അടിമുടി മാറ്റം വിഭാവനം ചെയ്ത് കോണ്‍ഗ്രസ്, ഒരു മാറ്റവുമില്ലാതെ കേരള നേതാക്കള്‍

അടിമുടി മാറ്റം വിഭാവനം ചെയ്താണ് കോണ്‍ഗ്രസിന്റെ എണ്‍പത്തിയഞ്ചാം പ്ലീനറി സമ്മേളനത്തിന് ഛത്തീസ്ഗഢിലെ റായ്പൂരില്‍ കൊടി ഉയര്‍ന്നത്. എന്നാല്‍ ഒരിഞ്ച് മാറില്ല എന്ന പ്രഖ്യാപനവുമായാണ് കേരളത്തിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ റായ്പൂരിനെയും ചക്കളത്തിപ്പോരിന് വേദിയാക്കുന്നത്. സമ്മേളനത്തിന്റെ അവസാന ദിനത്തിലും നിറഞ്ഞ് നിന്നത് കേരളത്തിലെ സംഘടനാ  പ്രശ്‌നങ്ങളും അതിന്റെ പേരിലുള്ള തര്‍ക്കങ്ങളുമാണ്.

സംസ്ഥാന നേതൃത്വവുമായുള്ള അഭിപ്രായ ഭിന്നത കാരണം മുന്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്ലീനറി സമ്മേളനം ബഹിഷ്‌ക്കരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ എ.ഐ.സി.സി-കെ.പി.സി.സി അംഗങ്ങളുടെ പട്ടിക തയ്യാറാക്കിയതുമായി ബന്ധപ്പെട്ട തമ്മിലടി തുടങ്ങുന്നത്. കെ.സി വേണുഗോപാലിന്റെ താല്‍പ്പര്യം സംരക്ഷിച്ചുകൊണ്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശനും കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരനും ഇഷ്ടക്കാരെ തിരുകി കയറ്റിയെന്നാണ് കേരളത്തില്‍ നിന്നുള്ള മുതിര്‍ന്ന നേതാക്കളുടെ പരാതി.

അനര്‍ഹരെ അടക്കം ഉള്‍പ്പെടുത്തി ഏകപക്ഷീയമായി തയ്യാറാക്കിയ പട്ടികയ്‌ക്കെതിരെ അതിരൂക്ഷമായ പ്രതികരണമാണ് കേരളത്തില്‍ നിന്നുള്ള മുതിര്‍ന്ന നേതാക്കള്‍ നടത്തിയത്. മുന്‍ കെ.പി.സി.സി പ്രസിന്റുമാരായ മുല്ലപ്പള്ളി രാമചന്ദ്രന്‍, രമേശ് ചെന്നിത്തല നിലവിലെ കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എന്നിവര്‍ സംസ്ഥാന നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കി പരസ്യമായി രംഗത്ത് വന്നിരുന്നു. പട്ടികയ്‌ക്കെതിരെ കൊടിക്കുന്നില്‍ സുരേഷ് എഐസിസി നേതൃത്വത്തിന് പരാതി നല്‍കിയിരുന്നു.

കോണ്‍ഗ്രസ് അധ്യക്ഷന്‍ ചുമതലപ്പെടുത്തിയ താരിഖ് അന്‍വര്‍ വിഷയപരിഹാരത്തിനായി യോഗം വിളിച്ചിരുന്നു. എന്നാല്‍ അസൗകര്യം പറഞ്ഞ് വി.ഡി സതീശന്‍ പിന്മാറിയതോടെ ഈ യോഗം തന്നെ ഉപേക്ഷിക്കുകയായിരുന്നു.പ്രശ്‌നപരിഹാരത്തിന് സതീശന്‍ തയ്യാറാകുന്നില്ലെന്ന്  ആരോപണവും ഇതോടെ ഉയര്‍ന്നിട്ടിട്ടുണ്ട്. ഇതിനിടെ പല മുതിര്‍ന്ന നേതാക്കളെയും പ്രശ്‌നപരിഹാര യോഗത്തിലേക്ക് ക്ഷണിച്ചില്ലെന്ന പരാതിയും ഉയരുന്നുണ്ട്.

കേരളത്തില്‍ നിന്നും അംഗീകാരത്തിനായി അയച്ച കെപിസിസി ലിസ്റ്റ് അംഗീകാരം നല്‍കാതെ കേന്ദ്ര നേതൃത്വം തടഞ്ഞുവെച്ചിരിക്കുകയാണ്. ഇതിന്റെ പശ്ചാത്തലത്തില്‍ കൂടിയായിരുന്നു താരിഖ് അന്‍വര്‍ യോഗം വിളിച്ചത്. അനര്‍ഹരെ വ്യാപകമായി പട്ടികയില്‍ തിരുകി കയറ്റി എന്ന വിമര്‍ശനം വ്യാപകമായതോടെയാണ് കെപിസിസി ലിസ്റ്റിന് അംഗീകാരം നല്‍കുന്നത് ഹൈക്കമാന്‍ഡ് മാറ്റിവെച്ചത്. എന്നാല്‍ ഈ പട്ടിക മരവിപ്പിക്കണം എന്ന ആവശ്യമാണ് ഇപ്പോള്‍ ഉയരുന്നത്. കൂടിയാലോചന നടത്താതെ സംസ്ഥാനനേതൃത്വം പട്ടികയുണ്ടാക്കി നല്‍കിയെന്നും അനര്‍ഹരെ വ്യാപകമായി പട്ടികയില്‍ തിരുകിക്കയറ്റിയെന്നുമാണ് പട്ടികയെപ്പറ്റി  ഉയരുന്ന പരാതി. ഉടന്‍ ചര്‍ച്ച നടത്തി  പ്രശ്‌ന പരിഹാരത്തിന് ഹൈക്കമാന്‍ഡ് നീക്കം നടത്തുന്നുണ്ടെങ്കിലും ഇരു വിഭാഗവും വിട്ടുകൊടുക്കാന്‍ തയ്യാറല്ല എന്നാണ് സൂചനകള്‍.

നിലവിലെ 323 പേര്‍ക്ക് പുറമെ 50 ഓളം പേരെക്കൂടി കെപിസിസി അംഗങ്ങളായി നാമനിര്‍ദ്ദേശം ചെയ്യാന്‍ തീരുമാനിച്ചാണ് കേന്ദ്ര നേതൃത്വത്തിന് പട്ടിക സമര്‍പ്പിച്ചത്. വോട്ടവകാശമില്ലെങ്കിലും പ്ലീനറി സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഇവര്‍ക്കും അവസരമൊരുക്കുകയെന്ന ലക്ഷ്യത്തോടെയാണ് കരട് പട്ടിക പ്ലീനറി സമ്മേളനത്തിന് തൊട്ടുമുമ്പായി തയ്യാറാക്കിയത്. പട്ടികയില്‍ ഉള്‍പ്പെട്ട പലരും സംസ്ഥാന നേതൃത്വത്തിന്റെ  ഉറപ്പിന്റെ അടിസ്ഥാനത്തില്‍ റായ്പൂരില്‍ എത്തിയിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് നേതൃത്വം മുഖം തിരിച്ചതോടെ പട്ടികയില്‍ ഉള്‍പ്പെട്ട പലര്‍ക്കും സമ്മേളനത്തില്‍ പങ്കെടുക്കാന്‍ സാധിച്ചില്ലെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്തായാലും കേരളത്തിലെ സംഘടനാ വിഷയങങ്ങളുടെ വിഴുപ്പലക്കല്‍ റായ്പൂരില്‍ പുരോഗമിക്കുന്നതില്‍ കോണ്‍ഗ്രസ് കേന്ദ്രനേതൃത്വം അസംതൃപ്തരാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News