ഗവര്‍ണറുടെ നടപടി ഹൈക്കോടതി ഉത്തരവിന്റെ ലംഘനം

സാങ്കേതിക സര്‍വകലാശാലാ സിന്‍ഡിക്കേറ്റ് തീരുമാനം റദ്ദാക്കിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്റെ നടപടി ചട്ടലംഘനമെന്ന് നിയമവിദഗ്ധര്‍. പ്രമേയം റദ്ദാക്കുന്നതിന് മുമ്പ് ഗവര്‍ണര്‍ സിന്‍ഡിക്കേറ്റിനോട് വിശദീകരണം തേടണമായിരുന്നുവെന്ന് നിയമ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. തീരുമാനമെടുക്കുന്നതിന് മുമ്പ് ഉന്നത വിദ്യാഭ്യാസ വകുപ്പുമായും ഗവര്‍ണര്‍ കൂടിയാലോചിച്ചിട്ടില്ല. പുതിയ വി സി നിയമനത്തോട് സഹകരിക്കാത്ത ഗവര്‍ണറുടെ നടപടി ഹൈക്കോടതി ഉത്തരവിന്റെ ലംഘനമാണെന്ന ആരോപണവും ഗവര്‍ണറുടെ സിന്‍ഡിക്കേറ്റ് തീരുമാനം റദ്ദാക്കിയ നടപടിക്കെതിരെ ഉയരുന്നുണ്ട്.

സിന്‍ഡിക്കേറ്റ് ഉപസമിതി രൂപീകരിക്കുന്നത് അടക്കമുള്ള സിന്‍ഡിക്കേറ്റിന്റെ സുപ്രധാനമായ മൂന്നു തീരുമാനങ്ങളാണ് ഗവര്‍ണര്‍ കഴിഞ്ഞദിവസം റദ്ദാക്കിയത്. യൂണിവേഴ്‌സിറ്റി ആക്ട് 10 ( 3) പ്രകാരം ചാന്‍സലര്‍ക്ക് ഇതിന് അധികാരം ഉണ്ടെങ്കിലും, നടപടിക്രമങ്ങള്‍ പാലിക്കണം. തീരുമാനമെടുത്ത സമിതിയോടോ ഉദ്യോഗസ്ഥനോടോ വിശദീകരണം തേടണം എന്നാണ് ഒന്നാമത്തെ വ്യവസ്ഥ. ഒപ്പം സര്‍ക്കാരുമായി കൂടിയാലോചിക്കണം. ഈ രണ്ടു വ്യവസ്ഥകളും ഗവര്‍ണര്‍ പാലിച്ചിട്ടില്ല.

ഹൈക്കോടതി വിസി സ്ഥാനത്തു നിന്നും നീക്കാന്‍ സര്‍ക്കാരിന് അനുമതി നല്‍കിയ സിസ തോമസിന്റെ ശുപാര്‍ശയാണ് ഗവര്‍ണര്‍ നടപ്പാക്കിയത്. തന്റെ പ്രവര്‍ത്തനത്തിന് തടസ്സം വരുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് സിസ തോമസ് ഗവര്‍ണര്‍ക്ക് പരാതി നല്‍കിയത്. ഹൈക്കോടതി ഉത്തരവ് അനുസരിച്ച് സിസ തോമസിന് പകരം വി സി യെ നിയമിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ ഇതിനകം ആരംഭിച്ചു കഴിഞ്ഞു. പുതിയ പാനല്‍ സര്‍ക്കാര്‍ സമര്‍പ്പിച്ചുവെങ്കിലും ഗവര്‍ണര്‍ പരിഗണിച്ചില്ല.

സര്‍ക്കാര്‍ പാനല്‍ സമര്‍പ്പിച്ചാല്‍ സിസ തോമസിനെ മാറ്റി പകരം വി സിയെ ചാന്‍സലര്‍ നിയമിക്കണം എന്നാണ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ഉത്തരവ്. സര്‍ക്കാര്‍ പാനല്‍ നല്‍കുന്നതോടെ താല്ക്കാലിക വിസി സ്ഥാനത്തു നിന്നും സിസ തോമസിനെ മാറ്റണം എന്ന നിര്‍ദേശവും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിലുണ്ട്. ഈ സാഹചര്യത്തില്‍ പുതിയ വിസിയെ നിയമിക്കാതെ സിസ തോമസിനെ തുടരാന്‍ അനുവദിക്കുന്ന ഗവര്‍ണറുടെ നടപടി കോടതി ഉത്തരവിന്റെ ലംഘനമായി മാറുകയാണ്. ഇതിനിടെ സിന്‍ഡിക്കേറ്റ് തീരുമാനം നടപടിക്രമങ്ങള്‍ പാലിക്കാതെ റദ്ദാക്കിയത് കൂടുതല്‍ നിയമപ്രശ്‌നങ്ങള്‍ക്കും വഴിവെക്കാനാണ് സാധ്യത.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News