ചൂടുകാലത്ത് ശരീരം തണുപ്പിക്കാം

ഓരോ ദിനവും ചൂട് കൂടി വരുന്ന അവസ്ഥയാണ് നിലവിലുള്ളത്. ചൂട് കാലത്ത് ചില ഭക്ഷണങ്ങള്‍ കൂടുതല്‍ കഴിക്കുന്നതു വഴിയും ചിലത് ഒഴിവാക്കുന്നതു വഴിയും ആരോഗ്യം സംരക്ഷിക്കാം. അവ ഏതൊക്കെയാണെന്ന് നോക്കാം.

ചൂടുകാലത്ത് ധാരാളം വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണ്. എന്നാല്‍, വെയിലുള്ള ഇടത്ത് നിന്ന് വന്നയുടന്‍ ഫ്രിഡ്ജില്‍ ഇരിക്കുന്ന തണുത്ത വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല. എപ്പോഴും തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കുക. ചൂടുകാലത്ത് ഒരു ദിവസം കുറഞ്ഞത് പത്ത് ഗ്ലാസ് വെള്ളമെങ്കിലും കുടിക്കേണ്ടതുണ്ട്.

എളുപ്പം ദഹിക്കുന്ന തരത്തിലുള്ള ഭക്ഷണമാണ് ചൂടുകാലത്ത് ഏറ്റവും നല്ലത്. വേവ് കുറഞ്ഞ അരിയുടെ ചോറും കഞ്ഞിയും കുടിക്കുന്നത് ദഹനത്തിന് നല്ലതാണ്. പച്ചക്കറികളും ഇലക്കറികളും ഭക്ഷണത്തില്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തുകയും വേണം. വെള്ളരി, കുമ്പളം, പടവലം, മത്തന്‍, തക്കാളി എന്നിവയെല്ലാം ചൂടുകാലത്ത് അനുയോജ്യമാണ്. വിവിധ പഴങ്ങളുടെ കാലം കൂടിയാണ് വേനല്‍ക്കാലം. ചക്ക, മാങ്ങ തുടങ്ങി നാട്ടില്‍ കിട്ടുന്ന എന്ത് പഴവും പരമാവധി കഴിക്കാം. ഞാലിപ്പൂവനും കദളിപ്പഴവും തണ്ണിമത്തനും ഓറഞ്ചുമെല്ലാം വേനല്‍ച്ചൂട് കുറക്കാന്‍ ശരീരത്തെ സഹായിക്കും.

തൈരും മോരും ചെറുനാരങ്ങാവെളളവുമെല്ലാം ധാരാളമായി ഉപയോഗിക്കാവുന്നതാണ്. നാരങ്ങാ വെള്ളം ഉപ്പിട്ടു കലക്കുന്നതാണ് നല്ലത്. വിയര്‍പ്പിലൂടെ നഷ്ടമാകുന്ന സോഡിയം ക്ലോറൈഡ് പൊട്ടാസ്യം തുടങ്ങിയ ലവണങ്ങളെ ശരീരത്തിലെത്തിക്കാന്‍ ഈ ഉപ്പിട്ട മോരുവെള്ളത്തിനും ചെറുനാരങ്ങാ വെള്ളത്തിനുമെല്ലാം കഴിയും.

അതേസമയം, മാംസാഹാരങ്ങളും ഫാസ്റ്റ് ഫുഡും വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങളും പരമാവധി ഒഴിവാക്കേണ്ടതുണ്ട്. മാംസാഹാരം നിര്‍ബന്ധമുള്ളവര്‍ക്ക് ആട്ടിറച്ചി ഉപയോഗിക്കാവുന്നതാണ്. എന്നാല്‍, ചൂടുകാലത്ത് മത്സ്യം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതില്‍ പ്രശ്‌നമില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News