ദില്ലി മദ്യനയക്കേസില്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ അറസ്റ്റ് ചെയ്ത നടപടിയില്‍ പ്രതികരണവുമായി ആം ആദ്മി പാര്‍ട്ടി. നടപടി ബിജെപിയുടെ രാഷ്ട്രീയ പകപോക്കലാണ്. അന്വേഷണ ഏജന്‍സികളെ കേന്ദ്രസര്‍ക്കാര്‍ എങ്ങനെയാണ് ഉപയോഗിക്കുന്നതെന്ന് വ്യക്തമാക്കുന്നതാണ് സിബിഐ നടപടി. ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളുടെ ഭാവി നിര്‍ണയിക്കാനിരുന്ന മന്ത്രിയെയാണ് അറസ്റ്റ് ചെയ്തതെന്നും എഎപി ആരോപിച്ചു.
രാവിലെ എഎപി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തതിന് ശേഷമാണ്
മനീഷ് സിസോദിയ സിബിഐ ആസ്ഥാനത്ത് ചോദ്യം ചെയ്യലിന് ഹാജരായത്. താന്‍ ഏഴോ എട്ടോ മാസം ജയിലില്‍ കിടന്നാലും തനിക്ക് വേണ്ടി ദുഃഖിക്കരുത്, മറിച്ച് തന്നെയോര്‍ത്ത് അഭിമാനിക്കണമെന്നാണ് സിസോദിയ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് പറഞ്ഞത്. നരേന്ദ്ര മോദിക്ക് അരവിന്ദ് കെജ്രിവാളിനെ ഭയമാണെന്നും അതിനാല്‍ തന്നെ കള്ളക്കേസില്‍ കുടുക്കുകയാണെന്നും സിസോദിയ ആരോപിച്ചിരുന്നു.
2021ല്‍ ആം ആദ്മി പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ദില്ലിയില്‍ കൊണ്ടുവന്ന പുതിയ മദ്യനയമാണ് കേസിനാധാരം. പുലര്‍ച്ചെ മൂന്ന് മണിവരെ കടകള്‍ തുറക്കാം, മദ്യത്തിന്റെ ഹോം ഡെലിവറി തുടങ്ങി നിരവധി നയമാറ്റങ്ങള്‍ ഇതിലുണ്ടായി. വ്യാജമദ്യം ഇല്ലാതാക്കുക, കരിഞ്ചന്ത ഒഴിവാക്കുക, ഉപയോക്താക്കള്‍ക്ക് കൂടുതല്‍ സൗകര്യം ഒരുക്കുക, വരുമാനം വര്‍ധിപ്പിക്കുക എന്നിവയായിരുന്നു സര്‍ക്കാരിന്റെ ലക്ഷ്യം എന്നാണ് വ്യക്തമാക്കിയത്. എന്നാല്‍, സര്‍ക്കാര്‍ പൂര്‍ണമായും പിന്മാറി, സ്വകാര്യ മേഖലയെ സഹായിക്കുന്ന മദ്യനയം, കോഴ വാങ്ങി നടപ്പാക്കിയെന്ന് ആരോപണം ഉയര്‍ന്നു. തുടര്‍ന്ന്, ലഫ്റ്റനന്റ് ഗവര്‍ണര്‍ ഇടപെട്ടതോടെ പുതിയ മദ്യനയം നടപ്പാക്കുന്നതില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറി.
സ്വകാര്യ കമ്പനികള്‍ നയരൂപീകരണത്തില്‍ പങ്കാളിയായെന്നും ഇതിന് അധികൃതര്‍ കോഴ വാങ്ങിയെന്നുമാണ് സിബിഐയുടെ വാദം. പുതിയ മദ്യനയം നടപ്പാക്കിയിരുന്നെങ്കില്‍ 12 ശതമാനം ലാഭം സ്വകാര്യ കമ്പനികള്‍ക്ക് അധികമായി ലഭിച്ചേനെയെന്നാണ് സിബിഐ കണ്ടെത്തല്‍. സിബിഐക്ക് പുറമേ ഇടപാടിലെ കള്ളപ്പണവുമായി ബന്ധപ്പെട്ട് ഇ.ഡിയും കേസെടുത്തിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here