ഇരുപത് വര്‍ഷം മുമ്പ് ഇതേ ദിവസമാണ് ഗുജറാത്തിലെ തെരുവുകള്‍ മനുഷ്യ മന:സാക്ഷിയെ പിടിച്ചുകുലുക്കിയത്. മനുഷ്യരെ പച്ചക്ക് കത്തിച്ചും വെട്ടിയും കുത്തിയുമൊക്കെ കൊലപ്പെടുത്തിയ ഗുജറാത്ത് കലാപം. ആ കലാപത്തില്‍ കൊല്ലപ്പെട്ട കോണ്‍ഗ്രസ് നേതാവും പാര്‍ലമെന്റ് അംഗവുമായിരുന്നു ഇസ്ഹാന്‍ ജാഫ്രി. കോണ്‍ഗ്രസിന് വേണ്ടി ജീവിച്ച്, കോണ്‍ഗ്രസിന് വേണ്ടി രക്തസാക്ഷിയായ ഇസ്ഹാന്‍ ജാഫ്രിയെ ആര് ഓര്‍ത്തില്ലെങ്കിലും കോണ്‍ഗ്രസ് ഓര്‍ക്കണമായിരുന്നു. പക്ഷെ, കോണ്‍ഗ്രസ് മറന്നു. ദില്ലിയിലെ കോണ്‍ഗ്രസ് ആസ്ഥാനത്തോ രാജ്യത്താകെയുള്ള കോണ്‍ഗ്രസ് ഓഫീസുകളിലോ ഇസ്ഹാന്‍ ജാഫ്രിയുടെ രക്തസാക്ഷിത്വ ദിനത്തിന് യാതൊരു പരിഗണനയും ലഭിച്ചില്ല. കോണ്‍ഗ്രസിന്റെ സാമൂഹ്യ മാധ്യമ പേജുകളിലും ഇസ്ഹാന്‍ ജാഫ്രിയുടെ ഓര്‍മ്മകളില്ല. ഫെബ്രുവരി 28ന് മരിച്ച കോണ്‍ഗ്രസ് നേതാക്കളുടെ പേരും ചിത്രങ്ങളുമൊക്കെ പങ്കുവെച്ച കോണ്‍ഗ്രസ് ഇസ്ഹാന്‍ ജാഫ്രിയെ മറന്നുപോയി.
ബിബിസി ഡോക്യുമെന്ററി വിവാദമൊക്കെ ആളിക്കത്തുന്ന ഈ കാലത്ത് കോണ്‍ഗ്രസ് രാഷ്ട്രീയമായി കൂടി മറന്നുപോകാന്‍ പാടില്ലാത്ത ഒരു പേരുതന്നെയായിരുന്നു ജാഫ്രിയുടേത്. ഗുജറാത്ത് കലാപത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പങ്ക് വ്യക്തമാക്കുന്ന ഡോക്യുമെന്ററിക്ക് കേന്ദ്രസര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തി. അതിനെതിരെ പാര്‍ലമെന്റില്‍ വലിയ പ്രതിഷേധം ഉയര്‍ത്തുന്ന കോണ്‍ഗ്രസ് എന്തുകൊണ്ടാണ് ഇസ്ഹാന്‍ ജാഫ്രിയെ മറന്നുപോകുന്നത്?
ഗുജറാത്ത് കലാപത്തിനിടെ ഇസ്ഹാന്‍ ജാഫ്രി എങ്ങനെയാണ് കൊല്ലപ്പെട്ടതെന്ന് ബിബിസി ഡോക്യുമെന്ററി വളരെ വ്യക്തമായി പറയുന്നുണ്ട്. കലാപകാരികള്‍ ജാഫ്രി താമസിച്ചിരുന്ന ഗുള്‍ബര്‍ഗ് സെസൈറ്റിയിലെ വീട് വളഞ്ഞപ്പോള്‍ സഹായം ചോദിച്ച് ജാഫ്രി അന്നത്തെ മുഖ്യമന്ത്രി നരേന്ദ്ര മോദിയെ ഫോണില്‍ വിളിച്ചിരുന്നതായി സാക്ഷിമൊഴി ഉണ്ടായിരുന്നു. ആ ഫോണ്‍ സന്ദേശത്തിന് ശേഷം ജാഫ്രിയുടെ പ്രതീക്ഷകള്‍ അവസാനിച്ചതായും കലാപകാരികള്‍ക്ക് മുന്നിലേക്ക് ഇറങ്ങി നിങ്ങള്‍ക്ക് എന്നെയല്ലേ വേണ്ടത് കൊന്നോളൂ എന്ന് ജാഫ്രി ധൈര്യത്തോടെ പറഞ്ഞുവെന്നും ദൃക്സാക്ഷികള്‍ പറഞ്ഞിരുന്നു. നിമിഷനേരം കൊണ്ട് കലാപകാരികള്‍ ജാഫ്രിയെ വെട്ടിവീഴ്ത്തി. പിന്നീട് ഗുള്‍ബര്‍ സൊസൈറ്റിയില്‍ കൂട്ടക്കുരുതി തന്നെ നടത്തി. ജാഫ്രിയുടെ കൊലപാതകത്തില്‍ നീതി തേടി അദ്ദേഹത്തിന്റെ ഭാര്യ സാഖിയ ജാഫ്രി സുപ്രീംകോടതി വരെ വര്‍ഷങ്ങള്‍ നീണ്ട നിയമപോരാട്ടം നടത്തി. ജാഫ്രി സഹായം തേടി നരേന്ദ്ര മോദിയെ വിളിച്ചിരുന്നില്ലെന്ന് അന്വേഷണ ഏജന്‍സികള്‍ വിധിയെഴുതി. നരേന്ദ്ര മോദിക്ക് ക്ളീന്‍ ചിറ്റ് നല്‍കുന്നതായിരുന്നു പിന്നീട് വന്ന കോടതി വിധികളെല്ലാം. കാലം മാറി, അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി ഇന്നത്തെ പ്രധാനമന്ത്രിയാണ്.
വര്‍ഗീയതക്കെതിരെ രാഹുല്‍ ഗാന്ധി കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ നടന്ന് ഭാരത് ജോഡോ നടത്തി. സംഘപരിവാറിനെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസ് രാജ്യം മുഴുവന്‍ പ്രചരണം നടത്തുകയാണ്. അതിനിടയില്‍ ഗുജറാത്തില്‍ നടന്ന വംശഹത്യക്ക് ഇരയായ കോണ്‍ഗ്രസ് നേതാവിനെ കോണ്‍ഗ്രസുകാരെല്ലാം മറക്കുന്നത് ഗുരുതരമായ പിഴവാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here