ഉണ്ണി മുകുന്ദന്റെ പോസ്റ്റില്‍ കമന്റിട്ടതിന് വധഭീഷണി

ഉണ്ണി മുകുന്ദനെ വിമര്‍ശിച്ച് ഫെയ്സ്ബുക്ക് പോസ്റ്റില്‍ കമന്റിട്ടതിന് വധ ഭീഷണി പോലും നേരിട്ടിട്ടുണ്ടെന്ന് തുറന്നുപറഞ്ഞ് നടന്‍ സന്തോഷ് കീഴാറ്റൂര്‍. 2021ല്‍ ഹനുമാന്‍ ജയന്തി ആശംസകള്‍ നേര്‍ന്ന് ഹനുമാന്റെ പ്രതിമ കൈയില്‍ പിടിച്ച് നിന്ന ഉണ്ണി മുകുന്ദന്റെ ഫോട്ടോയ്ക്ക് സന്തോഷ് കീഴാറ്റൂര്‍ കമന്റ് ചെയ്തിരുന്നു.

ഹനുമാന്‍ സ്വാമി കൊറോണയില്‍ നിന്ന് നാടിനെ രക്ഷിക്കുമോ എന്നായിരുന്നു സന്തോഷ് കീഴാറ്റൂരിന്റെ കമന്റ്. ഉണ്ണി മുകുന്ദന്‍ ഇതിന് മറുപടിയും നല്‍കിയിരുന്നു. ‘സന്തോഷ് കീഴാറ്റൂര്‍ ചേട്ടാ… നമ്മള്‍ ഒരുമിച്ച് അഭിനയിച്ചവരാ. അതുകൊണ്ട് മാന്യമായി പറയാം. ഞാന്‍ പോസ്റ്റ് ഇട്ടത്, ഞാന്‍ വിശ്വസിക്കുന്ന ദൈവത്തിന് മുമ്പില്‍ എല്ലാവര്‍ക്കും വേണ്ടി പ്രാര്‍ഥിച്ചിട്ടാണ്. ഇതേ പോലുള്ള കമന്റ് ഇട്ട് സ്വയം വില കളയാതെ’ എന്നാണ് കമന്റിന് ഉണ്ണി മുകുന്ദന്‍ മറുപടി നല്‍കിയിരുന്നത്.

ഉണ്ണി മുകുന്ദന്റെ ഈ ഫെയ്സ്ബുക്ക് പോസ്റ്റില്‍ കമന്റ് ചെയ്തതിന്റെ പേരിലാണ് തന്നെ കൊന്നുകളയുമെന്ന് പോലും കുറച്ചുപേര്‍ പറഞ്ഞതെന്ന് ഒരു സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സന്തോഷ് പറഞ്ഞു. ഞാന്‍ അന്ന് ബുദ്ധിമോശത്തില്‍ ഇട്ട ഒരു കമന്റായിരുന്നു അത്. അത്തരത്തില്‍ ഒരു കമന്റിട്ടത് തെറ്റാണെന്ന് താന്‍ സമ്മതിക്കുകയും ചെയ്തിരുന്നുവെന്നും സന്തോഷ് പറഞ്ഞു.

ഞാന്‍ ചെയ്തത് തെറ്റാണെന്ന് സമ്മതിച്ചിട്ട് പോലും ഉണ്ണി മുകുന്ദന്‍ അത് പേഴ്‌സണലായി എടുത്തു. കാരണം പിന്നീടുള്ള പല അഭിമുഖങ്ങളിലും എന്നെ അറിയാത്തത് പോലെയാണ് ഉണ്ണി സംസാരിച്ചത്. എന്നെ അറിയണമെന്നില്ല, പക്ഷേ നമ്മളൊക്കെ മനുഷ്യരല്ലേ എന്നും സന്തോഷ് ചോദിച്ചു. എന്റെ കമന്റ് ഇഷ്ടമായില്ലെങ്കില്‍ ആ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ താഴെ ഒരു കമന്റിട്ടാല്‍ മതിയായിരുന്നു. എല്ലാം കഴിഞ്ഞു, ഇനി ഒരിക്കലും നിങ്ങള്‍ അങ്ങനെ എടുക്കാന്‍ പാടില്ലായിരുന്നു എന്ന് പറഞ്ഞാല്‍ മതിയായിരുന്നുവെന്നും സന്തോഷ് പറഞ്ഞു.

ഈ അടുത്ത കാലത്ത് അദ്ദേഹം തെറി വിളിക്കുന്ന വീഡിയോ ഒക്കെ കണ്ടപ്പോള്‍ എനിക്ക് ഭയങ്കര വിഷമമായി. എന്തിനാണ് അങ്ങനൊക്കെ ചെയ്യുന്നതെന്നും ഹീറോ ആവാനുള്ള എല്ലാ കഴിവും അയാള്‍ക്കുണ്ടെന്നും സന്തോഷ് പറഞ്ഞു. ‘ഞാനും ഉണ്ണി മുകുന്ദനും ഒരുമിച്ച് അഭിനയിച്ച സഹപ്രവര്‍ത്തകരാണ്. അദ്ദേഹത്തിന്റെ മല്ലു സിംഗ് പോലെയുള്ള സിനിമകള്‍ എനിക്ക് ഇഷ്ടമാണെന്നും സന്തോഷ് കീഴാറ്റൂര്‍ കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News