മുതിര്‍ന്ന നേതാക്കള്‍ക്ക് താക്കീതുമായി കെ സി വേണുഗോപാല്‍

പാര്‍ട്ടിക്കെതിരെയും പാര്‍ട്ടി നേതൃത്വത്തിനെതിരെയും പരസ്യപ്രതികരണം നടത്തുന്ന നേതാക്കള്‍ക്ക് മുന്നറിയിപ്പുമായി കെ.സി വേണുഗോപാല്‍. പരാതികള്‍ ഒഴിവാക്കി മാത്രമേ മുന്നോട്ട് പോകുകയുള്ളൂവെന്നും നേതാക്കള്‍ നിര്‍ദേശങ്ങള്‍ പാലിക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു.

പ്രശ്‌നങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കണമെന്ന നിര്‍ദ്ദേശമാണ് കെ.സി വേണുഗോപാല്‍ മുന്നറിയിപ്പായി മുന്നോട്ടുവയ്ക്കുന്നത്. കഴിഞ്ഞ ദിവസം കെ.സി വേണുഗോപാലിനും കെ സുധാകരനും വി.ഡി സതീശനുമെതിരെ തുറന്നടിച്ച് മുന്‍ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും പാര്‍ട്ടിക്കെതിരെ വിമര്‍ശനവുമായി വര്‍ക്കിങ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷും രംഗത്തെത്തിയിരുന്നു.

കോണ്‍ഗ്രസില്‍ നടക്കുന്ന പല കാര്യങ്ങളും മുതിര്‍ന്ന നേതാക്കള്‍ അറിയുന്നില്ലെന്നും വേണുഗോപാലിന്റെ നിര്‍ദേശപ്രകാരം സുധാകരനും സതീശനും ചേര്‍ന്നാണ് കാര്യങ്ങള്‍ നിയന്ത്രിക്കുന്നതെന്നായിരുന്നു മുല്ലപ്പള്ളി രാമചന്ദ്രന്റെ വിമര്‍ശനം. പാര്‍ട്ടി ഒരുപാട് അവസരങ്ങള്‍ തനിക്ക് നല്‍കിയിട്ടുണ്ട്. എന്നാല്‍ കേരളത്തിലെ ചിലര്‍ ബോധപൂര്‍വ്വം അകറ്റിനിര്‍ത്തുന്നത് വേദനാജനകമാണ്. നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം നേതൃത്വം തന്നെ ബലിമൃഗമാക്കുകയായിരുന്നെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.

കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ എഐസിസിയില്‍ പരാതി ഉന്നയിച്ച് കൊടിക്കുന്നില്‍ സുരേഷും രംഗത്തെത്തിയിരുന്നു. കൂടിയാലോചനകള്‍ നടത്തി എന്ന വി ഡി സതീശന്റെ പ്രതികരണം എന്തുകൊണ്ടെന്ന് അറിയില്ല. സംവരണം വഴിയാണ് കൂടുതല്‍ പേരെ ഉള്‍പ്പെടുത്തിയത് എന്നാണ് പറയുന്നത്. എന്നാല്‍ ഇക്കാര്യം പരിശോധിക്കേണ്ടതുണ്ടെന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞിരുന്നു. നേതൃത്വത്തിനെതിരെ വ്യാപകമായ പരാതിയാണ് നിലവിലുള്ളതെന്നും സമൂഹമാധ്യമങ്ങളിലൂടെയാണ് താന്‍ പുതിയ അംഗങ്ങളെക്കുറിച്ച് അറിഞ്ഞതെന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു.

കെപിസിസി അംഗങ്ങളുടെ ജംബോപട്ടിക തയ്യാറാക്കിയത് താന്‍ അറിഞ്ഞില്ലെന്ന് രമേശ് ചെന്നിത്തലയും പരസ്യമായി പ്രതികരിച്ചിരുന്നു. വി.ഡി.സതീശനും കെ സുധാകരനും സ്വന്തം നിലയില്‍ നടത്തിയ നിയമനങ്ങളില്‍ രമേശ് ചെന്നിത്തലയും കടുത്ത അതൃപ്തിയിലാണ്.

കോണ്‍ഗ്രസിന്റെ പ്ലീനറി സമ്മേളനം റായ്പൂരില്‍ പുരോഗമിക്കുമ്പോള്‍ കേരളത്തില്‍ നിന്നുള്ള മുതിര്‍ന്ന നേതാക്കള്‍ നേതൃത്വത്തിനെതിരെ പരസ്യപ്രതികരണവുമായി രംഗത്ത് വരുന്നത് തടയിടാനുള്ള നീക്കത്തിന്റെ ഭാഗമാണ് കെ.സി വേണുഗോപാലിന്റെ പ്രതികരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. മുതിര്‍ന്ന നേതാക്കളുടെ പരാതിയും വിമര്‍ശനവും പരിഹരിക്കാന്‍ പ്ലീനറി സമ്മേളന നഗരിയില്‍ കൂടിയാലോചനകള്‍ക്ക് കോണ്‍ഗ്രസ് നേതൃത്വം ഇടപെടല്‍ നടത്തുന്നുണ്ട്. എന്നാല്‍ വി.ഡി.സതീശന്‍ അടക്കമുള്ള സംസ്ഥാന നേതാക്കള്‍ ഇതിനോട് മുഖംതിരിക്കുന്നുവെന്ന പരാതിയും ഉയരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News