വിദ്യാർത്ഥികൾക്കെതിരെ ജാതി അധിക്ഷേപവുമായി മുൻ പ്രിൻസിപ്പാൾ രമ

കാസർക്കോട്‌ ഗവ. കോളേജിൽ വിദ്യാർത്ഥികളെ പൂട്ടിയിട്ട സംഭവത്തിൽ ചുമതലയിൽ നിന്ന്‌ നീക്കിയ മുൻ പ്രിൻസിപ്പാൾ ഡോ. എം. രമക്കെതിരെ കൂടുതൽ പരാതികൾ. ജാതി അധിക്ഷേപമുണ്ടാക്കുന്ന രമയുടെ പരമാർശമാണ്‌ വിവാദമാകുന്നത്‌. കാമ്പസിൽ സംവരണ വിഭാഗത്തിൽ പ്രവേശനം നേടിയ വിദ്യാർത്ഥികളാണ്‌ പ്രശ്‌നക്കാർ എന്നാണ് ഇവരുടെ ആരോപണം.

കോളേജിൽ എല്ലാവർക്കും 97 ശതമാനം മാർക്കുണ്ട്. അവരൊന്നും ഗുണ്ടകളല്ല. എന്നാൽ സംവരണത്തിലൂടെ വന്ന അഞ്ച് ശതമാനം വിദ്യാർത്ഥികളാണ് കുഴപ്പമുണ്ടാക്കുന്നത് എന്നാണ് രമ ആരോപിക്കുന്നത്. മുമ്പ് ഇവർ ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലെ പരാമർശങ്ങളും വിവാദമായിരുന്നു. കാമ്പസിലെ വിദ്യാർഥികൾ സദാചാര വിരുദ്ധരാണ്. കോളേജിന് സമീപത്തെ ഓട്ടോറിക്ഷ തൊഴിലാളികളോട് ചോദിച്ചാൽ കുട്ടികൾ ചെയ്യുന്ന വൃത്തികേടുകൾ അറിയാമെന്നുമായിരുന്നു ഇവരുടെ പരാമർശം. രമക്കെതിരെ പൊലീസിലും വനിതാകമ്മീഷനിലും എസ്‌സി – എസ്‌ടി നിയമപ്രകാരവും പരാതി നൽകുമെന്ന്‌ എസ്‌എഫ്‌ഐ നേതാക്കൾ അറിയിച്ചു.

നേരത്തേ കോളേജിലെ കുടിവെള്ള പ്രശ്നം പരിഹരിക്കണമെന്ന് പരാതി പറയാനെത്തിയ വിദ്യാർത്ഥികളെ മുറിയിൽ പൂട്ടിയിട്ടതിനെ തുടർന്നാണ് രമയെ പ്രിൻസിപ്പാൾ ചുമതലയിൽ നിന്നും മാറ്റിയത്. വിദ്യാർത്ഥികൾ ഉന്നയിച്ച പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ കുടിവെള്ള പരിശോധനയിൽ മല വിസർജനത്തിൽ കാണുന്ന ഇ കോളി ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News