കേരളത്തിലെ പ്രതിപക്ഷവും ഇഡിയും സഖ്യകക്ഷികള്‍

ലൈഫ്മിഷന്‍ അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ചൊവ്വാഴ്ച നല്‍കിയ അടിയന്തിര പ്രമേയ നോട്ടീസ് പഴയ കുപ്പിയിലെ പഴയ വീഞ്ഞാണെന്ന് പരിഹസിച്ച് മന്ത്രി എംബി രാജേഷ്. വീഞ്ഞും പഴയതാണ് കുപ്പിയും പഴയതാണ്, എന്നാല്‍ പ്രമേയം അവതരിപ്പിക്കുന്ന ആള്‍ പുതിയതാണ് എന്നും മന്ത്രി പറഞ്ഞു. ഇതേ വിഷയം പ്രതിപക്ഷം ഫെബ്രുവരി 8ന് അവതരിപ്പിച്ചതാണ്. അടിസ്ഥാനമില്ലാത്ത വിഷയത്തിലാണ് വീണ്ടും അടിയന്തിര പ്രമേയ നോട്ടീസ് നല്‍കിയത് എന്നും മന്ത്രി പറഞ്ഞു. ലൈഫ്മിഷന്‍ അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് എം ശിവശങ്കറിനെ ഇഡി അറസ്റ്റ് ചെയ്തത് സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് മാത്യു കുഴല്‍നാടന്‍ നല്‍കിയ അടിയന്തിര പ്രമേയ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി എംബി രാജേഷ്.

ലൈഫ് പദ്ധതി അതിവേഗം പൂര്‍ത്തീകരണത്തിന്റെ പാതയിലാണ്.സമാനതകള്‍ ഇല്ലാത്ത ഭവന പദ്ധതിയാണിത്. വര്‍ഷങ്ങളായി ലൈഫ്മിഷന്‍ പദ്ധതിയെ ലക്ഷ്യമിട്ട് ആസൂത്രിതമായ ആക്രമണം പ്രതിപക്ഷം നടത്തുന്നു. അതിന്റെ ഏറ്റവും ഒടുവിലത്തെ രൂപമാണ് ഈ അടിയന്തിര പ്രമേയ നോട്ടീസെന്നും മന്ത്രി പറഞ്ഞു. വടക്കാഞ്ചേരി ഭവന സമുച്ചയത്തിന്റെ കാര്യത്തില്‍ സര്‍ക്കാരിനും ലൈഫ് മിഷനും സാമ്പത്തികമായ ഒരു ഉത്തരവാദിത്തവും ഇല്ല. കരാറുകാരെ കണ്ടെത്തിയത് റെഡ് ക്രസന്റാണ്. ഇതുമായി ലൈഫ് മിഷനോ അതിലെ ഉദ്യോഗസ്ഥര്‍ക്കോ യാതൊരുവിധ ബന്ധവുമില്ല. യുണിടാക്കിന്റെ കമ്മീഷന്‍ ഇടപാടില്‍ സര്‍ക്കാരിന് പങ്കില്ല എന്നത് ഹൈക്കോടതി തന്നെ വ്യക്തമാക്കിയിട്ടുണ്ട് എന്നും മന്ത്രി നിയമസഭയില്‍ വ്യക്തമാക്കി.

ഏതെങ്കിലും ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടോ എന്നത് സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം പുരോഗമിക്കുകയാണ്. ഒരു ഉദ്യോഗസ്ഥനും കോഴ വാങ്ങിയതായി ഒരു ആരോപണവും ഇതുവരെ ആരും ഉന്നയിച്ചിട്ടില്ല. റെഡ് ക്രസന്റും കരാറുകാരുമായുള്ള ഇടപാടുകളില്‍ എന്തെങ്കിലും ക്രമക്കേടുണ്ടെങ്കില്‍ എങ്ങനെയാണ് ലൈഫ് മിഷനും സര്‍ക്കാരും ഉത്തരവാദികളാവുക എന്നും മന്ത്രി ചോദിച്ചു. യുഡിഎഫിന്റെ അടിയന്തിര പ്രമേയ നോട്ടീസ് മുന്‍വിധിയാണ്. ലൈഫ് ഭവനപദ്ധതി തകര്‍ക്കാന്‍ പണ്ടുമുതല്‍ പ്രതിപക്ഷം ശ്രമങ്ങള്‍ നടത്തുന്നുണ്ട്. അധികാരത്തില്‍ വന്നാല്‍ ലൈഫ് മിഷന്‍ പൂട്ടുമെന്ന് യുഡിഎഫ് കണ്‍വീനര്‍ പറഞ്ഞു. അന്ന് നടക്കാതെ പോയ ഉദ്ദേശമാണ് അടിയന്തിര പ്രമേയത്തിന് പിന്നില്‍. കേന്ദ്ര ഏജന്‍സികളും ചില മാധ്യമങ്ങളും പ്രതിപക്ഷത്തിന് പിന്തുണയുമായി ലൈഫ്മിഷന് ചുറ്റും മണ്ടി നടക്കുന്നുണ്ട്. രാഷ്ട്രീയ ലാഭത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം പറയുന്ന കാര്യങ്ങള്‍ സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യാന്‍ സാധിക്കില്ല എന്നും അടിയന്തിര പ്രമേയ നോട്ടീസിന് മറുപടിയായി മന്ത്രി എംബി രാജേഷ് വ്യക്തമാക്കി.

കോണ്‍ഗ്രസിന് അവരുടെ രാഷ്ട്രീയ പ്രമേയത്തിലെങ്കിലും ഉറച്ചുനില്‍ക്കാന്‍ സാധിക്കുമോ? രാജസ്ഥാനിലും കര്‍ണാടകയിലും ഇഡി അന്വേഷണം മോശമാണെന്ന് പറയുന്നവര്‍ കേരളത്തിന്റെ കാര്യത്തില്‍ നിലപാടുകള്‍ മാറ്റുന്നു. ഇന്ത്യയില്‍ കോണ്‍ഗ്രസ് പാര്‍ട്ടി ഉള്‍പ്പെടെ ആരും വില കല്‍പ്പിക്കാത്ത അന്വേഷണ ഏജന്‍സിയുടെ റിമാന്‍ഡ് റിപ്പോര്‍ട്ട് കേരളത്തിലെ പ്രതിപക്ഷത്തിന് സര്‍ക്കാരിനെതിരെ ഉപയോഗിക്കേണ്ടി വരുന്നു. കേരളത്തിലെ പ്രതിപക്ഷവും ഇഡിയും സഖ്യകക്ഷികളാണ് എന്നും മന്ത്രി രാജേഷ് അടിയന്തിര പ്രമേയ നോട്ടീസിന് മറുപടി നല്‍കി. തുടര്‍ന്ന് സ്പീക്കര്‍ എഎന്‍ ഷംസീര്‍ അടിയന്തിര പ്രമേയത്തിന് അവതരണ അനുമതി നിഷേധിച്ചു. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്നും ഇറങ്ങിപ്പോയി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News