പാലക്കാട് ആനക്കര പഞ്ചായത്തിലെ മലമല്‍ക്കാവ് എല്‍പി സ്‌കൂളിന് സമീപം വീടിനുള്ളില്‍ വന്‍ സ്‌ഫോടനം. പൊട്ടിത്തെറിയില്‍ വീട് പൂര്‍ണമായും തകര്‍ന്നു. മലമല്‍ക്കാവില്‍ അരീക്കാട് റോഡിന് സമീപം വീട്ടില്‍ കരിമരുന്ന് പ്രയോഗത്തിനായി സൂക്ഷിച്ചിരുന്ന വെടിമരുന്ന് പൊട്ടിത്തെറിച്ചാണ് വന്‍ അപകടമുണ്ടായത് എന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. സമീപത്തെ ക്ഷേത്രത്തിലെ വെടിമരുന്ന് തൊഴിലാളിയും വെടിക്കെട്ടിന് കരിമരുന്ന് പ്രവൃത്തി നടത്തുന്ന തൊഴിലാളിയുമായ കുന്നുമ്മല്‍ പ്രഭാകരന്റെ വീടാണ് സ്‌ഫോടനത്തില്‍ പൂര്‍ണമായും തകര്‍ന്നത്.
അപകടത്തില്‍ 5 പേര്‍ക്ക് പരുക്കേറ്റു. സമീപത്തെ 5 വീടുകള്‍ ഭാഗികമായി തകര്‍ന്നു. ഗൃഹനാഥനായ പ്രഭാകരന്‍ (55), ഭാര്യ ശോഭ (45), മകന്റെ ഭാര്യ വിജിത (22), വിജിതയുടെ മക്കളായ നിവേദ് കൃഷ്ണ, അശ്വന്ത് എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടേയും പരുക്ക് ഗുരുതരമല്ല.
ഞായറാഴ്ച രാത്രി 8:50ഓടെയാണ് സംഭവം. നിലവിളി കേട്ട് നാട്ടുകാര്‍ ഓടിക്കൂടിയപ്പോഴേക്കും വീട് തകര്‍ന്നിരുന്നു. പ്രഭാകരന്റെ വീട്ടില്‍ രണ്ട് ഗ്യാസ് സിലിണ്ടര്‍ ഉണ്ടായിരുന്നെങ്കിലും അവ പൊട്ടിത്തെറിച്ചിട്ടില്ലെന്ന് ഫയര്‍ ഫോഴ്‌സ് അധികൃതര്‍ പറഞ്ഞു. ഫോറന്‍സിക് പരിശോധനക്ക് ശേഷം മാത്രമേ സ്‌ഫോടന കാരണം വ്യക്തമാകുകയുള്ളൂ എന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. പട്ടാമ്പിയില്‍ നിന്നും അഗ്‌നിശമന സേനാ യൂണിറ്റ് എത്തിയാണ് തീയണച്ചത്. തൃത്താല പൊലീസും സംഭവ സ്ഥലത്തെത്തി.
സമീപത്തെ റോഡിലെ വൈദ്യുതലൈനുകള്‍ സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ പൊട്ടിവീണു. ഇതേത്തുടര്‍ന്ന് പ്രദേശത്ത് വൈദ്യുതി വിതരണം തടസ്സപ്പെട്ടു. സ്‌ഫോടനത്തിന്റെ പ്രകമ്പനം 10 കിലോമീറ്റര്‍ ചുറ്റളവില്‍ കുറ്റിപ്പുറം, എടപ്പാള്‍, കാലടി, വട്ടംകുളം തുടങ്ങി സമീപ പ്രദേശങ്ങളില്‍ അനുഭവപ്പെട്ടതായി പ്രദേശവാസികള്‍ പറഞ്ഞു. തുടര്‍ന്ന് സമീപ പ്രദേശവാസികളെല്ലാം ഭൂചലനമാണെന്ന നിഗമനത്തിലായിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here