കാശ്മീരില്‍ തീവ്രവാദം അവസാനിച്ചെങ്കില്‍ സഞ്ജയ് ശര്‍മ്മയെ ആരാണ് കൊന്നത്?: മെഹബൂബ മുഫ്തി

ദക്ഷിണ കാശ്മീരിലെ പുല്‍വാമയില്‍ ഞായറാഴ്ച കാശ്മീരി പണ്ഡിറ്റിനെ ഭീകരര്‍ കൊലപ്പെടുത്തിയ സംഭവത്തില്‍ കേന്ദ്രത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി പിഡിപി അധ്യക്ഷ മെഹബൂബ മുഫ്തി. കൊല്ലപ്പെട്ട സഞ്ജയ് ശര്‍മ്മയുടെ വീട് സന്ദര്‍ശിച്ച ശേഷമായിരുന്നു അവരുടെ പ്രതികരണം. കാശ്മീര്‍ താഴ്വരയില്‍ നിന്നും തീവ്രവാദം തുടച്ചു നീക്കിയെന്ന് കേന്ദ്രം അവകാശവാദം ഉന്നയിക്കുമ്പോള്‍ ആരാണ് സഞ്ജയ് ശര്‍മ്മയെ കൊന്നതെന്ന് വ്യക്തമാക്കണമെന്ന് മെഹബൂബ ആവശ്യപ്പെട്ടു. മരിച്ച കാശ്മീരി പണ്ഡിറ്റിന്റെ മക്കള്‍ക്ക് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും മുഫ്തി ആവശ്യപ്പെട്ടു.

കാശ്മീരിലെ സ്ഥിതി വഷളായതിന് കാരണം ബിജെപിയാണെന്ന് മെഹബൂബ മുഫ്തി കുറ്റപ്പെടുത്തി. താഴ്വരയിലെ സ്ഥിതിഗതികള്‍ മാറ്റാന്‍ നിങ്ങള്‍ എന്താണ് ചെയ്യുന്നതെന്നും അവര്‍ കേന്ദ്രസര്‍ക്കാരിനോട് ചോദിച്ചു. കാശ്മീരി പണ്ഡിറ്റുകളെ ആയുധമാക്കി ബിജെപി സിനിമ നിര്‍മ്മിച്ചു. അതുവഴി അവരുടെ വേദനകള്‍ രാജ്യത്തുടനീളം വിറ്റ് ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കും ഇടയില്‍ അവര്‍ ഭിന്നത സൃഷ്ടിക്കുകയാണ്. ഇതല്ലാതെ ബിജെപിക്ക് വേറൊരു അജണ്ടയുമില്ലെന്നും മെഹബൂബ മുഫ്തി കുറ്റപ്പെടുത്തി.

തീവ്രവാദം അവസാനിച്ചെങ്കില്‍ ആരാണ് സഞ്ജയ് ശര്‍മ്മയെ കൊന്നത്? പണ്ഡിറ്റുകളെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ എന്താണ് ചെയ്യുന്നത്? കാശ്മീര്‍ താഴ്വരയിലെ മുസ്ലീങ്ങളെ തീവ്രവാദം ആരോപിച്ച് ബിജെപി അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയാണ് എന്നതില്‍ സംശയമില്ല. എന്നാല്‍ കാശ്മീരി പണ്ഡിറ്റുകളും മറ്റുള്ളവരും നമ്മുടെ സ്വത്താണ്. അവരെ എങ്ങനെയെങ്കിലും രക്ഷിക്കണമെന്നും മെഹബൂബ പറഞ്ഞു. ഞായറാഴ്ച പ്രദേശത്തെ ചന്തയിലേക്ക് പോകും വഴിയായിരുന്നു ബാങ്ക് സെക്യൂരിറ്റി ജീവനക്കാരനായ സഞ്ജയ് ശര്‍മ്മയെ(45) ഭീകരര്‍ വെടിവെച്ചുകൊന്നത്. വെടിയേറ്റ ഇയാളെ ഉടന്‍ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News