില്‍ ആരംഭിച്ച നുണപ്രചരണം തെരഞ്ഞെടുപ്പ് അടുക്കുന്നതോടെ ബിജെപി നേതാക്കളുടെ പ്രസംഗങ്ങളിലും നിറയുകയാണ്.

നാലാം ആംഗ്ലോ മൈസൂര്‍ യുദ്ധത്തില്‍ 1799 മെയ് നാലിനാണ് ബ്രിട്ടീഷ് സൈന്യം ടിപ്പുവിനെ വധിച്ചത്. ടിപ്പുവിനെ വര്‍ഗീയവാദിയാക്കി വിലകുറക്കാനുള്ള ബ്രിട്ടീഷ് നീക്കങ്ങളില്‍ പോലും എവിടെയും കാണാത്ത വൊക്കലിംഗ വീരന്മാരാണ് ബിജെപി തിരുത്തിയെഴുതുന്ന ചരിത്രത്തില്‍ നുണയുടെ അധ്യായമായി ഇടം പിടിക്കുന്നത്.

2018ല്‍ ടിപ്പു ജയന്തി ആഘോഷം നിര്‍ത്തലാക്കിയ ബിജെപി സര്‍ക്കാര്‍ 2022 ബാംഗ്ലൂരിനും മൈസൂരിനും ഇടയില്‍ ഓടുന്ന ടിപ്പു എക്സ്പ്രസിന്റെ പേരുമാറ്റി വടയാര്‍ എക്സ്പ്രസ് ആക്കി. പണ്ട് ടിപ്പുവിന്റെ സംരക്ഷണയില്‍ കഴിഞ്ഞതിന്റെ ചരിത്രം പേറുന്ന കൊല്ലൂര്‍ മൂകാംബിക അടക്കമുള്ള ക്ഷേത്രങ്ങളിലെ സലാം ആരതി, ദീവത്തികെ സലാം പോലുള്ള ചടങ്ങുകളുടെ പേരുമാറ്റി നമസ്‌കാര്‍ ആരതി, ദീവത്തികെ നമസ്‌കാര്‍ എന്നിങ്ങനെയാക്കി. പാഠപുസ്തകങ്ങളിലെ ടിപ്പു ചരിത്രം സംസ്ഥാനഭരണം ഉപയോഗിച്ച് വെട്ടിക്കളയുകയോ വളച്ചൊടിക്കുകയോ ചെയ്തു.

വരും തെരഞ്ഞെടുപ്പില്‍ ബോമ്മെ സര്‍ക്കാരിന്റെ നേട്ടങ്ങളെ പറ്റി ഒന്നും പ്രചരിപ്പിക്കാന്‍ ഇല്ലാത്ത ബിജെപി, രാമക്ഷേത്ര പ്രഖ്യാപനവും വൊക്കലിംഗ വീരന്മാരെന്ന നുണയും ഉപയോഗിച്ച് ജയം തുടരാമെന്നാണ് കണക്ക് കൂട്ടുന്നത്. എന്നാല്‍, ഇത്തരം വര്‍ഗീയ, നുണപ്രചരണങ്ങള്‍ക്ക് പ്രതിരോധം തീര്‍ക്കാന്‍ കഴിയാതെ പരാജയപ്പെടുകയാണ് കോണ്‍ഗ്രസ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News