പ്രതിപക്ഷം സര്‍വ്വസജ്ജമായിരുന്ന കാലത്ത് പോലും താന്‍ ഒറ്റത്തടിയായി നിന്നിരുന്നു

കേരളത്തില്‍ ഇപ്പോള്‍ യുഡിഎഫും ബിജെപിയും നടത്തുന്ന സമരത്തിന് ജനപിന്തുണയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിപക്ഷവും ബിജെപിയും ചേര്‍ന്നുള്ള സമരത്തിന്റെ കാരണം വ്യക്തമല്ല. പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് സെസ് ഏര്‍പ്പെടുത്തിയതിലേക്ക് നയിച്ച കാരണങ്ങള്‍ എന്തെന്ന് ജനങ്ങള്‍ക്കറിയാമെന്നും മുഖ്യമന്ത്രി പറഞ്ഞു. ബജറ്റിലെ നികുതി വര്‍ദ്ധനവിനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് മര്‍ദ്ദിച്ച സംഭവം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ അടിയന്തിര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

കേന്ദ്രസര്‍ക്കാര്‍ 13 തവണ സെസ് ഏര്‍പ്പെടുത്തി. ഇന്ന് സമരം ചെയ്യുന്നവര്‍ അന്ന് നിശബ്ദരായിരുന്നെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. പ്രതിപക്ഷത്തിന് അധമ ബോധമാണ്, അവര്‍ പറയുന്നത് സ്വന്തം അണികള്‍ പോലും വിശ്വസിക്കുകയില്ല. കേരളത്തിന്റെ പൊതുവായ വികാരം പ്രതിപക്ഷം മനസിലാക്കുന്നില്ല. എല്ലാ കാര്യങ്ങളിലും രാഷ്ട്രീയം കാണുന്ന പ്രതിപക്ഷ നിലപാട് അവസാനിക്കണം. കേരളത്തില്‍ പ്രതിപക്ഷവും ബിജെപിയും നടത്തുന്ന പ്രതിഷേധ സമരങ്ങള്‍ക്ക് ജനപിന്തുണയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധങ്ങള്‍ എന്തുകൊണ്ടാണ് ഒരാളും രണ്ടാളും മാത്രമായി ഒതുങ്ങുന്നത്? യൂത്ത് കോണ്‍ഗ്രസ് എന്നാല്‍ യുവജനങ്ങളെ സംഘടിപ്പിക്കാന്‍ കഴിയാത്ത പ്രസ്ഥാനമാണ് എന്ന് താന്‍ കരുതുന്നില്ലെന്നും മുഖ്യമന്ത്രി പരിഹസിച്ചു.

ഡിവൈഎഫ്‌ഐയുടെ അത്ര കരുത്തൊന്നും ഇല്ലെങ്കിലും ഒരു പ്രധാനപ്പെട്ട യുവജന സംഘടനയാണ് യൂത്ത് കോണ്‍ഗ്രസ്. എന്നാല്‍, പരിഹാസ്യമായ തരത്തിലേക്ക് യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധം എത്തിയെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. സമരം പാടില്ല എന്ന നിലപാട് സര്‍ക്കാര്‍ സ്വീകരിച്ചു എന്നതാണ് പ്രതിപക്ഷ പ്രചരണം. എല്ലാ കാലത്തും സമരങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതിനെ എങ്ങനെ അന്നത്തെ സര്‍ക്കാര്‍ നേരിട്ടെന്നതും എല്ലാവര്‍ക്കും അറിയാം. കറുത്ത കൊടി വീശിയതിന് എത്ര പേര്‍ക്ക് നേരെയാണ് നിറയൊഴിച്ചതെന്ന് പ്രതിപക്ഷത്തിന് ഓര്‍മ്മ കാണുമല്ലോ എന്നും കൂത്തുപറമ്പ് സംഭവം ഓര്‍മിപ്പിച്ചു കൊണ്ട് മുഖ്യമന്ത്രി ചോദിച്ചു. അന്ന് സമരക്കാര്‍ക്ക് നേരെ നിറയൊഴിച്ചവര്‍ ഇന്ന് പുണ്യാളന്മാര്‍ ആകുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തിന് അനുസരിച്ചുള്ള മാറ്റം പ്രതിപക്ഷത്തിന് ഉണ്ടാകണം. അത് സ്വയം അധമബോധം ഉണ്ടാക്കാനാണ്. പ്രതിപക്ഷം അടിമകള്‍ ആണെന്ന സമീപനം സര്‍ക്കാരിന് ഇല്ല. അനാവശ്യമായ ഇകഴ്ത്തലാണ് കോണ്‍ഗ്രസ് നടത്തുന്നത്. മുഖ്യമന്ത്രി വീട്ടില്‍ തന്നെ ഇരിക്കേണ്ടി വരുമെന്ന പ്രതിപക്ഷ നേതാവിന്റെ പ്രഖ്യാപനത്തിന് പഴയ വിജയനായിരുന്നെങ്കില്‍ താന്‍ മറുപടി പറഞ്ഞേനെ എന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷം സര്‍വ്വസജ്ജമായിരുന്ന കാലത്തും താന്‍ ഒറ്റത്തടിയായി തന്നെ നിന്നിട്ടുണ്ടെന്നും മുഖ്യമന്ത്രി പ്രതിപക്ഷത്തെ ഓര്‍മ്മിപ്പിച്ചു. രാഷ്ട്രീയം പറഞ്ഞ് എന്തിനേയും എതിര്‍ക്കുക എന്നതല്ല വേണ്ടതെന്നും പ്രതിപക്ഷ സമരങ്ങളെപ്പറ്റി സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യേണ്ട അടിയന്തിര സാഹചര്യമൊന്നും നിലവില്‍ ഇല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. തുടര്‍ന്ന്, സ്പീക്കര്‍ എഎന്‍ ഷംസീര്‍ പ്രതിപക്ഷത്തിന്റെ അടിയന്തിര പ്രമേയത്തിന് അനുമതി നിഷേധിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News