അദാനിയും മോദിയും ഒന്നെന്ന് രാഹുല്‍ ഗാന്ധി

കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് പ്ലീനറി സമ്മേളന വേദിയില്‍ രാഹുല്‍ ഗാന്ധി. അദാനിയും മോദിയും ഒന്നാണെന്നും അദാനിയെ ശതകോടീശ്വരനാക്കിയത് കേന്ദ്രസര്‍ക്കാരിന്റെ നയങ്ങളാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. അദാനിയെ സംരക്ഷിക്കുന്നതെന്തിനാണെന്ന തന്റെ ലളിതമായ ചോദ്യത്തിന് പ്രധാനമന്ത്രിക്ക് ഉത്തരമില്ല. ഒരു തരത്തിലും ഉന്നയിച്ച ചോദ്യത്തില്‍ നിന്നും താന്‍ പിന്നോട്ട് പോകില്ല. സത്യം പുറത്ത് വരുന്നത് വരെ പോരാട്ടം തുടരുമെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.

പ്രധാനമന്ത്രിയും, മന്ത്രിമാരും, സര്‍ക്കാരും അദാനിയുടെ രക്ഷകരാകുന്നു. വിമര്‍ശിക്കുന്നവരെയെല്ലാം അവര്‍ രാജ്യദ്രോഹികളാക്കുന്നുവെന്നും രാഹുല്‍ പറഞ്ഞു.എയര്‍പോര്‍ട്ടുകള്‍, തുറമുഖങ്ങള്‍, പ്രതിരോധ മേഖല, കാര്‍ഷിക മേഖല, തുടങ്ങിയ എല്ലാ മേഖലയിലും ധനം ഒരു വ്യക്തിയിലേക്ക് മാത്രം എത്തുന്നു. പ്രതിരോധ മേഖലയില്‍ വരെ അദാനിയുടെ ഷെല്‍ കമ്പനികള്‍ പ്രവര്‍ത്തിക്കുന്നു. ഷെല്‍ കമ്പനികളെ സംബന്ധിച്ച നിഗൂഢത അങ്ങനെ തുടരുകയാണ്. ഈസ്റ്റ് ഇന്ത്യ കമ്പനിയും ഒരു കമ്പനി ആയിരുന്നു. ഇന്ത്യയുടെ എല്ലാ സമ്പത്തും അവര്‍ കൊണ്ട് പോയി.ആ ചരിത്രം ആവര്‍ത്തിക്കുകയാണെന്നും അദാനി കമ്പനിയും എല്ലാം കൊണ്ട് പോകുന്നുവെന്നും രാഹുല്‍ കുറ്റപ്പെടുത്തി. ഈസ്റ്റ് ഇന്ത്യ കമ്പനിയെ നേരിട്ടത് പോലെ കോണ്‍ഗ്രസ് അദാനിയെ നേരിടും. അത് ഒരു തപസ്യയാണെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.

മോദി – അദാനി സംവിധാനത്തിനെതിരായ പോരാട്ടത്തില്‍ എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകരും അണി ചേരണം. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ അതിനുള്ള പദ്ധതികള്‍ക്ക് രൂപം നല്‍കണം. താനടക്കം എല്ലാവരും അതില്‍ അണിചേരുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു

ലക്ഷക്കണക്കിന് ജനങ്ങള്‍ ഇന്ത്യയിലുടനീളം ഭാരത് ജോഡോ യാത്രയില്‍ അണിചേര്‍ന്നു. പ്രതികൂല കാലാവസ്ഥകളെ അവഗണിച്ചായിരുന്നു യാത്രയില്‍ ഉടനീളം ജനങ്ങള്‍ പങ്കാളികളായത്. കാശ്മീരിലെ ലാല്‍ ചൗക്കില്‍ ദേശീയ പതാക ഉയര്‍ത്താന്‍ ഇപ്പോള്‍ നരേന്ദ്ര മോദിക്ക് കഴിയുമോ? കാശ്മീരിലെ യുവാക്കളുടെ ഹൃദയം കവര്‍ന്നത് കൊണ്ടാണ് തനിക്ക് അതിന് സാധിച്ചത്. കശ്മീരിലെ യുവാക്കള്‍ തീവ്രവാദികളല്ല എന്നും പ്ലീനറി സമ്മേളനത്തില്‍ രാഹുല്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News