മുങ്ങിയതല്ല…മുന്‍കൂര്‍ തീരുമാനിച്ചതാണ്, ഇസ്രയേല്‍ ദിനങ്ങളെക്കുറിച്ച് ബിജു

പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കാനാണ് താന്‍ പോയതെന്ന് ആധുനിക കൃഷിരീതി പഠിക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ സംഘത്തിനൊപ്പം പോയി ഇസ്രയേലില്‍ കാണാതായ ഇരിട്ടി സ്വദേശി ബിജു കുര്യന്‍. താന്‍ സംഘത്തില്‍ നിന്നും മുങ്ങുകയല്ലായിരുന്നെന്നും പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കുകയായിരുന്നു തന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ബെത്ലഹേമും ജറുസലേമും സന്ദര്‍ശിക്കുക എന്നത് ഇസ്രയേലിലേക്ക് പുറപ്പെടുന്നതിന് മുമ്പേ തീരുമാനിച്ചതാണ്. സംഘാംഗങ്ങളോട് അനുമതി തേടിയാല്‍ നല്‍കില്ല എന്നുറപ്പുള്ളത് കൊണ്ടാണ് പറയാതെ പോയത്. അതിന് താന്‍ സര്‍ക്കാരിനോടും സംഘാംഗങ്ങളോടും മാപ്പ് ചോദിക്കുന്നു എന്നും ബിജു പറഞ്ഞു.

ഫെബ്രുവരി പത്തൊമ്പതാം തീയതി ഞായറാഴ്ചയായിരുന്നു സംഘത്തോടൊപ്പം തിരിച്ചു വരേണ്ടിയിരുന്നത്. താന്‍ അവരില്‍ നിന്നും മാറി ആദ്യ ദിവസം ബെത്ലഹേമിലേക്ക് പോയി. അടുത്ത ദിവസം ജറുസലേമും സന്ദര്‍ശിച്ചു. ശനിയാഴ്ച തിരിച്ചുവരാന്‍ ശ്രമിക്കുമ്പോള്‍ വാട്സാപ്പ് വഴിയും മറ്റ് മാധ്യമങ്ങള്‍ വഴിയും ബന്ധപ്പെടാനുള്ള പ്രശ്നങ്ങള്‍ നേരിട്ടതിനെ തുടര്‍ന്ന് അതിന് കഴിഞ്ഞില്ല. എന്താണ് ചെയ്യേണ്ടത് എന്നറിയാത്ത അവസ്ഥയിലായിരുന്നു താന്‍. എന്നാല്‍, സംഘാംഗങ്ങള്‍ നാട്ടിലേക്ക് തിരിക്കുന്നതിന് മുമ്പ് അവര്‍ക്കൊപ്പം ചേരാം എന്ന തന്റെ കണക്കുകൂട്ടല്‍ തെറ്റി. പിന്നീട്, മോശമായ അനുഭവങ്ങളാണ് ഓരോ കാര്യത്തിലും നേരിടേണ്ടി വന്നത്.ആ വിഷമതകള്‍ ഉള്ളതുകൊണ്ട് മറ്റ് കാര്യങ്ങളൊന്നും ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ല. അവിടെ തന്നെ തുടരേണ്ട അവസ്ഥ വന്നു. അങ്ങനെയൊരു ഘട്ടത്തില്‍ സംഘത്തിനൊപ്പം ഞായറാഴ്ച തിരിച്ച് നാട്ടില്‍ എത്തിച്ചേരാന്‍ കഴിഞ്ഞില്ല. വീട്ടുകാരോട്, സഹയാത്രികരായ 26 പേരോട്, കൃഷി വകുപ്പിനോട്, പ്രിന്‍സിപ്പല്‍ സെക്രട്ടറി അശോകന്‍ സാറിനോട്, മന്ത്രിയോട്, സര്‍ക്കാരിനോട്, എല്ലാവരോടും നിര്‍വ്യാജം മാപ്പ് ചോദിക്കുന്നുവെന്നാണ് കേരളത്തിലെത്തിയ ബിജു പറയുന്നത്.

ഇന്റര്‍നെറ്റ് സൗകര്യം ലഭിക്കാത്തതിനാലും ഐഎസ്ഡി കോളുകള്‍ വിളിക്കാന്‍ സാധിക്കാനാവാത്തതിലും താന്‍ നേരിട്ട പ്രശ്‌നങ്ങള്‍ ആരെയും അറിയിക്കാന്‍ കഴിഞ്ഞില്ല. സാമൂഹ്യ മാധ്യമങ്ങളിലും മറ്റും പ്രചരിച്ച, താന്‍ മുങ്ങിയെന്ന വാര്‍ത്തകള്‍ മനോവിഷമമുണ്ടാക്കി. തന്നെ ആരെങ്കിലും കണ്ടെത്തുകയോ ഏജന്‍സികള്‍ പിടികൂടുകയോ ആയിരുന്നില്ല. നാട്ടില്‍ നിന്ന് സഹോദരന്‍ അയച്ചുതന്ന ടിക്കറ്റിലാണ് തിരിച്ചെത്തിയതെന്നും ബിജു പറയുന്നു.

അതേസമയം, ബഹ്റൈന്‍ വഴിയുള്ള എയര്‍ ഗള്‍ഫ് വിമാനത്തില്‍ കരിപ്പൂര്‍ വിമാനത്താവളത്തിലാണ് തിങ്കളാഴ്ച പുലര്‍ച്ചെ 4 മണിയോടെ ബിജു എത്തിയത്. ബിജുവിനെ കാത്ത് സഹോദരന്‍ വിമാനത്താവളത്തിലുണ്ടായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News