സഹകരിക്കാന്‍ സിസോദിയ, രണ്ടും കല്‍പ്പിച്ച് സിബിഐ

ദില്ലി മദ്യനയ അഴിമതിക്കേസില്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഇന്ന് സി.ബി.ഐക്ക് മുന്നില്‍ ഹാജരാകും. രാവിലെ 11 മണിക്ക് ചോദ്യംചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് സി.ബി.ഐ നോട്ടീസ് നല്‍കിയിരുന്നു. ബജറ്റ് തയാറാക്കുന്നതിന്റെ തിരക്കിലായതിനാല്‍ കഴിഞ്ഞ ഞായറാഴ്ച സിസോദിയ ചോദ്യംചെയ്യലിന് ഹാജരായിരുന്നില്ല.

കഴിഞ്ഞ ഞായറാഴ്ച സിസോദിയയെ ചോദ്യംചെയ്യാനാണ് സിബിഐ തീരുമാനിച്ചിരുന്നത്. എന്നാല്‍ ധനവകുപ്പ് കൂടി കൈകാര്യം ചെയ്യുന്നതിനാല്‍ ബജറ്റ് തയാറാക്കുന്ന തിരക്കിലാണെന്നും ചോദ്യംചെയ്യല്‍ നീട്ടിവയ്ക്കണമെന്നും സിസോദിയ സിബിഐയോട് ആവശ്യപ്പെട്ടിരുന്നു. ഇത് അംഗീകരിച്ചാണ് ഇന്നത്തേക്ക് പുതിയ സമന്‍സ് നല്‍കിയത്.

ചോദ്യം ചെയ്യലിന്റെ പശ്ചാത്തലത്തില്‍ സിസോദിയയുടെ വീടിന് മുന്‍പില്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. സിബിഐ ആസ്ഥാന പരിസരത്ത് നിരോധനാജ്ഞയും പ്രഖ്യാപിച്ചിരിക്കുകയാണ്. ചോദ്യം ചെയ്യലിന്റെ പശ്ചാത്തലത്തില്‍ നേതാക്കളെ വീട്ടുതടങ്കലില്‍ ആക്കിയിരിക്കുകയാണെന്ന് ആം ആദ്മി പാര്‍ട്ടി ആരോപണം ഉന്നയിച്ചിരുന്നു.

‘ഇന്ന് വീണ്ടും സി.ബി.ഐ ഓഫീസിലേക്ക് പോകും. അന്വേഷണത്തോട് പൂര്‍ണമായി സഹകരിക്കും. ലക്ഷക്കണക്കിന് കുട്ടികളുടെ സ്നേഹവും കോടിക്കണക്കിന് ജനങ്ങളുടെ അനുഗ്രഹവും ഞങ്ങള്‍ക്കൊപ്പമുണ്ട്. കുറച്ച് മാസം ജയിലില്‍ കിടക്കേണ്ടി വന്നാലും എനിക്ക് പ്രശ്നമില്ല. രാജ്യത്തിന് വേണ്ടി തൂക്കിലേറ്റപ്പെട്ട ഭഗത് സിങ്ങിന്റെ അനുയായിയാണ് ഞാന്‍’ എന്നാണ് സിസോദിയ ട്വീറ്റ് ചെയ്തത്. സി.ബി.ഐ ഓഫീസിലെത്തും മുന്‍പ് മഹാത്മാഗാന്ധിയുടെ സമാധിസ്ഥലമായ രാജ്ഘട്ട് സന്ദര്‍ശിക്കുമെന്നും സിസോദിയ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News