ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ അറസ്റ്റില്‍ ആംആദ്മി പാര്‍ട്ടിയുടെ വ്യാപക പ്രതിഷേധം. അറസ്റ്റില്‍ പ്രതിഷേധിച്ച് ദില്ലിയിലെ ബിജെപി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടാവുകയും മാര്‍ച്ച് പൊലീസ് തടയുകയും ചെയ്തു. ദില്ലിയിലെ എഎപി ഓഫീസിന് മുന്നില്‍ പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായതിന് പിന്നാലെ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ആംആദ്മി പാര്‍ട്ടി ആസ്ഥാനത്തിന് മുന്നില്‍ 144 പ്രഖ്യാപിച്ചു.
ഇതിനിടെ എഎപി ഓഫീസില്‍ കയറിയ പൊലീസിനെ പ്രവര്‍ത്തകര്‍ തള്ളി പുറത്താക്കുകയും പൊലീസിനുനേരെ പ്രവര്‍ത്തകര്‍ കല്ലും വടിയും എറിയുകയും ചെയ്തു. സംഘര്‍ഷം കണക്കിലെടുത്ത് സിബിഐ ആസ്ഥാനത്തും ദില്ലിയിലെ പല ഭാഗങ്ങളിലും കനത്ത പൊലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്.
പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിച്ചതോടെ എഎപി പാര്‍ട്ടി ആസ്ഥാനത്തിന് മുന്‍പിലെ പ്രതിഷേധം അവസാനിച്ചു. മദ്യനയ കേസില്‍ സിബിഐ അറസ്റ്റ് ചെയ്ത മനീഷ് സിസോദിയയെ മൂന്ന് മണിക്ക് കോടതിയില്‍ ഹാജരാക്കിയിരുന്നു. സിസോദിയയെ 5 ദിവസത്തെ കസ്റ്റഡിയില്‍ വിടണം എന്നതാണ് സിബിഐയുടെ ആവശ്യം.
മദ്യനയത്തിലെ ഗൂഢാലോചന നടന്നത് അതീവ രഹസ്യമായാണെന്നും അന്വേഷണം മുന്നോട്ടുപോകാന്‍ കൂടുതല്‍ ചോദ്യം ചെയ്യണമെന്നും സിബിഐ കോടതിയില്‍ അറിയിച്ചു. സിബിഐ സമര്‍പ്പിച്ച എഫ്ഐആറില്‍ ഒന്നാംപ്രതിയാണ് സിസോദിയ. അന്വേഷണവുമായി പൂര്‍ണമായി സഹകരിച്ചെന്ന് കോടതിയില്‍ വ്യക്തമാക്കിയ സിസോദിയ കുറ്റം നിഷേധിക്കുകയും ചെയ്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here