ഓഹരിവിലയില്‍ തകര്‍ച്ച തുടര്‍ന്ന് അദാനി ഗ്രൂപ്പ്

ഓഹരിവിലത്തകര്‍ച്ച ഇന്നും തുടര്‍ന്ന് അദാനി ഗ്രൂപ്പ്. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന് പിന്നാലെ വന്‍ ഓഹരിവില തകര്‍ച്ചയാണ് അദാനി നേരിട്ടു കൊണ്ടിരിക്കുന്നത്. ഒരു മാസം കൊണ്ട് അദാനി ടോട്ടല്‍ ഗ്യാസിന്റെ ഓഹരി വില 81 ശതമാനമാണ് ഇടിഞ്ഞത്. അദാനി എന്റര്‍പ്രൈസസ്, ഗ്രീന്‍ എനര്‍ജി, ട്രാന്‍സ്മിഷന്‍ കമ്പനികളുടെ ഓഹരിവില അറുപതും എഴുപതും ശതമാനം ഇടിഞ്ഞു. ലിസ്റ്റ് ചെയ്ത എല്ലാ അദാനി കമ്പനികളും ഇന്നും നഷ്ടം നേരിട്ടു. അദാനിയുടെ ഏഴു കമ്പനികളുടെ ഓഹരിവില 85% ഊതിപ്പെരുപ്പിച്ചതാണെന്നായിരുന്നു ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് ശരിയാണെങ്കില്‍ എല്ലാ കമ്പനികളും 85 തൊടും വരെ തകര്‍ച്ച തുടരുമെന്ന് ഉറപ്പാണ്.

ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടോടെ സാമ്പത്തിക സ്ഥിതിയും പ്രതിച്ഛായയും തകര്‍ന്ന അദാനി ഗ്രൂപ്പ് നിക്ഷേപകര്‍ക്കിടയില്‍ സ്വീകാര്യത ആര്‍ജ്ജിക്കാന്‍ നിരവധിയായ നീക്കങ്ങള്‍ നടത്തിയിരുന്നു. ഇന്ത്യന്‍ പൊതുമേഖലയെയും ബാങ്കുകളെയും ഉപയോഗിച്ച് വിദേശ ബാങ്കുകളുടെയെല്ലാം കടമടച്ചു തീര്‍ക്കുന്ന അദാനി പുതിയ അടവിലേക്ക് കടക്കുകയാണ്. സിംഗപ്പൂരില്‍ ഫെബ്രുവരി 27ന് നടക്കുന്ന റോഡ് ഷോയില്‍ അദാനി ഗ്രൂപ്പും പങ്കെടുക്കും. ഗ്രൂപ്പിനെ പ്രതിനിധീകരിച്ച് സിഎഫ്ഒ ജുഗേഷിന്ദര്‍ സിംഗാണ് സിംഗപ്പൂരിലെത്തുക. സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ്, ബാര്‍ക്ലേസ്, ഡച്ച് ബാങ്ക് പ്രതിനിധികളും പങ്കെടുത്തേക്കും. അതിനുശേഷം ഹോങ്കോങ്ങില്‍ വിവിധ കൂടിക്കാഴ്ചകളും നടക്കും. കമ്പനിക്ക് ഇപ്പോഴും ശക്തമായ പണമൊഴുക്കുണ്ടെന്ന് ബോധ്യപ്പെടുത്തുകയാകും അദാനിയന്‍ ലക്ഷ്യം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News