സര്‍ക്കാരിനെതിരെ സമരം തുടരുമെന്ന് പ്രതിപക്ഷ നേതാവ്

സംസ്ഥാന സര്‍ക്കാര്‍ 4500 കോടിയുടെ നികുതിഭാരം അടിച്ചേല്‍പ്പിച്ചെന്നും അതിനാല്‍ സമരം വീണ്ടും തുടരുമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സത്യാഗ്രഹ സമരം ചെയ്ത് വളര്‍ന്ന പ്രസ്ഥാനമാണ് കോണ്‍ഗ്രസ്. പ്രതിപക്ഷത്തിന് പഴയ വിജയനെയും പേടിയില്ല, പുതിയ വിജയനെയും പേടിയില്ല എന്നും സതീശന്‍ പറഞ്ഞു. നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ അടിയന്തിര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് നിയമസഭയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. എറണാകുളത്ത് നികുതി വര്‍ദ്ധനവിനെതിരെ യൂത്ത് കോണ്‍ഗ്രസ് നടത്തിയ സമരത്തിലുണ്ടായ പൊലീസ് മര്‍ദ്ദനം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ഷാഫി പറമ്പില്‍ എംഎല്‍എയാണ് അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.

സംസ്ഥാനത്ത് ക്രമസമാധാനവുമില്ല, അന്വേഷണവുമില്ല. പൊലീസുകാരെ മുഖ്യമന്ത്രി കയറൂരി വിട്ടിരിക്കുകയാണെന്നും സതീശന്‍ ആരോപിച്ചു. എന്തിനാണ് ഉറങ്ങിക്കിടക്കുന്ന യൂത്ത് കോണ്‍ഗ്രസുകാരെ പൊലീസ് കരുതല്‍ തടങ്കലിലാക്കുന്നത്? പൊലീസുകാര്‍ പെണ്‍കുട്ടികളെ ആക്രമിച്ചാല്‍ സര്‍ക്കാരിന് നിസാരമാണ്. പ്രതിപക്ഷത്തിന് അത് നിസാരമല്ല. ഇത് സ്റ്റാലിന്റെ റഷ്യയല്ല, ജനാധിപത്യ കേരളമാണെന്നും പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു.

മാസ്‌ക് പാടില്ല, കറുത്ത വസ്ത്രം പാടില്ല, കറുത്ത കൊടി പാടില്ല, കറുത്ത തുണി പാടില്ല. ഭരണപക്ഷത്തിന് എന്താണ് കറുപ്പിനോട് ഇത്ര അസഹിഷ്ണുത? മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയോട് അന്നത്തെ പ്രതിപക്ഷം കാണിച്ചത് ഈ മുഖ്യമന്ത്രിയോട് തങ്ങള്‍ കാണിക്കില്ല. എന്നാല്‍, പ്രതിഷേധ സമരങ്ങള്‍ തുടരുമെന്നും വിഡി സതീശന്‍ പറഞ്ഞു.

വിഡി സതീശന്‍ പ്രസംഗം തുടരുമ്പോഴും സഭയുടെ നടുത്തളത്തില്‍ പ്രതിപക്ഷ അംഗങ്ങള്‍ പ്രതിഷേധിച്ചു. പ്ലക്കാര്‍ഡുകളും ബാനറുകളുമായിട്ടാണ് പ്രതിപക്ഷ അംഗങ്ങള്‍ സഭയുടെ നടുത്തളത്തില്‍ പ്രതിഷേധിച്ചത്. സ്പീക്കര്‍ ബഹളം നിര്‍ത്താന്‍ അഭ്യര്‍ത്ഥിച്ചിട്ടും അംഗങ്ങള്‍ അത് ചെവിക്കൊള്ളാതെ, പ്രതിപക്ഷ അംഗങ്ങളും പ്രതിപക്ഷ നേതാവും പ്രസംഗിക്കുമ്പോഴും ബഹളം തുടരുകയായിരുന്നു. തുടര്‍ന്ന് സ്പീക്കര്‍ എഎന്‍ ഷംസീറിന് സഭ താല്‍ക്കാലികമായി നിര്‍ത്തിവെക്കേണ്ടതായും വന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News