പ്രതിപക്ഷ നേതൃപദവിക്ക് അവകാശവാദമുന്നയിക്കാന്‍ കോണ്‍ഗ്രസിന് ശേഷിയുണ്ടോ?

ദിപിന്‍ മാനന്തവാടി

കോണ്‍ഗ്രസിന്റെ റായ്പൂര്‍ പ്ലീനറി തീരുമാനങ്ങളില്‍ ഏറ്റവും പ്രാധാന്യത്തോടെ ചര്‍ച്ച ചെയ്യപ്പേടേണ്ടത് ‘ബി.ജെ.പിക്കെതിരായ പ്രതിപക്ഷ ഐക്യനിര രൂപീകരിക്കുക, അതിന്റെ നേതൃത്വം ഏറ്റെടുക്കുക’ എന്ന തീരുമാനമാണ്. മൂന്നാം മുന്നണിയെന്ന ആശയത്തെ റായ്പൂര്‍ പ്ലീനറി സമ്മേളനം തള്ളിപ്പറഞ്ഞിട്ടുമുണ്ട്. മൂന്നാം മുന്നണിയുടെ രൂപീകരണം ബിജെപിക്കെതിരായ വോട്ടുകള്‍ ഭിന്നിപ്പിക്കുമെന്നത് ചൂണ്ടിക്കാണിച്ചാണ് കോണ്‍ഗ്രസ് മൂന്നാം മുന്നണിയെന്ന ആശയത്തെ തള്ളിപ്പറയുന്നത്.

ബിജെപിക്ക് ബദലായി പ്രതിപക്ഷത്തിന്റെ ഒരൊറ്റ കൂട്ടായ്മ മതിയെന്ന ആശയമാണ് കോണ്‍ഗ്രസ് മുന്നോട്ടുവയ്ക്കുന്നത്. ഫാസിസ്റ്റ് വിരുദ്ധ ജനാധാപത്യ മതേതര രാഷ്ട്രീയത്തെ പിന്തുടരുന്നവര്‍ക്കെല്ലാം സ്വീകാര്യമായൊരു നിര്‍ദ്ദേശം തന്നെയാണത്. എന്നാല്‍ ആ ബദലിന്റെ നേതൃസ്ഥാനത്ത് കോണ്‍ഗ്രസ് വരണമെന്ന നിലപാട് കൂടി റായ്പൂര്‍ പ്ലീനറി സമ്മേളനം മുന്നോട്ടു വയ്ക്കുമ്പോഴാണ് സ്വഭാവികമായും വിയോജിപ്പുകള്‍ ഉയര്‍ന്നുവരുന്നത്.

ബിജെപിക്കെതിരായി കേവലം തെരഞ്ഞെടുപ്പ് മാത്രം മുന്നില്‍ക്കണ്ടുള്ള ഒരു ബദലാണോ ഉയര്‍ന്നുവരേണ്ടത് എന്ന ചോദ്യമാണ് വിയോജിപ്പുകളില്‍ ഏറ്റവും പ്രസക്തമാകുന്നത്. നിലവിലെ സാഹചര്യത്തില്‍ ബിജെപി വിരുദ്ധ ബദലിന് പ്രായോഗികമായി നേതൃത്വം നല്‍കാനുള്ള ആശയപരവും സംഘടനാപരവുമായ ശേഷി കോണ്‍ഗ്രസിനുണ്ടോ എന്നതാണ് വിലയിരുത്തപ്പെടേണ്ട മറ്റൊരു ചോദ്യം.

ബിജെപിയെ നേരിടാനുള്ള ബദലിന് ആശയപരമായ ഒരു കൃത്യത വേണ്ടതുണ്ട്. വരാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ക്ക് മുന്നില്‍ എന്താണ് ഉയര്‍ത്തിക്കാണിക്കേണ്ടത് എന്നതില്‍ വ്യക്തത ഉണ്ടാകേണ്ടതുണ്ട്. ആശയപരമായി ബിജെപിയെ എതിര്‍ക്കുന്ന ഒരു കൂട്ടായ്മയാണ് ഉയര്‍ന്നുവരേണ്ടത്. ഈ കൂട്ടായ്മയ്ക്ക് വ്യക്തതയുള്ള ഒരു ആശയാടിത്തറ ഉണ്ടാകേണ്ടതുണ്ട്. തെരഞ്ഞെടുപ്പ് മാത്രം മുന്‍നിര്‍ത്തി ബിജെപി വിരുദ്ധ കക്ഷികളുടെ കൂട്ടായ്മ എന്ന താല്‍ക്കാലിക നീക്കുപോക്ക് നിലവിലെ ഇന്ത്യന്‍ സാഹചര്യത്തില്‍ തീര്‍ത്തും അപ്രസക്തമാണ്.

ബിജെപി മുന്നോട്ടുവയ്ക്കുന്ന ഹിന്ദുത്വ ഫാസിസ്റ്റ് ആശയങ്ങളെ പ്രതിരോധിക്കാന്‍ സാധിക്കുന്ന ബദല്‍ ആശയം കൂടി പ്രതിപക്ഷ സഖ്യം ജനങ്ങള്‍ക്ക് മുന്നില്‍ വയ്ക്കേണ്ടതുണ്ട്. നിലവില്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യുപിഎ സഖ്യത്തിന് ഇത്തരത്തിലൊരു ബദല്‍ നിലപാട് മുന്നോട്ടുവയ്ക്കാന്‍ കഴിയുന്നുണ്ടോ? ഇല്ലായെന്ന് രാജ്യത്തെ ഭൂരിപക്ഷം പ്രതിപക്ഷ കക്ഷികളും ചിന്തിക്കുന്നതിനാലാണ് കോണ്‍ഗ്രസ് ഇല്ലാത്ത ബിജെപി വിരുദ്ധ പ്രതിപക്ഷ സഖ്യം എന്ന ആശയം ഗൗരവത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്. ഇത്തരത്തില്‍ രാജ്യത്തെ മുഴുവന്‍ പ്രതിപക്ഷ കക്ഷികളെയും ഒരുമിച്ച് നിര്‍ത്താന്‍ സാധിക്കുന്ന ഒരു ബദല്‍ ആശയസമീപനം റായ്പൂര്‍ പ്ലീനറി സമ്മേളനത്തിന് മുന്നോട്ടുവയ്ക്കാന്‍ സാധിച്ചോ? ബിജെപിയുടെ ഹിന്ദുത്വ ആശയത്തെ പ്രതിരോധിക്കാന്‍ ശേഷിയുള്ള, ആശയപരമായി രാജ്യം ആവശ്യപ്പെടുന്ന, ഒരു വിശാല മതേതര ജനാധിപത്യ ബദല്‍ കാഴ്ചപ്പാട് മുന്നോട്ടുവയ്ക്കാന്‍ കോണ്‍ഗ്രസിന്റെ റായ്പൂര്‍ പ്ലീനറി സമ്മേളനത്തിന് സാധിച്ചിട്ടില്ല എന്ന് തന്നെയാണ് ഉത്തരം. ബിജെപിയുടെ തീവ്രവലതുപക്ഷ കോര്‍പ്പറേറ്റ്് അനുകൂല സാമ്പത്തിക നയത്തെ നിരാകരിക്കുന്ന ഒരു ബദല്‍ സാമ്പത്തിക നയം മുന്നോട്ടുവയ്ക്കാനും കോണ്‍ഗ്രസിന് സാധിച്ചിട്ടില്ല. അതോടൊപ്പം കോണ്‍ഗ്രസിന്റെ അനുദിനം ദുര്‍ബലമാകുന്ന സംഘടനാശേഷിയെ തിരികെ പിടിക്കാനോ നെഹ്റൂവിയന്‍ സോഷ്യലിസത്തില്‍ അധിഷ്ഠിതമായ കാഴ്ചപ്പാടുകളെ നവീകരിക്കാനോ റായ്പൂര്‍ സമ്മേളനത്തിന് എന്ത് സംഭവനയാണ് നല്‍കാന്‍ സാധിച്ചത്? അതിന്റെ ഉത്തരവും നിരാശാജനകമാണ്.

ഈ നിലയില്‍ വിലയിരുത്തുമ്പോള്‍ അധികാരത്തില്‍ തിരിച്ചെത്താനുള്ള കുറുക്കുവഴികള്‍ തേടുക എന്ന കാഴ്ചപ്പാടിനാണ് കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തില്‍ പ്രാധാന്യം ലഭിച്ചത് എന്ന് വേണം കാണാന്‍. ബിജെപിയുടെ തീവ്രഹിന്ദുത്വക്കെതിരെ കോണ്‍ഗ്രസ് നേതൃത്വം സ്വീകരിക്കുന്ന മൃദുഹിന്ദുത്വ സമീപനം ഇതിനകം ചര്‍ച്ചയായി കഴിഞ്ഞതാണ്. ഇത്തരത്തില്‍ ഹിന്ദുത്വയുടെ തീവ്ര-മൃദു സമീപനങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലിന്റെ ദ്വന്ദമാണ് രാഷ്ട്രീയ-ആശയ പോരാട്ടത്തിന് പകരം പ്രതിഷ്ഠിക്കേണ്ടത് എന്ന് കരുതുന്ന ആളുകള്‍ കോണ്‍ഗ്രസിന്റെ നേതൃനിരയില്‍ കൂടിവരുന്നു എന്നത് സുവ്യക്തമാണ്. ഒരു തരത്തിലുള്ള പ്രത്യയശാസ്ത്ര ശങ്കയുമില്ലാതെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പോലും ബിജെപിയിലേക്ക് ചേക്കാറാന്‍ സാധിക്കുന്നതിന്റെ കാരണവും ലളിതമാണ്. രാഷ്ട്രീയ-പ്രത്യയശാസ്ത്ര അവബോധത്തിന് പകരം ഹിന്ദുത്വയുടെ തീവ്ര-മൃദു വികാരങ്ങളാണ് പ്രധാനം എന്ന് ചിന്തിക്കുന്നവരുടെ എണ്ണം കോണ്‍ഗ്രസില്‍ കൂടുന്നു എന്നത് തന്നെയാണ് ഇതിന്റെ കാരണം.

നിലവില്‍ പ്ലീനറി സമ്മേളനം സാമൂഹ്യനീതിയെന്ന വിശേഷണത്തോടെ പ്രഖ്യാപിച്ചിരിക്കുന്ന പലതിലും ഇത്തരത്തില്‍ ബിജെപി വിതച്ചിരിക്കുന്ന ജാതീയതയുടെ അടിസ്ഥാനത്തിലുള്ള, ഭിന്നിപ്പില്‍ അധിഷ്ഠിതമായ വോട്ടുബാങ്ക് രാഷ്ടീയത്തിന്റെ കൈയ്യടക്കം ഒളിഞ്ഞിരിപ്പുണ്ട്. ജാതി തിരിച്ചുള്ള സെന്‍സസ് നടപ്പിലാക്കും, ഒബിസി ക്ഷേമത്തിനായി പ്രത്യേക മന്ത്രാലയം രൂപീകരിക്കും തുടങ്ങിയ റായ്പൂര്‍ പ്ലീനറി പ്രഖ്യാപനങ്ങളുടെ ലക്ഷ്യം സുവ്യക്തമാണ്. മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനെ അടക്കം വോട്ടുബാങ്ക് രാഷ്ട്രീയത്തിന്റെ പേരില്‍ എതിര്‍ത്ത ചരിത്രമുള്ളവരാണ് കോണ്‍ഗ്രസ്. 2004 മുതല്‍ 2014വരെയുള്ള യുപിഎ സര്‍ക്കാരിന്റെ കാലത്ത് ഇത്തരം വിഷയങ്ങളില്‍ സ്വീകരിച്ച സമീപനങ്ങളും വിലയിരുത്തേണ്ടതുണ്ട്. ഇത്തരം വിഷയങ്ങള്‍ വിമര്‍ശനപരമായി വിലയിരുത്താതെ കോണ്‍ഗ്രസ് മുന്നോട്ടുവയ്ക്കുന്ന സാമൂഹ്യനീതിയുടെ ഉദ്ധരണിയിലുള്ള നിലപാടുകളുടെ ആത്മാര്‍ത്ഥ ചോദ്യചിഹ്നമാകുക തന്നെ ചെയ്യും.

അതോടൊപ്പം പ്രാധാന്യമുള്ള മറ്റൊരു ചോദ്യം കൂടി ഈ ഘട്ടത്തില്‍ പ്രസക്തമാണ്. റായ്പൂര്‍ പ്ലീനറി മുന്നോട്ടുവച്ച സാമൂഹ്യനീതിയുടെ പുതിയ മുദ്രാവാക്യങ്ങള്‍ കോണ്‍ഗ്രസ് ഭരണത്തിലിരിക്കുന്ന രാജസ്ഥാനിലോ ചത്തീസ്ഗഡിലോ നേരത്തെ ഭരണത്തിലിരുന്ന പഞ്ചാബിലോ പരീക്ഷണാടിസ്ഥാനത്തിലെങ്കിലും നടപ്പിലാക്കാന്‍ കോണ്‍ഗ്രസ് ചെറുവിരല്‍ അനക്കിയോ? എന്തായാലും സാമൂഹ്യനീതിയുടെ ഉദ്ധരണിയില്‍ അവതരിപ്പിച്ചിരിക്കുന്ന സമീപനങ്ങള്‍ തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയുള്ള ഗിമ്മിക്കുകളല്ല എന്ന് അടുത്തിടെ അധികാരം പിടിച്ച ഹിമാചല്‍ പ്രദേശിലെങ്കിലും തെളിയിക്കേണ്ട ബാധ്യത കോണ്‍ഗ്രസിനുണ്ട്. ഇപ്പോള്‍ കോണ്‍ഗ്രസ് മുന്നോട്ടുവച്ചിരിക്കുന്ന സാമൂഹ്യനീതിയുടെ നിലപാടുകള്‍ ഒബിസി-പിന്നാക്ക-ദളിത് സമവാക്യത്തിന് അത്രയൊന്നും രാഷ്ട്രീയ പ്രാധാന്യമില്ലാത്ത ഹിമാചലില്‍ എങ്ങനെ പ്രാവര്‍ത്തികമാക്കുമെന്ന് കണ്ടറിയേണ്ടതുണ്ട്. പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ ജനസംഖ്യയുടെ ഏതാണ്ട് 30%ത്തിലേറെ വരുന്ന ഹിമാചലില്‍ വോട്ടുബാങ്ക് രാഷ്ട്രീയത്തിന്റെ കര്‍ട്ടന് മുന്നില്‍ പക്ഷെ, മുന്നാക്കജാതി സമവാക്യത്തിനാണ് മുന്‍തൂക്കം. കോണ്‍ഗ്രസും ബിജെപിയും തെരഞ്ഞെടുപ്പ് വിജയത്തിന് ഉപയോഗിച്ചതും ഈ സമവാക്യമാണ്.

മൂന്നാം മുന്നണിക്ക് പകരം കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന ഏക പ്രതിപക്ഷ സഖ്യം എന്ന റായ്പൂര്‍ പ്ലീനറി തീരുമാനവും നിലവിലെ ഇന്ത്യന്‍ സാഹചര്യത്തില്‍ പ്രായോഗികമല്ല. ഏറ്റവും കൂടുതല്‍ ലോക്സഭാ സീറ്റുകളുള്ള വലിയ സംസ്ഥാനങ്ങളുടെ പട്ടിക പരിശോധിച്ചാല്‍ കോണ്‍ഗ്രസിന്റെ സംഘടനാ ശേഷിയും ശക്തിയും എത്രമാത്രം ദുര്‍ബലമാണെന്ന് വ്യക്തമാണ്. പ്രതിപക്ഷ നേതൃത്വത്തിന് അവകാശം ഉയര്‍ത്താനുള്ള ധാര്‍മ്മികമായ ശേഷി പോലും കോണ്‍ഗ്രസിന് ഇല്ലായെന്നത് വ്യക്തം.

80 ലോക്സഭാ സീറ്റുകളുള്ള ഉത്തര്‍പ്രദേശില്‍ 2019ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വിജയിക്കാന്‍ സാധിച്ചത് 1 മണ്ഡലത്തില്‍ മാത്രമായിരുന്നു. 6.36% വോട്ട് ഷെയര്‍ മാത്രം നേടാനാണ് കോണ്‍ഗ്രസിന് സാധിച്ചത്. ബിഎസ്പിയും എസ്പിയും രാഷ്ട്രീയലോക്ദളും ചേര്‍ന്നു മത്സരിച്ച മഹാഖഡ്ബന്ധന്് 15 സീറ്റും 39.23% വോട്ട്് ഷെയറും നേടാന്‍ സാധിച്ചിരുന്നു. ബി.ജെ.പി 62 സീറ്റും 49.98% വോട്ട്ഷെയറും ഈ തെരഞ്ഞെടുപ്പില്‍ നേടിയിരുന്നു. ഇതിന് ശേഷം 2022ല്‍ നടന്ന യുപി നിയമസഭാ തെരഞ്ഞെടുപ്പിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. കോണ്‍ഗ്രസിന്റെ നിയമസഭയിലെ അംഗബലം 2 എംഎ.എമാരിലേക്ക് ചുരുങ്ങി. വോട്ട്ഷെയര്‍ 2.33%മായി കുറഞ്ഞു. ബിജെപി 255 സീറ്റും 41.29% വോട്ട് ഷെയറുമായി അധികാരം നിലനിര്‍ത്തിയപ്പോള്‍ എസ്പി 111 സീറ്റും 32.06% വോട്ടുമായി ബിജെപിക്ക് കനത്ത വെല്ലുവിളി ഉയര്‍ത്തി.

48 ലോക്സഭാ സീറ്റുകളുള്ള മഹാരാഷ്ട്രയിലും കോണ്‍ഗ്രസിന് പ്രതിപക്ഷത്തിന്റെ നേതൃസ്ഥാനം അലങ്കരിക്കാനുള്ള ശേഷിയില്ല. ബിജെപിക്കും അവിഭക്ത ശിവസേനയ്ക്കും എന്‍സിപിക്കും പിന്നില്‍ 1 സീറ്റ് മാത്രമായിരുന്നു 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസിന്റെ സമ്പാദ്യം. 2019ലെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം രൂപം കൊണ്ട മഹാവികാസ് ആഘാഡിയിലും ഉദ്ദവ് വിഭാഗം ശിവസേനയ്ക്കും എന്‍സിപിയ്ക്കും പിന്നില്‍ നിന്ന് മാത്രമേ കോണ്‍ഗ്രസിന് അവകാശവാദം ഉന്നയിക്കാന്‍ സാധിക്കുകയുള്ളു. ഇവിടെ വേണമെങ്കില്‍ യുപിഎ എന്ന നിലയില്‍ രാഷ്ട്രീയ സഖ്യം ഉരുത്തിരിഞ്ഞ് വരാനുള്ള സാധ്യതയുണ്ട്. അപ്പോഴും ലോക്സഭാ സീറ്റുകളുടെ എണ്ണത്തില്‍ വല്യേട്ടനാകാനുള്ള കോണ്‍ഗ്രസിന്റെ നീക്കം അംഗീകരിക്കപ്പെടണമെന്നില്ല.

42 സീറ്റുള്ള പശ്ചിമ ബംഗാളിലും ഒട്ടും ശുഭകരമല്ല കോണ്‍ഗ്രസിന്റെ അവസ്ഥ. 2019ലെ ലോക്്സഭാ തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് 22 സീറ്റും 43.69% വോട്ട് ഷെയറും നേടിയപ്പോള്‍ ബിജെപി 18 സീറ്റുകളും 40.7% വോട്ട് ഷെയറുമാണ് സ്വന്തമാക്കിയത്. കോണ്‍ഗ്രസിന് നേടാനായത് 2 സീറ്റും 5.67% വോട്ട് ഷെയറും മാത്രമാണ്. ഇവിടെയും ബിജെപി വിരുദ്ധ ബദലിന്റെ മുന്നില്‍ നില്‍ക്കാനുള്ള ശേഷി കോണ്‍ഗ്രസിനില്ല.

40 ലോക്സഭാ സീറ്റുകളുള്ള ബിഹാറിലെ അവസ്ഥയും വിഭിന്നമല്ല. ബിജെപിയും ജെഡിയും സഖ്യത്തില്‍ മത്സരിച്ച 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇരുപാര്‍ട്ടികളും യഥാക്രമം 17ഉം 16ഉം സീറ്റുകള്‍ വീതം നേടിയിരുന്നു. മഹാഖഡ്ബന്ധന്‍ മുന്നണിയുടെ ഭാഗമായി മത്സരിച്ച ആര്‍ജെഡിയും കോണ്‍ഗ്രസും ബീഹാറില്‍ തോറ്റമ്പിയിരുന്നു. ആര്‍ജെഡിക്ക് ഓരൊറ്റ സീറ്റിലും വിജയിക്കാനായില്ല. കോണ്‍ഗ്രസ് 1 സീറ്റില്‍ വിജയം നേടിയിരുന്നു. പിന്നീട് 2020ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി ആര്‍ജെഡി തിരിച്ചുവരവ് നടത്തിയപ്പോള്‍ കോണ്‍ഗ്രസിന് മുന്‍തെരഞ്ഞെടുപ്പിനെക്കാള്‍ അംഗസംഖ്യ കുറഞ്ഞു. വീണ്ടും ആര്‍ജെഡിയും ജെഡിയുവും സഖ്യത്തിലായ സാഹചര്യത്തില്‍ വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ സഖ്യത്തില്‍ കോണ്‍ഗ്രസിന് പ്രധാന പരിഗണന ലഭിക്കാന്‍ സാധ്യതയില്ല.

210 ലോക്സഭാ അംഗങ്ങളെ തിരഞ്ഞെടുക്കുന്ന 4 സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ചിത്രത്തില്‍ കോണ്‍ഗ്രസിന്റെ സ്ഥാനം എവിടെയാണെന്ന് ഈ കണക്കുകള്‍ വ്യക്തത വരുത്തുന്നുണ്ട്. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് ഉണ്ടെന്നതാണ് പ്രതിപക്ഷ നേതൃപദവിക്കുള്ള മാനദണ്ഡമെന്നതാണ് വാദമെങ്കില്‍ അത് മറ്റുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് എത്രമാത്രം സ്വീകാര്യമാകും എന്നതും കോണ്‍ഗ്രസ് നേതൃത്വം പരിഗണിക്കേണ്ടതുണ്ട്. നിലവില്‍ ആര്‍ജെഡിയും എന്‍സിപിയും ഉദ്ദവ് താക്കറെ വിഭാഗം ശിവസേനയും കോണ്‍ഗ്രസുമായി സഹകരിക്കുമെന്ന് പ്രതീക്ഷിച്ചാലും മറ്റു പാര്‍ട്ടികളുടെ നിലപാട് നിര്‍ണ്ണായകമാണ്. ജെഡിയു നിലപാട് ആര്‍ജെഡിയുടെ നിലപാടിനെ സ്വാധീനിച്ചേക്കാം. പ്രധാനമന്ത്രി പദം ആഗ്രഹിക്കുന്ന നിതീഷ് കുമാര്‍ കോണ്‍ഗ്രസിനെ മുന്നില്‍ നിര്‍ത്തിയുള്ള പ്രതിപക്ഷ സഖ്യത്തിന് എത്രമാത്രം അനുകൂലമാകുമെന്ന് കാത്തിരുന്ന് കാണേണ്ടതുണ്ട്. പഴയ ജനതാപരിവാറിനെ തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി ഏകോപിക്കാനുള്ള ശ്രമങ്ങളും ഒരുപക്ഷെ, നിതീഷിന്റെ നേതൃത്വത്തില്‍ നടന്നേക്കാം എന്ന് സൂചനയുണ്ട്. സമാജ്വാദി പാര്‍ട്ടി, തൃണമൂല്‍ കോണ്‍ഗ്രസ് എന്നീ പ്രതിപക്ഷ പാര്‍ട്ടികള്‍ നിലവിലെ സാഹചര്യത്തില്‍ കോണ്‍ഗ്രസിന്റെ നേതൃത്വം ഏകപക്ഷീയമായി അംഗീകരിച്ചേക്കാന്‍ സാധ്യതയില്ല. പ്രതിപക്ഷ നിരയിലെ മറ്റുകക്ഷികളായ എഎപിയും ചന്ദ്രശേഖര്‍ റാവുവിന്റെ ഭാരത് രാഷ്ട്ര സമിതിയും നവീന്‍ പട്നായിക്കിന്റെ ബിജു ജനതാദളും കോണ്‍ഗ്രസിന്റെ നേതൃത്വം അംഗീകരിക്കാന്‍ സാധ്യതയില്ല.

ഇതെല്ലാം പരിഗണിക്കുമ്പോള്‍ ബിജെപി വിരുദ്ധ പ്രതിപക്ഷ ബദലിന്റെ നേതൃസ്ഥാനത്തിനായുള്ള റായ്പൂര്‍ പ്ലീനറി സമ്മേളനത്തിന്റെ അവകാശവാദം എത്രമാത്രം യുക്തിസഹമാണെന്ന് കോണ്‍ഗ്രസ് തിരിച്ചറിയേണ്ടതുണ്ട്. ബിജെപിയെ ആശയപരമായി പ്രതിരോധിക്കുന്ന പൊതുമിനിമം പരിപാടികള്‍ അംഗീകരിക്കുന്ന ഒരു പ്രതിപക്ഷ സഖ്യത്തിന് വേണ്ടി കോണ്‍ഗ്രസിതര പ്രതിപക്ഷം ഒന്നിച്ചാല്‍ മൂന്നാം ബദലായി മാറുക കോണ്‍ഗ്രസാവും. അങ്ങനെ വരുമ്പോള്‍ ബിജെപി വിരുദ്ധവോട്ടുകള്‍ ഭിന്നിപ്പിക്കാനുള്ള നീക്കത്തിന്റെ കേന്ദ്രസ്ഥാനത്ത് വരുന്നതും കോണ്‍ഗ്രസ് മാത്രമാവും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News