ജാമ്യവ്യവസ്ഥ ലംഘിച്ചു, എല്‍ദോസ് കുന്നപ്പിള്ളി വീണ്ടും കുരുക്കില്‍

എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ വീണ്ടും കുരുക്കില്‍. ബലാത്സംഗ കേസില്‍ ജാമ്യ വ്യവസ്ഥ ലംഘിച്ച് എല്‍ദോസ് കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തില്‍ പങ്കെടുത്തു. എല്‍ദോസ്  കുന്നപ്പിള്ളി  സംസ്ഥാനം  വിടരുതെന്നായിരുന്നു ജാമ്യ വ്യവസ്ഥ. ഇത്  ലംഘിച്ചാണ് റായ്പൂരില്‍  പരിപാടിയില്‍ പങ്കെടുത്തത്. ജാമ്യ വ്യവസ്ഥയില്‍ കോടതി ഇളവ് നല്‍കിയിട്ടില്ലെന്ന്  എംഎല്‍എ  തന്നെ സ്ഥിരീകരിച്ചു.

ബലാത്സംഗ കേസില്‍ പ്രതിയായ പെരുമ്പാവൂര്‍ എം എല്‍ എ എല്‍ദോസ് കുന്നപ്പിള്ളിക്ക്  തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യമനുവദിച്ച ഉത്തരവിലെ വിവിധ ജാമ്യ വ്യവസ്ഥകളാണിത്. 2022 ഡിസംബറിലെ ഈ ഉത്തരവില്‍ പറയുന്നത് അന്വേഷണം പൂര്‍ത്തിയാകും വരെ മജിസ്‌ട്രേറ്റിന്റെ അനുമതി ഇല്ലാതെ സംസ്ഥാനം വിട്ടുപോകരുത് എന്നാണ്.

കേസില്‍ ഇതുവരെ കുറ്റപത്രം നല്‍കിയിട്ടില്ല. കോടതിയാകട്ടെ ജാമ്യ വ്യവസ്ഥയില്‍ ഇളവും നല്‍കിയിട്ടില്ല. പക്ഷേ  എംഎല്‍എ ഇപ്പോഴുള്ളതാകട്ടെ കോണ്‍ഗ്രസ് പ്ലീനറി സമ്മേളനം നടക്കുന്ന  ഛത്തീസ്ഗഡിലെ റായ്പൂരിലും. ജാമ്യ വ്യവസ്ഥ ലംഘിച്ച് സംസ്ഥാനത്തിന് പുറത്ത് യാത്ര നടത്തിയതിന് തെളിവായി  പ്രതിപക്ഷ നേതാവിന്റെയും  കെ പി സി സി അധ്യക്ഷന്റെയും കൂടെ  റായ്പൂരില്‍ നില്‍ക്കുന്ന ചിത്രങ്ങള്‍ എം എല്‍ എ തന്നെ സ്വന്തം ഫെയ്‌സ്ബുക്ക് അക്കൗണ്ടില്‍  പോസ്റ്റും ചെയ്തിട്ടുണ്ട്.

കോടതി  ജാമ്യ വ്യവസ്ഥയില്‍ ഇളവ്  നല്‍കിയിട്ടില്ലെന്ന് വിശദീകരിക്കുന്ന എല്‍ദോസ് കുന്നപ്പള്ളി എംഎല്‍എ അപേക്ഷ നല്‍കിയിട്ടുണ്ടെന്നാണ്  വിശദീകരിക്കുന്നത്. പക്ഷേ അപേക്ഷയുടെ പകര്‍പ്പ് ചോദിച്ചെങ്കിലും കിട്ടിയില്ല. ജാമ്യ വ്യവസ്ഥ ലംഘിച്ച എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കാന്‍ ആവശ്യപ്പെട്ട്  കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് പീഡന പരാതി നല്‍കിയ യുവതി.

അതേസമയം ബലാത്സംഗ കേസില്‍ കോണ്‍ഗ്രസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യപ്പെട്ട എല്‍ദോസ് എങ്ങനെയാണ് കോണ്‍ഗ്രസിന്റെ പ്ലീനറി സമ്മേളനത്തില്‍ പങ്കെടുത്തത് എന്നതും വിവാദമാണ്. ഇക്കാര്യത്തില്‍ യുവതി  രാഹുല്‍ ഗാന്ധിക്കും കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും പ്രതിപക്ഷ നേതാവ് വിഡി സതീശനും പരാതി നല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News