പ്രതിപക്ഷ ബഹളം, നിയമസഭ പിരിഞ്ഞു

അടിയന്തിര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെതിരായ പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. ബജറ്റിലെ നികുതി വര്‍ദ്ധനവിനെതിരെ യൂത്ത് കോണ്‍ഗ്രിന്റെ പ്രതിഷേധ സമരത്തിലുണ്ടായ പൊലീസ് മര്‍ദ്ദനം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ഷാഫി പറമ്പില്‍ എംഎല്‍എയാണ് അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.

പ്രതിപക്ഷ സമരങ്ങളെപ്പറ്റി സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യേണ്ട അടിയന്തിര സാഹചര്യം നിലവില്‍ ഇല്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയതിനെത്തുടര്‍ന്ന് സ്പീക്കര്‍ എഎന്‍ ഷംസീര്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു. തുടര്‍ന്നാണ് പ്രതിപക്ഷ അംഗങ്ങള്‍ ബഹളവുമായി സഭയുടെ നടുത്തളത്തിലേക്കിറങ്ങിയത്. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പ്രസംഗിക്കുമ്പോള്‍ പോലും പ്രതിപക്ഷ അംഗങ്ങള്‍ സഭയുടെ നടുത്തളത്തില്‍ ബഹളം തുടരുകയായിരുന്നു.

പ്ലക്കാര്‍ഡുകളും ബാനറുകളുമായിട്ടാണ് പ്രതിപക്ഷ അംഗങ്ങള്‍ സഭയുടെ നടുത്തളത്തില്‍ പ്രതിഷേധിച്ചത്. സ്പീക്കര്‍ ബഹളം നിര്‍ത്താന്‍ അഭ്യര്‍ത്ഥിച്ചിട്ടും അംഗങ്ങള്‍ അത് ചെവിക്കൊണ്ടില്ല. തുടര്‍ന്ന് സ്പീക്കര്‍ എഎന്‍ ഷംസീറിന് സഭ താല്‍ക്കാലികമായി നിര്‍ത്തിവെക്കേണ്ടി വന്നു. എന്നാല്‍, സ്പീക്കര്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും പ്രതിപക്ഷം ബഹളം നിര്‍ത്താന്‍ തയ്യാറായില്ല. തുടര്‍ന്ന്, സഭാ നടപടിക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി സഭ ഇന്നത്തേക്ക് പിരിയുകയായിരുന്നു.

അതേസമയം, കേരളത്തില്‍ ഇപ്പോള്‍ യുഡിഎഫും ബിജെപിയും നടത്തുന്ന സമരത്തിന് ജനപിന്തുണയില്ലെന്ന് പ്രതിപക്ഷത്തിന്റെ അടിയന്തിര പ്രമേയ നോട്ടീസിന് മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി നല്‍കി. പ്രതിപക്ഷവും ബിജെപിയും ചേര്‍ന്ന് നടത്തുന്ന സമരത്തിന്റെ കാരണം വ്യക്തമല്ല. പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് സെസ് ഏര്‍പ്പെടുത്തിയതിലേക്ക് നയിച്ച കാരണങ്ങള്‍ എന്തെന്ന് ജനങ്ങള്‍ക്കറിയാമെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷത്തിന് അധമ ബോധമാണ്. അവര്‍ പറയുന്നത് സ്വന്തം അണികള്‍ പോലും വിശ്വസിക്കുകയില്ല. കേരളത്തിന്റെ പൊതുവായ വികാരം പ്രതിപക്ഷം മനസിലാക്കുന്നില്ല. എല്ലാ കാര്യങ്ങളിലും രാഷ്ട്രീയം കാണുന്ന പ്രതിപക്ഷ നിലപാട് അവസാനിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

സംസ്ഥാന സര്‍ക്കാര്‍ 4500 കോടിയുടെ നികുതിഭാരം അടിച്ചേല്‍പ്പിച്ചെന്നും അതിനാല്‍ സമരം വീണ്ടും തുടരുമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ നിയമസഭയില്‍ വ്യക്തമാക്കി. സംസ്ഥാനത്ത് ക്രമസമാധാനവുമില്ല, അന്വേഷണവുമില്ല. പൊലീസുകാരെ മുഖ്യമന്ത്രി കയറൂരി വിട്ടിരിക്കുകയാണെന്നും സതീശന്‍ നിയമസഭയില്‍ ആരോപിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News