മദ്യനയ അഴിമതി കേസില്‍ അറസ്റ്റിലായ ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ 5 ദിവസത്തേക്ക് സിബിഐ കസ്റ്റഡിയില്‍ വിട്ടു. ദില്ലി റോസ് അവന്യൂ കോടതിയാണ് സിസോദിയയെ മാര്‍ച്ച് നാല് വരെ കസ്റ്റഡിയില്‍ വിട്ടത്. ഇന്നലെ എട്ട് മണിക്കൂര്‍ നീണ്ട് നിന്ന ചോദ്യം ചെയ്യലിന് ശേഷമാണ് സിബിഐ അറസ്റ്റ് ചെയ്യുന്നത്.
വളരെ ആസൂത്രിതവും രഹസ്യവുമായാണ് സിസോദിയ ഗൂഢാലോചന നടത്തിയതെന്ന് സിബിഐ കോടതിയെ അറിയിച്ചു. കൂടുതല്‍ ചോദ്യം ചെയ്യലിനായി അദ്ദേഹത്തെ വിട്ടു നല്‍കണമെന്നും സിബിഐ കോടതിയോട് ആവശ്യപ്പെട്ടു. തനിക്കെതിരെ തെളിവുകളില്ലെന്ന് കോടതിയില്‍ പറഞ്ഞ സിസോദിയ കസ്റ്റഡിയില്‍ വേണമെന്ന സിബിഐയുടെ അപേക്ഷയെ എതിര്‍ത്തു. എന്നാല്‍ ജഡ്ജി എംകെ നാഗ്പാല്‍ സിബിഐ കസ്റ്റഡിയില്‍ വേണമെന്ന ആവശ്യം അംഗീകരിക്കുകയായിരുന്നു.
ഒട്ടുമിക്ക സിബിഐ ഉദ്യോഗസ്ഥരും മനീഷിന്റെ അറസ്റ്റിനെ എതിര്‍ത്തിരുന്നുവെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ അറസ്റ്റിന് ശേഷം പ്രതികരിച്ചിരുന്നു. അദ്ദേഹത്തിനെതിരെ തെളിവുകള്‍ ഒന്നും ഇല്ല. എന്നാല്‍ രാഷ്ട്രീയ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് ഉദ്യോഗസ്ഥര്‍ സിസോദിയയെ അറസ്റ്റ് ചെയ്തത്. സിബിഐക്ക് അവരുടെ രാഷ്ട്രീയ യജമാനന്മാരെ അനുസരിക്കേണ്ടി വന്നുവെന്നായിരുന്നു കെജ്രിവാള്‍ ട്വിറ്ററില്‍ കുറിച്ചത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here