മതഭ്രാന്ത് അനുകൂലിക്കാനാവില്ല, ചരിത്രം നിങ്ങള്‍ക്ക് തിരുത്താന്‍ കഴിയുമോ: സുപ്രീംകോടതി

സ്ഥലപ്പേരുകള്‍ മാറ്റാന്‍ കമ്മീഷനെ നിയമിക്കണമെന്ന ബിജെപി നേതാവിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി. ഭരണഘടന വിഭാവനം ചെയ്യുന്ന മതേതര തത്വങ്ങള്‍ക്ക് വിരുദ്ധമായ ഹര്‍ജിയാണിതെന്ന് ജസ്റ്റിസുമാരായ കെഎം ജോസഫും ബിവി നാഗരത്നയും അടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി. തുടര്‍ന്ന്, ഹര്‍ജിക്കാരനായ അശ്വിനികുമാര്‍ ഉപാധ്യായയെ കോടതി അതിരൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു.

ഇന്ത്യ ഒരു മതേതര രാജ്യമാണെന്ന് കോടതി ഹര്‍ജിക്കാരനെ ഓര്‍മ്മിപ്പിച്ചു. രാജ്യം വീണ്ടും തിളച്ച് മറിയാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവോ എന്നും കോടതി ഹര്‍ജിക്കാരനോട് ചോദിച്ചു. ഹര്‍ജി ഒരു വിഭാഗത്തെ ലക്ഷ്യം വെച്ചുള്ളതാണെന്നും ജസ്റ്റിസ് കെഎം ജോസഫ് ചൂണ്ടിക്കാട്ടി. ഹിന്ദുമതം മഹത്തായ മതമാണെന്നും അത് മതഭ്രാന്ത് അനുവദിക്കുന്നില്ലെന്നും ജസ്റ്റിസ് ബിവി നാഗരത്‌ന പറഞ്ഞു. രാജ്യം മറ്റ് നിരവധി പ്രശ്നങ്ങള്‍ അഭിമുഖീകരിക്കുകയാണ്. അവ ആദ്യം പരിഹരിക്കണം. ഹിന്ദുമതം ഒരു ജീവിതരീതിയാണ്, അതുകൊണ്ടാണ് ഇന്ത്യ എല്ലാവരേയും സ്വാംശീകരിച്ചത്. ബ്രിട്ടീഷുകാരുടെ ‘വിഭജിച്ച് ഭരിക്കല്‍ നയം’ നമ്മുടെ സമൂഹത്തില്‍ ഭിന്നത സൃഷ്ടിച്ചു. അത് തിരികെ കൊണ്ടുവരരുത്. ഇതിലേക്ക് ഒരു മതത്തെ വലിച്ചിഴക്കരുതെന്നും ജസ്റ്റിസ് നാഗരത്‌ന അഭിപ്രായപ്പെട്ടു.

ഇന്ത്യ പല തവണ വൈദേശികരാല്‍ ഭരിക്കപ്പെട്ടു. പല തവണ വൈദേശികര്‍ രാജ്യത്തെ ആക്രമിച്ചു. ആ ചരിത്രമൊക്കെ നിങ്ങള്‍ക്ക് തിരുത്താനാവുമോ എന്നും കോടതി ഹര്‍ജിക്കാരനോട് ചോദിച്ചു. ഇന്ത്യ ഒരു മതേതര രാജ്യമാണെന്നും ഒരു രാഷ്ട്രത്തിന് അതിന്റെ ഭൂതകാലത്തിന്റെ തടവുകാരായി ഒരിക്കലും തുടരാനാവില്ലെന്നും മുന്‍വിധികളില്‍ സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ടെന്നും ബെഞ്ച് പറഞ്ഞു. ഇന്ത്യ ഇന്ന് നിലനില്‍ക്കുന്നത് നിയമവാഴ്ചയിലും മതേതരത്വത്തിലും ഭരണഘടന ഉറപ്പു നല്‍കുന്ന തുല്യതയിലും നീതിയിലുമാണ്. ഇന്ത്യയുടെ ഭരണഘടനയുടെ പതിനാലാം വകുപ്പ് തുല്യതയും നീതിയും ഉറപ്പുനല്‍കുന്നുവെന്നും കോടതി അഭിഭാഷകന്‍ കൂടിയായ ഹര്‍ജിക്കാരനെ ഓര്‍മ്മിപ്പിച്ചു.

അധിനിവേശക്കാരുടെ പേരില്‍ അറിയപ്പെടുന്ന ചരിത്രപ്രധാനമായ സ്ഥലങ്ങളുടെ പേരുമാറ്റണമെന്ന് ആവശ്യപ്പെട്ടാണ് ബിജെപി നേതാവും അഭിഭാഷകനുമായ അശ്വിനി കുമാര്‍ ഉപാധ്യായ പൊതുതാല്‍പ്പര്യ ഹര്‍ജി സമര്‍പ്പിച്ചത്. ഇതിനായി പ്രത്യേക പുനര്‍നാമകരണ കമ്മീഷന്‍ രൂപീകരിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കോടതി നിര്‍ദ്ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. കോടതിയുടെ രൂക്ഷവിമര്‍ശനത്തെ തുടര്‍ന്ന് ഉപാധ്യായ തന്റെ ഹര്‍ജി പിന്‍വലിക്കാന്‍ ശ്രമിച്ചെങ്കിലും ബെഞ്ച് അത് നിരസിച്ചു കൊണ്ട് ഹര്‍ജി തള്ളുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News